മൂഡിസിന്റെ വിലയിരുത്തല്‍ ഇന്ത്യന്‍ ബാങ്കുകളിലെ സമ്മര്‍ദിത ആസ്തി വളര്‍ച്ച കുറഞ്ഞ വേഗത്തില്‍
1 min read2021 സെപ്റ്റംബറോടെ മൊത്തം നിഷ്‌ക്രിയാസ്തി അനുപാതം 13.5 ശതമാനമായി ഉയരുമെന്ന് വിലയിരുത്തല്‍
ന്യൂഡെല്‍ഹി: ബാങ്ക് വായ്പക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പിന്തുണാ നടപടികളുടെ ഫലമായി രാജ്യതത്തെ നിഷ്‌ക്രിയ വായ്പകളുടെ (എന്‍പിഎല്‍) വളര്‍ച്ച കുറഞ്ഞ വേഗത്തിലാണെന്നും ഇത് ആസ്തി ഗുണനിലവാരം കുത്തനെ ഇടിയാനുള്ള സാധ്യത ഒഴിവാക്കിയെന്നും ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസിന്റെ വിലയിരുത്തല്‍. ”മതിയായ ആഭ്യന്തര പണലഭ്യത, അയഞ്ഞ ധന നയം, വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയങ്ങള്‍, ചെറുകിട ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന വായ്പകള്‍ എന്നിവ ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തി നിലവാരത്തെ പിന്തുണച്ചിട്ടുണ്ട്. തല്‍ഫലമായി, മഹാമാരിയുടെ തുടക്കത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ച തലത്തില്‍ പുനഃക്രമീകരിച്ച വായ്പകള്‍ വര്‍ധിച്ചിട്ടില്ല, ”മൂഡിസ് വൈസ് പ്രസിഡന്റും സീനിയര്‍ ക്രെഡിറ്റ് ഓഫീസറുമായ അല്‍ക അന്‍പരസ് പറഞ്ഞു.
അടിസ്ഥാനപരമായ സാഹചര്യത്തില്‍ ഇന്ത്യയിലെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2020 സെപ്റ്റംബറിലെ 7.5 ശതമാനത്തില്‍ നിന്ന് 2021 സെപ്റ്റംബറോടെ 13.5 ശതമാനമായി ഉയരുമെന്ന് ജനുവരിയില്‍ പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കടുത്ത സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഈ അനുപാതം 14.8 ശതമാനമായി ഉയരുമെന്നും മൂഡിസ് വിലയിരുത്തുന്നു.
സ്വകാര്യമേഖല ബാങ്കുകളിലെ എന്‍പിഎകളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നതിന് കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പിന്തുണാ നടപടികള്‍ പങ്കുവഹിച്ചു. ഇതിന്റെ കാലാവധി കഴിഞ്ഞാല്‍ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കല്‍ വായ്പക്കാരെ പിന്തുണയ്ക്കുമെന്ന് മൂഡീസ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.ബാങ്കുകള്‍ക്ക് അപ്രതീക്ഷിത നഷ്ടം ഉള്‍ക്കൊള്ളാന്‍ കഴിയും. അതേസമയം ശക്തമായ നിക്ഷേപ വളര്‍ച്ച പണമൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും ഫണ്ടിംഗ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ബാങ്കുകളുടെ ആസ്തി പ്രകടനം 2020 ഡിസംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ മൂഡിസ് പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. മറുവശത്ത്, 2020ല്‍ അധികൃതരുടെ പരിഹാര പ്രക്രിയകളിലൂടെ കടന്നുപോയ യെസ് ബാങ്ക് ലിമിറ്റഡ് മറ്റുള്ളവയെ അപേക്ഷിച്ച് വലിയ ആസ്തി അപകടങ്ങളെ അഭിമുഖീകരിക്കുന്നു. എന്നിരുന്നാലും ബാങ്കിന്റെ മൂലധനവല്‍ക്കരണം, പണമൊഴുക്ക്, ഫണ്ടിംഗ് എന്നിവ മെച്ചപ്പെട്ടിട്ടുണ്ടെന്നും മൂഡിസ് ചൂണ്ടിക്കാണിക്കുന്നു.