ആഗോള ഇടിവിനിടെ 2020-ല്‍ ഇന്ത്യയുടെ എഫ്ഡിഐ വളര്‍ച്ച 13 %
1 min readവികസ്വര സമ്പദ്വ്യവസ്ഥകളിലെ മൊത്തം ഇടിവ് 12 ശതമാനമാണ്
ന്യൂഡെല്‍ഹി: 2020-ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആഗോള തലത്തില്‍ വന്‍ ഇടിവ് പ്രകടമാക്കിയപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് 13 ശതമാനം വളര്‍ച്ച നേടി. 2019ലെ 1.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് ആഗോള തലത്തിലെ എഫ്ഡിഐ 2020ല്‍ 42 ശതമാനം ഇടിഞ്ഞ് 859 ബില്യണ്‍ ഡോളറില്‍ എത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യാപാര- വികസന സമ്മേളനം പുറത്തിറക്കിയ 38-ാമത് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രെന്‍ഡ്ഡ് മോണിറ്റര്‍) വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ എഫ്ഡിഐ-യെ നയിച്ചത്. എന്നാല്‍ റിലന്‍സ് ജിയോ- ഫേസ്ബുക്ക് പോലുള്ള ചില വമ്പന്‍ കരാറുകളാണ് ഇന്ത്യയുടെ മൊത്തത്തിലുള്ള എഫ്ഡിഐ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്.
2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രകടമായ തലത്തിനേക്കാള്‍ 30 ശതമാനത്തിലധികം താഴെയാണ് 2020-ലെ ആഗോള എഫ്ഡിഐ. അവസാനമായി 1990-കളില്‍ കണ്ട തലത്തിലേക്കാണ് ആഗോള തലത്തില്‍ എഫ്ഡിഐ 2020-ല്‍ തിരിച്ചുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസിത രാജ്യങ്ങളിലാണ് ഇടിവ് കേന്ദ്രീകരിച്ചത്. ഈ രാഷ്ട്രങ്ങളിലേക്കുള്ള എഫ്ഡിഐ പ്രവാഹം 69 ശതമാനം കുറഞ്ഞ് 229 ബില്യണ്‍ ഡോളറായി. യൂറോപ്പിലേക്കുള്ള ഒഴുക്ക് 4 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ ചുരുങ്ങി. അമേരിക്കയില്‍ (49 ശതമാനം) 134 ബില്യണ്‍ ഡോളര്‍ പുറത്തേക്കൊഴുക്കാണ് എഫ്ഡിഐ-യില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
വികസ്വര സമ്പദ്വ്യവസ്ഥകളിലെ മൊത്തം ഇടിവ് 12 ശതമാനമാണ്. 616 ബില്യണ്‍ ഡോളറിലേക്ക് കഴിഞ്ഞ വര്‍ഷം ഈ രാഷ്ട്രങ്ങളിലെ മൊത്തം എഫ്ഡിഐ നിക്ഷ്പം എത്തി. ആഗോള എഫ്ഡിഐയില്‍ വികസ്വര സമ്പദ്വ്യവസ്ഥയുടെ പങ്ക് 72 ശതമാനത്തിലെത്തി – ഇത് ഈ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പങ്ക്. ഏറ്റവും വലിയ എഫ്ഡിഐ സ്വീകര്‍ത്താക്കളുടെ റാങ്കിംഗില്‍ ചൈന ഒന്നാമതാണ്.
ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലും 37 ശതമാനം, ആഫ്രിക്കയില്‍ 18 ശതമാനം, ഏഷ്യയിലെ വികസ്വര രാജ്യങ്ങളില്‍ 4 ശതമാനം എന്നിങ്ങനെ വികസ്വര മേഖലകളില്‍ എഫ്ഡിഐ പ്രവാഹത്തിലുണ്ടായ ഇടിവ് വ്യത്യസ്ത സ്വഭാവത്തില്‍ ഉള്ളതായിരുന്നു. 2020 ല്‍ ആഗോള എഫ്ഡിഐയുടെ മൂന്നിലൊന്ന് കിഴക്കന്‍ ഏഷ്യയിലേക്കാണ് എത്തിയത്.
2021-ലും എഫ്ഡിഐ പ്രവണത ദുര്‍ബലമായിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2020 നാലാം പാദവും ഇടപാടുകളുടെ എണ്ണത്തിലെ മാന്ദ്യം പ്രകടമാക്കുന്നതായിരുന്നു. വ്യാവസായിക അന്തരീക്ഷം പൂര്‍വ സ്ഥിതിയിലെത്താന്‍ കൂടുതല്‍ സമയമെടുക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.