ഭയപ്പെടേണ്ട,രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രം
- വാക്സിന്‍ സ്റ്റോക്ക് തീരുന്നതായി ചില സംസ്ഥാനങ്ങളുടെ പരാതി
- ആവശ്യത്തിന് അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം
- കോവിഡ് കുത്തിവെപ്പ് അതിവേഗമാക്കി ഇന്ത്യ
ന്യൂഡെല്‍ഹി: കോവിഡ് കേസുകളുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനയുണ്ടാകുന്നതിനിടെ കുത്തിവെപ്പിന് വേഗം കൂട്ടി കേന്ദ്ര സര്‍ക്കാര്‍. യുഎസിനെ മറികടന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിദിനം 30,93,861 വാക്സിന്‍ ഡോസുകളാണ് രാജ്യം നല്‍കുന്നത്. ബുധനാഴ്ച്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,15,736 പുതിയ കേസുകളാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അതേസമയം വാക്സിന്‍ ക്ഷാമം നേരിടുന്നതായി ചില സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചു.
രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമം ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. വാക്സിന്‍ ആവശ്യത്തിന് ലഭ്യമില്ലെന്ന് മഹാരാഷ്ട്രയും ആന്ധ്ര പ്രദേശുമാണ് അറിയിച്ചത്. ഇതിനോടുള്ള പ്രതികരണമെന്ന രീതിയിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ആവശ്യത്തിന് അസുസരിച്ച് വാക്സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
14 ലക്ഷം കോവിഡ് വാക്സിനുകള്‍ മാത്രമേ സംസ്ഥാനത്തുള്ളൂവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് മതിയാകുവുള്ളൂവെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഒരു സംസ്ഥാനത്തും വാക്സിന്‍ ക്ഷാമം ഇല്ലെന്നും വാക്സിന്‍ ലഭ്യമല്ലാത്ത അവസ്ഥ ഒരിക്കലും സംജാതമാകില്ലെന്നും ഹര്‍ഷ വര്‍ധന്‍ ഉറപ്പ് നല്‍കി.