മാരുതി സുസുകി ഡ്രൈവിംഗ് പഠിപ്പിച്ചത് 15 ലക്ഷത്തോളം പേരെ
നിലവില്‍ രാജ്യത്തെ 238 നഗരങ്ങളിലായി 492 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നത്
ന്യൂഡെല്‍ഹി: ഇതുവരെ 15 ലക്ഷത്തിലധികം പേരെ സുരക്ഷിത ഡ്രൈവിംഗ് പരിശീലിപ്പിച്ചതായി മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂള്‍ (എംഎസ്ഡിഎസ്) പ്രഖ്യാപിച്ചു. നിരത്തുകളിലും ക്ലാസ് മുറികളിലുമായി വിദഗ്ധരാണ് എംഎസ്ഡിഎസ് കേന്ദ്രങ്ങളിലെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിരത്തുകളിലെ പെരുമാറ്റം, പ്രതിരോധാത്മക ഡ്രൈവിംഗ്, നിരത്തുകളിലെ ദീനാനുകമ്പ, ട്രാഫിക് നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് അപേക്ഷകരെ പരിശീലിപ്പിക്കുന്നത്. ഓരോരുത്തരെയും കണ്ടറിഞ്ഞുള്ള പരിശീലനമാണ് മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂള്‍ നടപ്പാക്കുന്നത്.
രാജ്യത്തെ പൗരന്‍മാര്‍ക്ക് മികച്ച രീതിയില്‍ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനാണ് എംഎസ്ഡിഎസ് ആരംഭിച്ചതെന്ന് മാരുതി സുസുകി ഇന്ത്യ വിപണന വില്‍പ്പന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ശൃംഖലയായി എംഎസ്ഡിഎസ് ഇതിനകം വളര്‍ന്നു. നിലവില്‍ രാജ്യത്തെ 238 നഗരങ്ങളിലായി 492 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നത്. എംഎസ്ഡിഎസ് ശൃംഖലയില്‍ 1,400 ഓളം വിദഗ്ധ പരിശീലകര്‍ ജോലി ചെയ്യുന്നു.
നിരത്തുകളില്‍ സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവുമായി പെരുമാറേണ്ടവിധമാണ് പകര്‍ന്നുനല്‍കുന്നത്. സുരക്ഷിതമായ ഡ്രൈവിംഗ് കഴിവുകളും വാഹന പരിപാലനം സംബന്ധിച്ച മുഴുവന്‍ അടിസ്ഥാന പാഠങ്ങളും പഠിപ്പിക്കും. മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂള്‍ ശൃംഖലയിലൂടെ പതിനഞ്ച് ലക്ഷത്തിലധികം പേരെ സുരക്ഷിത ഡ്രൈവിംഗ് പരിശീലിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
കൂടുതല്‍ ഓണ്‍ റോഡ് പരിശീലനം ആവശ്യമുള്ളവര്‍ക്കായി കഴിഞ്ഞ വര്‍ഷം പുതിയ കോഴ്‌സുകള്‍ ആരംഭിച്ചിരുന്നു. ലൈസന്‍സ് എടുക്കുന്നതിനും കാര്‍ സ്വന്തമാക്കുന്നതിനും ഉള്‍പ്പെടെയുള്ള മറ്റ് സഹായങ്ങളും മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂളിന്റെ ഭാഗത്തുനിന്ന് ലഭിക്കും. ഡിജിറ്റൈസേഷന്റെ ഭാഗമായി മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂളിന് മൊബീല്‍ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവ ആരംഭിച്ചിരുന്നു. വീട്ടിലിരുന്ന് തിയറി ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വെബ്‌സൈറ്റില്‍ അവസരമൊരുക്കാന്‍ എംഎസ്ഡിഎസ് ആലോചിക്കുന്നു. ആര്‍ടിഒകള്‍, ട്രാഫിക് പൊലീസ്, വിവിധ എന്‍ജിഒകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയുമായും മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.