വര്‍ധിത കരുത്തുമായി 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി
ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 1,07,270 രൂപയും 1,10,320 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില
2020 മോഡലിനേക്കാള്‍ മോട്ടോര്‍സൈക്കിളിന്റെ ഭാരം ഇപ്പോള്‍ രണ്ട് കിലോഗ്രാം കുറഞ്ഞു. ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 147 കിലോഗ്രാം, ഡ്രം ബ്രേക്ക് വേരിയന്റിന് 145 കിലോഗ്രാം എന്നിങ്ങനെയാണ് പുതിയ ഭാരം. കാര്‍ബണ്‍ ഫൈബര്‍ പാറ്റേണ്‍ സഹിതം പുതുതായി ഡുവല്‍ ടോണ്‍ സീറ്റ് നല്‍കി.
അതേ 159.7 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് തുടര്‍ന്നും ഉപയോഗിക്കുന്നത്. എന്നാല്‍ കരുത്ത് 1.5 ബിഎച്ച്പി, ടോര്‍ക്ക് 0.6 എന്‍എം എന്നിങ്ങനെ വര്‍ധിച്ചു. ഇപ്പോള്‍ 9,250 ആര്‍പിഎമ്മില്‍ 17.4 ബിഎച്ച്പി കരുത്തും 7,250 ആര്‍പിഎമ്മില്‍ 14.73 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളാണ് ഇപ്പോള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.
മെച്ചപ്പെട്ട കരുത്ത്:ബോഡി അനുപാതം, വര്‍ധിത ടോര്‍ക്ക് എന്നിവയോടെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുമായാണ് 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി വരുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍സ് വിപണന വിഭാഗം മേധാവി മേഘശ്യാം ഡിഘോലെ പറഞ്ഞു.
ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നതിന് 2020 ഡിസംബറില്‍ പുറത്തിറക്കിയ മോട്ടോര്‍സൈക്കിളില്‍ ‘സ്മാര്‍ട്ട്കണക്റ്റ്’ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് ഇപ്പോള്‍ അവതരിപ്പിച്ച മോട്ടോര്‍സൈക്കിളില്‍ ഈ ഫീച്ചര്‍ ഇല്ല.