September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎഇ സമ്പദ് വ്യവസ്ഥ  ശക്തമായ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്

1 min read

2020 രണ്ടാംപകുതിയോടെ തന്നെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച ശുഭ സൂചനകള്‍ യുഎഇയില്‍ കണ്ടുതുടങ്ങിയിരുന്നു

ദുബായ്: 2020 പകുതിയോടെ തന്നെ കോവിഡ്-19ന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറിത്തുടങ്ങിയ ലോകത്തിലെ ആദ്യ രാജ്യങ്ങളില്‍ ഒന്നായ യുഎഇ ഈ വര്‍ഷം മികച്ച സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. അറബ് വാര്‍ത്ത ഏജന്‍സികളുടെ സംഘടനയുമായി ചേര്‍ന്ന് യുഎഇയുടെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുഎഇ പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ മറികടക്കുന്നതില്‍ സവിശേഷമായ കഴിവ് പ്രകടിപ്പിച്ചുവെന്നാണ് പറയുന്നത്. 2020 രണ്ടാംപകുതിയോടെ തന്നെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച സൂചനകള്‍ യുഎഇ കാണിച്ച് തുടങ്ങിയിരുന്നതായി യുഎഇ ക്വേന്ദ്രബാങ്കും അവകാശപ്പെട്ടു. കോവിഡ് ഇക്കോണമിക് റിക്കവറി ഇന്‍ഡക്‌സില്‍ അറബ് മേഖലയില്‍ ഒന്നാംസ്ഥാനത്താണ് യുഎഇ.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മൂഡീസ് യുഎഇ സര്‍ക്കാരിന് Aa2 ക്രെഡിറ്റ് റേറ്റിംഗ് നല്‍കിയിരുന്നു. മേഖലയിലെ ഏറ്റവും ഉയര്‍ന്ന സോവറീന്‍ റേറ്റിംഗ് ആണത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സ്റ്റേബിള്‍ ഔട്ട്‌ലുക്കാണ് മൂഡീസ് യുഎഇക്ക് നല്‍കിയത്. രാജ്യത്തെ സാമ്പത്തിക, ധനകാര്യ വീക്ഷണങ്ങളുടെയും നയങ്ങളുടെയും വിജയത്തിനും സാമ്പത്തിക, ധനകാര്യ, വായ്പ മേഖലകളിലെ ശക്തിക്കും സ്ഥിരതയ്ക്കുമുള്ള അംഗീകാരമാണിതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫിച്ച് റേറ്റിംഗ്‌സും യുഎഇ സര്‍ക്കാരിന് AA- ക്രെഡിറ്റ് റേറ്റിംഗ് നല്‍കിയിരുന്നു. യുഎഇയിലെ ഉയര്‍ന്ന ആളോഹരി മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും ആഭ്യന്തരമായ സ്ഥിരതയും ശക്തവും വ്യാപിച്ച് കിടക്കുന്നതുമായ അന്താരാഷ്ട്ര ബന്ധങ്ങളും രാജ്യത്തിന്റെ വായ്പാ ശേഷിക്ക് മുതല്‍ക്കൂട്ടാണെന്ന് റിപ്പോര്‍ട്ടില് ഫിച്ച് റേറ്റിംഗ്‌സ് വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും അടിസ്ഥാന സൗകര്യ മേഖലയിലെ ചിലവിടല്‍ ശക്തമാക്കാനും സ്വകാര്യ മേഖല നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുന്നതിനാല്‍ ഈ വര്‍ഷം ശക്തമായ ജിഡിപി വളര്‍ച്ചയാണ് യുഎഇ കേന്ദ്രബാങ്ക് കണക്കുകൂട്ടുന്നത്. 2020ലെ 6.3 ശതമാനം സാമ്പത്തിക ഞെരുക്കത്തിനും ഈ വര്‍ഷത്തെ ഒരു ശതമാനം സാമ്പത്തിക വളര്‍ച്ചയ്ക്കും ശേഷം 414 ബില്യണ്‍ ഡോളര്‍ വലുപ്പമുള്ള യുഎഇ സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം 2.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. 2.3 ശതമാനം വളര്‍ച്ചയോടെ ഈ വര്‍ഷം യുഎഇ സമ്പദ് വ്യവസ്ഥ മിതമായ രീതിയിലുള്ള സാമ്പത്തിക വീണ്ടെടുപ്പ് നടത്തുമെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റെര്‍നാഷണല്‍ ഫിനാന്‍സ് പ്രതീക്ഷിക്കുന്നത്. 2020ല്‍ യുഎഇ 5.,7 ശതമാനം സാമ്പത്തിക ഞെരുക്കം നേരിട്ടിരിക്കാമെന്നും സംഘടന പറയുന്നുണ്ട്. അടുത്ത വര്‍ഷം 3 ശതമാനവും 2023ല്‍ 3.4 ശതമാനവും 2024ല്‍ 3.5 ശതമാനവും സാമ്പത്തിക വളര്‍ച്ചയാണ് യുഎഇക്ക് ഈ സംഘടന കണക്കുകൂട്ടുുന്നത്.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

