മ്യാന്‍മാറില്‍ സൈനിക അട്ടിമറി; നേതാക്കള്‍ തടങ്കലില്‍
-
രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ
-
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചു
-
നഗരങ്ങള്‍ സേനാ നിയന്ത്രണത്തില്‍
-
അട്ടിമറി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൈന്യം നിരാകരിച്ചതിനെത്തുടര്‍ന്ന്
യാങ്കൂണ്‍: മ്യാന്‍മാറില്‍ ഒരു അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തു. സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചി, പ്രസിഡന്റ് യു വിന്‍ മൈന്റ്, ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ സൈന്യം തടങ്കലിലാക്കിയിട്ടുണ്ട്. 2020ല്‍ രാജ്യത്ത് നടന്ന പൊതു തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരും സൈന്യവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു. അഞ്ച് പതിറ്റാണ്ടോളം രാജ്യം ഭരിച്ച സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കഴിഞ്ഞ നവംബറില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ആരോപണവുമായി രംഗത്തുവന്നു. ഇത് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കാന്‍ കാരണമായി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ സൈന്യം വിസമ്മതിക്കുകയും ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് അട്ടിമറി ഉണ്ടായത്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം തന്നെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഫസ്റ്റ് വൈസ് പ്രസിഡന്റ് യു മൈന്റ് സ്വെ ഒപ്പിട്ട പ്രഖ്യാപനത്തില്‍ അധികാരം പ്രതിരോധ സേനാ മേധാവി മിന്‍ ആംഗ് ലെയ്ങിന് (സിഡിഎസ്) കൈമാറും. എല്ലാവിവരങ്ങളും സൈനിക ഉടമസ്ഥതയിലുള്ള മ്യവാഡി ടിവിയിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. മ്യാന്‍മാറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ദേശീയ ഉപദേഷ്ടാവിനെയും പ്രസിഡന്റിനെയും സൈന്യം തടങ്കലിലാക്കിയതായി എന്‍എല്‍ഡിയുടെ വക്താവ് മയോ ന്യുന്ത് പ്രതികരിച്ചിട്ടുണ്ട്. ധനമന്ത്രി യു സോ സോ ന്യൂന്ത് ലവിന്‍, എന്‍എല്‍ഡി ചെയര്‍മാന്‍ തൗങ് തെയ്, പാര്‍ലമെന്റിന്റെ ചില എന്‍എല്‍ഡി പ്രതിനിധികള്‍ എന്നിവരെല്ലാം തടവിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റേഡിയോ ആന്റ് ടെലിവിഷനും (എംആര്‍ടിവി) പ്രവര്‍ത്തനം നിര്‍ത്തിയതായി ചാനല്‍ സോഷ്യല്‍ മീഡിയ പേജില്‍ അറിയിച്ചു. തലസ്ഥാന നഗരമായ നെയ് പി തോവിലെയും മറ്റ് പ്രമുഖ നഗരങ്ങളിലെയും വാര്‍ത്താവിനിമയ, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. പല പ്രദേശങ്ങളിലും മന്ത്രിമാരുടെ വസതികളിലേക്ക്് എത്തിയ സൈന്യം അവരെ കൊണ്ടുപോയതായി കുടുംബാംഗങ്ങളും പറയുന്നു. ചുരുക്കത്തില്‍ രാജ്യത്തെ ഭരണകക്ഷിയുടെ പ്രധാന നേതാക്കളെല്ലാം തന്നെ സൈന്യത്തിന്റെ പിടിയിലായി.
നവംബര്‍ 8 ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ എന്‍എല്‍ഡി പാര്‍ലമെന്റില്‍ 83ശതമാനം സീറ്റുകളും നേടിയിരുന്നു. തുടര്‍ന്ന് പ്രസിഡന്റിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ സൈന്യം സുപ്രീം കോടതിയില്‍ പരാതി നല്‍കി. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചതിനെത്തുര്‍ന്ന് രാജ്യത്ത് സൈനിക അട്ടിമറിയെക്കുറിച്ചുള്ള ഭയം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ സമ്മേളനം മാറ്റിവെക്കണമെന്നും സൈന്യം ആവശ്യപ്പെട്ടിരുന്നു.
സൈന്യത്തിന് വ്യക്തമായ അധികാരവും സ്വാധീനവും നല്‍കുന്ന രീതിയിലാണ് മ്യാന്‍മാറിലെ ഭരണഘടന. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ ഇക്കാര്യത്തില്‍ ഭരണഘടാ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്റ് വിന്‍ മിന്റ് അടക്കമുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം മ്യാന്‍മാറിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് നിരവധി രാജ്യങ്ങള്‍ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്. സമീപകാല തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ മാറ്റം വരുത്താനോ മ്യാന്‍മറിന്റെ ജനാധിപത്യ പരിവര്‍ത്തനത്തെ തടസപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. സൈന്യത്തിന്റെ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിനേരിടേണ്ടിവരുമെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി പ്രസ്താവനയില്‍ പറഞ്ഞു. സൈന്യം വീണ്ടും രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഓസ്ട്രേലിയയും വ്യക്തമാക്കി. നിയമവാഴ്ചയെ മാനിക്കാനും നിയമപരമായ സംവിധാനങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. തടങ്കലിലാക്കിയ എല്ലാ സിവിലിയന്‍ നേതാക്കളെയും മറ്റുള്ളവരെയും ഉടന്‍ മോചിപ്പിക്കണമെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.