ഇന്‍ഫോസിസിനോട് നിര്‍മല സീതാരാമന്‍ : ‘പുതിയ ഇ- ഫയലിംഗ് സംവിധാനത്തിലെ പരാതികള്‍ തീര്‍ക്കണം’
1 min readനേരത്തേ ജിഎസ്ടി നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ടുണ്ടായ വ്യാപകമായ തടസങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ന്യൂഡെല്‍ഹി: പുതിയ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ സേവന നിലവാരത്തില്‍ നികുതിദായകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്‍ഫോസിസ് ലിമിറ്റഡിനോടും അതിന്‍റെ സഹസ്ഥാപകനായ നന്ദന്‍ നിലേകനിയോടും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ഇന്‍ഫോസിസ് ആണ് പുതിയ പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്. തിങ്കളാഴ്ച പോര്‍ട്ടല്‍ ആരംഭിച്ചെങ്കിലും സൈറ്റിലെത്താന്‍ കഴിയുന്നില്ലെന്ന് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഇടപെടല്‍. സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കപ്പെടുന്ന ആവലാതികള്‍ താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
“ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇ-ഫയലിംഗ് പോര്‍ട്ടല്‍ 2.0 ഇന്നലെ രാത്രി 20: 45 മണിക്കൂറിന് സമാരംഭിച്ചു. എന്‍റെ ടൈംലൈനില്‍ ഇതു സംബന്ധിച്ച പല ആവലാതികളും ഞാന്‍ കാണുന്നു. സേവനത്തിന്‍റെ ഗുണനിലവാരത്തില്‍ നികുതിദായകരെ ഇന്‍ഫോസിസും നന്ദന്‍നിലേകനിയും നിരാശരാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നത് നമ്മുടെ മുന്‍ഗണനയായിരിക്കണം, ‘ നിര്‍മലാ സീതാരാമന്‍റെ എക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് ആദായനികുതി വകുപ്പ് റീട്വീറ്റ് ചെയ്തു.
നേരത്തേ ജിഎസ്ടി നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ടുണ്ടായ വ്യാപകമായ തടസങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഫീഡ്ബാക്കിന് മറുപടിയായി ധനമന്ത്രിയുടെ പെട്ടെന്നുള്ള ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ജിഎസ്ടി വരുമാനം പ്രോസസ്സ് ചെയ്യുന്ന ജിഎസ്ടിഎന്‍റെ ഐടി ഇന്‍ഫ്രാസ്ട്രക്ചറും കൈകാര്യം ചെയ്യുന്നത് ഇന്‍ഫോസിസ് ആയിരുന്നു.
ആദായനികുതി വകുപ്പ് നികുതിദായകര്‍ക്ക് മെച്ചപ്പെട്ടതും അവബോധജന്യവുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നതിന് ശ്രമിക്കുകയാണെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഉടന്‍ തന്നെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അഡ്മിനിസ്ട്രേഷന്‍റെ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്.
റീഫണ്ടുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി ടാക്സ് റിട്ടേണുകള്‍ ഉടനടി പ്രോസസ് ചെയ്യുന്നതും റിട്ടേണുകള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിനുള്ള ഒരു ഇന്‍ററാക്റ്റിവ് സോഫ്റ്റ്വെയറും ഉള്‍പ്പെടെ നികുതിദായകര്‍ക്കായു സൗഹാര്‍ദപരമായ നിരവധി ഫീച്ചറുകളാണ് പുതിയ പോര്‍ട്ടലില്‍ ഉള്ളത്. വരും ദിവസങ്ങളില്‍ വേഗത്തില്‍ ഇതിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് നികുതിദായകര്‍.