റിയാദിൽ ഡ്രൈവ്-ഇൻ സിനിമയുമായി മൂവി സിനിമാസ്
1 min readകോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് സാമൂഹിക അകല നിബന്ധനകൾ പാലിച്ച് കൊണ്ട് സ്വന്തം വണ്ടിയിലിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാനുള്ള പോപ്-അപ് തീയേറ്റർ സൌകര്യം മൂവി സിനിമാസ് അവതരിപ്പിച്ചിരിക്കുന്നത്
റിയാദ്: തദ്ദേശീയ തീയേറ്റർ ചെയിനായ മൂവി സിനിമാസിന്റെ പോപ്-അപ് സിനിമ തീയേറ്റർ റിയാദിൽ പ്രവർത്തനമാരംഭിച്ചു. 2018ൽ സൌദി അറേബ്യയിൽ സിനിമയ്ക്കുള്ള വിലക്ക് പിൻവലിക്കപ്പെട്ടതിന് ശേഷം ആദ്യമായി ആരംഭിക്കുന്ന ഡ്രൈവ്-ഇൻ തീയറ്ററാണ് മൂവി സിനിമാസിന്റെ പോപ്-അപ് തീയേറ്റർ.
സാമൂഹിക അകല നിബന്ധനകൾ പാലിച്ച് കൊണ്ട് പരമാവധി 150 വാഹനങ്ങളെയാണ് പോപ്-അപ് തീയേറ്ററിൽ ഉൾക്കൊള്ളാൻ കഴിയുകയെന്ന് സംഘാടകർ അറിയിച്ചു. കോവിഡ്-19 നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി കാണികൾ എല്ലാവരും മുഖാവരണം ധരിച്ച് മാത്രമേ സിനിമ കാണാൻ എത്താവൂ എന്നും താപനില പരിശോധിക്കണമെന്നും സംഘാടകർ വ്യക്തമാക്കി. ജീവനക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കുമെന്ന് മൂവിയുടെ മാർക്കറ്റിംഗ് ഡയറക്ടർ മഹ്മൂദ് മിർസ പറഞ്ഞു.
ഡ്രൈവ്-ഇൻ സിനിമ സങ്കൽപ്പം രാജ്യത്ത് വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് മൂവി സിനിമാസ്. നേരത്തെ ദുബായ്, ബെയ്റൂട്ട് അടക്കം പശ്ചിമേഷ്യയിലെ ചിലയിടങ്ങളിൽ ഡ്രൈവ്-ഇൻ സിനിമ എന്ന ആശയം പരീക്ഷിക്കപ്പെട്ടിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കി കൊണ്ട് വണ്ടിയിലിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാമെന്ന ഈ ആശയം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം കാലാവസ്ഥ അടക്കം നിരവധി ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ ഡ്രൈവ്-ഇൻ സിനിമ വിജയിക്കുകയുള്ളുവെന്ന് മിർസ പറഞ്ഞു. പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈവ് -ഇൻ സിനിമ പോലുള്ള പുത്തൻ അനുഭവങ്ങൾ ഇനിയും മൂവി പ്രേക്ഷകർക്കായി അവതരിപ്പിക്കുമെന്നും മിർസ കൂട്ടിച്ചേർത്തു.
ഈ വർഷം സൌദിയിൽ 15 പുതിയ സിനിമാസ് ആരംഭിക്കാനാണ് മൂവിയുടെ പദ്ധതി. നിലവിൽ മൂവിക്ക് 150 സ്ക്രീനുകളാണ് രാജ്യത്തുള്ളത്.