ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലെ കാമറകളിലൂടെ ഹൃദയമിടിപ്പ് നിരക്ക് അറിയാം
പുതിയ ഫീച്ചര്‍ ഈ മാസംതന്നെ പിക്‌സല്‍ ഫോണുകളില്‍ അവതരിപ്പിക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്
സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ ‘പിക്‌സല്‍’ ഫോണുകളിലെ ഗൂഗിള്‍ ഫിറ്റ് ആപ്പ് പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഇനി ഫോണിലെ കാമറകള്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസ നിരക്കും പരിശോധിക്കാനും അറിയാനും കഴിയും. പുതിയ ഫീച്ചര്‍ ഈ മാസംതന്നെ പിക്‌സല്‍ ഫോണുകളില്‍ അവതരിപ്പിക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്. ഭാവിയില്‍ മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളിലും നല്‍കാന്‍ ആലോചിക്കുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ കാമറയെ ആശ്രയിച്ചാണ് രണ്ട് ഫീച്ചറുകളും പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ നെഞ്ച് ഉയരുന്നതും താഴുന്നതും നോക്കിയാണ് ശ്വാസോച്ഛ്വാസ നിരക്ക് കണക്കാക്കുന്നത്. വിരല്‍ത്തുമ്പിലൂടെ രക്തം കടന്നുപോകുമ്പോഴുള്ള നിറ വ്യത്യാസം മനസിലാക്കി ഹൃദയമിടിപ്പ് എണ്ണും. ഉപയോക്താക്കളുടെ സ്വന്തം ആരോഗ്യസ്ഥിതി പരിശോധിക്കാനാണ് ഈ ഫീച്ചറുകള്‍ നല്‍കുന്നത്. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പകരമാവില്ല ഈ ഫീച്ചറുകള്‍.
ഗൂഗിള്‍ ഫിറ്റ് ആപ്പ് ഉപയോഗിച്ച് ഫോണിലെ മുന്‍ കാമറ സ്വന്തം തലയിലേക്കും നെഞ്ചിനുനേരെയും പിടിക്കുകയാണ് യൂസര്‍മാര്‍ ചെയ്യേണ്ടത്. ശ്വാസോച്ഛ്വാസ നിരക്ക് ഈ വിധം കണ്ടുപിടിക്കാന്‍ കഴിയും. ഹൃദയമിടിപ്പ് അളക്കുന്നതിന് സ്വന്തം വിരല്‍ പിറകിലെ കാമറയ്ക്കു മുകളില്‍ വെച്ചാല്‍ മതി.
ഹൃദയമിടിപ്പ് പരിശോധിക്കുന്നതിന് ഗാലക്‌സി എസ്10 ഉള്‍പ്പെടെ നിരവധി പഴയ മോഡല്‍ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ സമാന ഫീച്ചര്‍ സാംസംഗ് നേരത്തെ കൊണ്ടുവന്നിരുന്നു. എസ്10ഇ, എസ്20 മോഡലുകളിലും തുടര്‍ന്നുള്ള ഫോണുകളിലും ഈ ഫീച്ചര്‍ പിന്നീട് സാംസംഗ് ഒഴിവാക്കി.