പുതിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ 2022 മുതല്‍
മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ്, എആര്‍ ഗ്ലാസുകള്‍, എആര്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ എന്നിവ യഥാക്രമം 2022, 2025, 2030 വര്‍ഷങ്ങളില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
കുപ്പെര്‍ട്ടിനൊ, കാലിഫോര്‍ണിയ: ആപ്പിള്‍ തങ്ങളുടെ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസുകള്‍, ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) കോണ്‍ടാക്റ്റ് ലെന്‍സുകള്‍ എന്നിവ യഥാക്രമം 2022, 2025, 2030 വര്‍ഷങ്ങളില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ എന്നിവ ആപ്പിളിന്റെ പദ്ധതികളാണെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാല്‍ ഓഗ്‌മെന്റഡ് റിയാലിറ്റി കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഇവയില്‍ പുതിയ ഉല്‍പ്പന്നമാണ്. മിംഗ് ചി കുവോയാണ് പുതിയ സംഭവവികാസങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
നൂതന ഓഗ്‌മെന്റഡ് റിയാലിറ്റി സമ്മാനിക്കുന്നതിന് പതിനഞ്ച് കാമറ മോഡ്യൂളുകള്‍ സഹിതം മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിപണിയിലെത്തുമെന്നാണ് കുവോ പറയുന്നത്. ഹെഡ്‌സെറ്റിന് വേണ്ട ഘടകങ്ങള്‍ വിതരണം ചെയ്യുന്നത് തായ്‌വാനീസ് കമ്പനി ആയിരിക്കും. ആപ്പിള്‍ ഡിവൈസുകള്‍ക്ക് കാമറ ലെന്‍സ് മോഡ്യൂളുകള്‍ കൈമാറുന്നതും ഇതേ കമ്പനിയാണ്. മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് സോണിയുടെ മൈക്രോ ഒഎല്‍ഇഡി ഡിസ്‌പ്ലേകള്‍ ഉപയോഗിക്കാനാണ് സാധ്യത. ഓപ്റ്റിക്കല്‍ മോഡ്യൂളുകളും ഉണ്ടായിരിക്കും. 2022 ല്‍ വിപണിയിലെത്തുമ്പോള്‍ ആയിരം യുഎസ് ഡോളര്‍ (ഏകദേശം 73,000 ഇന്ത്യന്‍ രൂപ) വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെഡ്‌സെറ്റിന് 100 മുതല്‍ 200 ഗ്രാം വരെ ഭാരമുണ്ടായേക്കും. കംപ്യൂട്ടിംഗ്, സ്റ്റോറേജ് ശേഷികള്‍ ഉണ്ടായിരിക്കും. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന വിആര്‍ ഉല്‍പ്പന്നങ്ങളേക്കാള്‍ വളരെ മികച്ച അനുഭവം നല്‍കുന്നതായിരിക്കും ഹെഡ്‌സെറ്റ്.
ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളുടെ കാര്യത്തില്‍, ഇതുവരെ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്) ഇല്ലെങ്കിലും 2025 ല്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബീല്‍ ഫോണിന് സമാനമായ ഉല്‍പ്പന്നമായിരിക്കും എആര്‍ ഗ്ലാസുകള്‍. ഓണ്‍ബോര്‍ഡ് കംപ്യൂട്ടിംഗ് ശേഷിയോ സ്‌റ്റോറേജ് സൗകര്യമോ ഇല്ലാതെയായിരിക്കും ഓഗ്മെന്റഡ് റിയാലിറ്റി കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വരുന്നത്. അതേസമയം, എആര്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉറപ്പായും വരുമെന്ന് പറയാനാകില്ലെന്നും പ്രവചന സ്വഭാവത്തോടെയുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ യാതൊരു വിവരവും പങ്കുവെച്ചിട്ടില്ല.