Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിരവധി പരിഷ്‌കാരങ്ങളോടെ പുതിയ ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്ക്

സ്‌റ്റൈലിംഗ് മാറ്റങ്ങള്‍, കാബിന്‍ പരിഷ്‌കാരങ്ങള്‍, കൂടുതല്‍ ടെക് എന്നിവയോടെയാണ് പരിഷ്‌കരിച്ച ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്ക് വരുന്നത്

ഇന്ത്യ എക്‌സ് ഷോറൂം വില 79.06 ലക്ഷം രൂപ മുതല്‍

ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 79.06 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. സ്‌റ്റൈലിംഗ് മാറ്റങ്ങള്‍, കാബിന്‍ പരിഷ്‌കാരങ്ങള്‍, കൂടുതല്‍ ടെക് എന്നിവയോടെയാണ് പരിഷ്‌കരിച്ച എസ്5 സ്‌പോര്‍ട്ട്ബാക്ക് വരുന്നത്. ടര്‍ബോ ബ്ലൂ, ഡേടോണ ഗ്രേ, ടാംഗോ റെഡ് ഉള്‍പ്പെടെ എട്ട് കളര്‍ ഓപ്ഷനുകളില്‍ ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്ക് ലഭിക്കും.

2017 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലില്‍നിന്ന് വ്യത്യസ്തമായി, മുന്നില്‍ പുതിയ ബംപര്‍, നവീകരിച്ച സിംഗിള്‍ ഫ്രെയിം ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പുതുതായി മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവയോടെ മുന്‍ഭാഗം പരിഷ്‌കരിച്ചു. പിറകില്‍, ടെയ്ല്‍ലാംപുകള്‍ പുതിയതാണ്. പിറകിലെ ബംപറില്‍ ചില സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ വരുത്തി. പുതുതായി 19 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്.

അകത്ത്, മൊത്തത്തിലുള്ള ലേഔട്ട്, ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ എന്നിവയില്‍ മാറ്റങ്ങളില്ല. നേരത്തെയുള്ള റോട്ടറി നിയന്ത്രിത എംഎംഐ ഡിസ്‌പ്ലേ ഒഴിവാക്കി പുതുതായി 10.1 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ നല്‍കി. സെന്റര്‍ കണ്‍സോളില്‍നിന്ന് റോട്ടറി കണ്‍ട്രോളര്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇതുതന്നെയാണ് ഏറ്റവും ശ്രദ്ധേയ വ്യത്യാസങ്ങള്‍. ഔഡിയുടെ 12.3 ഇഞ്ച് ‘വര്‍ച്ച്വല്‍ കോക്പിറ്റ്’ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ് ലഭിച്ചു.

അല്‍ക്കാന്ററ തുകല്‍ അപോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ്, മുന്‍ നിരയില്‍ പവേര്‍ഡ് സ്‌പോര്‍ട്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഓപ്ഷണല്‍ ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, 19 സ്പീക്കറുകള്‍ സഹിതം ബാംഗ് ആന്‍ഡ് ഒലുഫ്‌സെന്‍ ഓഡിയോ സിസ്റ്റം, പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റം എന്നിവയും ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്കിന് ലഭിച്ചു.

ചില അന്താരാഷ്ട്ര വിപണികളില്‍ 3.0 ലിറ്റര്‍, വി6 ഡീസല്‍ മോട്ടോര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യാ സ്‌പെക് 4 ഡോര്‍ കൂപ്പെയുടെ ഹൃദയം ഇപ്പോഴും 3.0 ലിറ്റര്‍, വി6, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 354 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. ഔഡിയുടെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമായ ‘ക്വാട്രോ’ നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 4.8 സെക്കന്‍ഡ് മതി. ഡാംപര്‍ കണ്‍ട്രോള്‍ ഓപ്ഷണല്‍ എക്‌സ്ട്രാ ആയി പുതിയ സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു.

Maintained By : Studio3