പെട്രോള്‍ സിവിടി ഓപ്ഷനില്‍ എംജി ഹെക്ടര്‍ സീരീസ്

ന്യൂഡെല്‍ഹി: സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ഇനി എംജി ഹെക്ടര്‍ എസ്‌യുവി ലഭിക്കും. 2021 എംജി ഹെക്ടര്‍ പെട്രോള്‍ സിവിടി വകഭേദം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2021 മോഡല്‍ എംജി ഹെക്ടര്‍, എംജി ഹെക്ടര്‍ പ്ലസ് മോഡലുകള്‍ ഈയിടെയാണ് പുറത്തിറക്കിയത്. ഈ പുതിയ പതിപ്പുകളാണ് പെട്രോള്‍ എന്‍ജിന്‍, 8 സ്പീഡ് സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) കൂട്ടുകെട്ടില്‍ ലഭിക്കുന്നത്. സിവിടി നല്‍കിയതോടെ ഡ്രൈവിംഗ് കൂടുതല്‍ എളുപ്പമാകും.
പെട്രോള്‍ എന്‍ജിന്‍, സിവിടി നല്‍കിയ എംജി ഹെക്ടര്‍ എസ്‌യുവിയുടെ സ്മാര്‍ട്ട് വേരിയന്റിന് 16.52 ലക്ഷം രൂപയും ഷാര്‍പ്പ് വേരിയന്റിന് 18.10 ലക്ഷം രൂപയുമാണ് വില. എംജി ഹെക്ടര്‍ പ്ലസ് എസ്‌യുവിയുടെ സ്മാര്‍ട്ട് വേരിയന്റിന് 17.22 ലക്ഷം രൂപയും ഷാര്‍പ്പ് വേരിയന്റിന് 18.90 ലക്ഷം രൂപയും വില നിശ്ചയിച്ചു. പെട്രോള്‍ എന്‍ജിന്‍, ഡിസിടി ഓട്ടോമാറ്റിക് (ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) കോമ്പിനേഷനിലും പുതിയ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് ലഭ്യമാണ്.
പെട്രോള്‍ എന്‍ജിന്‍, ഡിസിടി കോമ്പിനേഷന്‍ ലഭിച്ച എംജി ഹെക്ടര്‍, എംജി ഹെക്ടര്‍ പ്ലസ് വകഭേദങ്ങളുടെ അതേ വിലയാണ് പെട്രോള്‍, സിവിടി വേരിയന്റുകള്‍ക്ക് നിശ്ചയിച്ചത്. മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം, കൂടുതല്‍ ഇന്ധനക്ഷമത എന്നിവ നല്‍കുന്നതാണ് കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍. നഗരങ്ങളിലെ ഇഴഞ്ഞുനീങ്ങുന്ന ട്രാഫിക് സാഹചര്യങ്ങളില്‍ സിവിടി ഉപകാരപ്രദമായിരിക്കും. 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത് 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്.
പുതുതായി സിവിടി ഓപ്ഷന്‍ നല്‍കിയതൊഴിച്ചാല്‍, 2021 എംജി ഹെക്ടര്‍, 2021 എംജി ഹെക്ടര്‍ പ്ലസ് മോഡലുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്‌യുവി 500, ജീപ്പ് കോംപസ് ഫേസ്‌ലിഫ്റ്റ് എന്നിവയാണ് പുതിയ സിവിടി വേരിയന്റുകളുടെ എതിരാളികള്‍.