കോവിഡ്-19: റഷ്യൻ വാക്സിനായ സ്പുട്നികിന് യുഎഇയിൽ അനുമതി
1 min readഅടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് യുഎഇയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്
ദുബായ്: റഷ്യയുടെ കോവിഡ്-19 വാക്സിനായ സ്പുട്നിക് Vന് യുഎഇ ആരോഗ്യ മന്ത്രാലയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. കോവിഡ്-19 പ്രതിരോധത്തിന് യുഎഇയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. നേരത്തെ സിനോഫാം, ഫൈസർ ബയോടെക് എന്നീ വാക്സിനുകൾക്കും യുഎഇ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു.
കൊറോണ വൈറസിനെതിരെ ശരീരത്തിൽ ശക്തമായ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നതിൽ സ്പുട്നിക് ഫലപ്രദമാണെന്നും അന്താരാഷ്ട്ര നിലവാരവും സുരക്ഷയും വാക്സിൻ നിർമാണത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടെന്നും പഠനത്തിലൂടെ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് യുഎഇ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
റഷ്യൻ ആരോഗ്യ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെർമോളജി ആൻഡ് മൈക്രോബയോളജിയും ചേർന്നാണ് സ്പുട്നിക് V വികസിപ്പിച്ചത്. അഞ്ഞൂറോളം സന്നദ്ധ പ്രവർത്തകരിൽ അബുദാബി ആരോഗ്യ വകുപ്പാണ് വാക്സിൻ പരീക്ഷണം നടത്തിയിത്. മാർച്ച് അവസാനത്തോട് കൂടി മുൻഗണന വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വാക്സിനേഷൻ യജ്ഞം പൂർത്തിയാകുമെന്ന് ദുബായ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.