പകര്‍ച്ചവ്യാധി മൂലമുള്ള അസാധാരണ സാഹചര്യങ്ങള്‍ക്കിടയിലും അന്താരാഷട്ര വ്യാപാരത്തിലുള്ള വളര്‍ച്ചയും യാത്രാ നിരോധനങ്ങളിലെ ഇളവുകളും കടപ്പത്രങ്ങളുടെയും സൂകൂകുകളുടെയും പുറത്തിറക്കലും മൂലധന വിപണികളിലെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതും ചിലവിടല്‍ സാധാരണ നിലയിലേക്ക് എത്തിയതും പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും ദേശീയ തൊഴില്‍ അനുപാതം 1.7 ശതമാനമായി കൂടിയതും സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചനകളാണ് നല്‍കുന്നതെന്ന് യുഎഇ കേന്ദ്രബാങ്ക് പറഞ്ഞു.

യുഎഇയിലെ എണ്ണ, വാതക മേഖലകളിലും കഴിഞ്ഞ വര്‍ഷം നിരവധി നല്ല സൂചനകള്‍ പ്രകടമായിരുന്നു. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്)യുടെ പ്രവര്‍ത്തന വിജയമായിരുന്നു ഇതില്‍ മുഖ്യം. അബുദാബിയിലെ സീഹ് അല്‍ സെദ്‌രിയയ്ക്കും ജാബെല്‍ ആലിക്കുമിടയിലുള്ള മേഖലയില്‍ പുതിയ പ്രകൃതി വാതകപ്പാടം കണ്ടെത്താനായതടക്കം നിരവധി നേട്ടങ്ങളാണ് കഴിഞ്ഞ വര്‍ഷം അഡ്‌നോക് സ്വന്തമാക്കിയത്. ഏതാണ്ട് 80 ട്രില്യണ്‍ ഘനയടി മീറ്റര്‍ പ്രകൃതി വാതകം ഇവിടെയുണ്ടെന്നാണ് സൂചന. ഇതുകൂടാതെ അബുദാബിയില്‍ 220 ബില്യണ്‍ സ്റ്റോക്ക് ടാങ്ക് ബാരല്‍(എസ്ടിബി) പാരമ്പര്യേതരവും വീണ്ടെടുക്കാനാകുന്നതുമായ ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയതായി സുപ്രീം പെട്രോളിയം കൗണ്‍സിലും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പാരമ്പര്യേതര എണ്ണ ശേഖരത്തില്‍ രണ്ട് ബില്യണ്‍ എസ്ടിബി കൂടി കൂട്ടിച്ചേര്‍ത്തതായും ഇതോടെ യുഎഇയുടെ മൊത്തം പാരമ്പര്യേതര എണ്ണ ശേഖരം 107 ബില്യണ്‍ എസ്ടിബി ആയെന്നും സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

62 ബില്യണ്‍ ദിര്‍ഹത്തിന്റെ വിദേശ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം അഡ്‌നോക് യുഎഇയിലേക്ക് ആകര്‍ഷിച്ചത്. 2016ന് ശേഷം ആകെ 237 ബില്യണ്‍ ദിര്‍ഹത്തിന്റെ വിദേശ നിക്ഷേപം അഡ്‌നോക് വഴി യുഎഇയില്‍ എത്തിയിട്ടുണ്ട്. 2020ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 1.03 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണ-ഇതര വിദേശ വ്യാപാരമാണ് യുഎഇ നടത്തിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മൊത്തം ഇടപാടുകളുടെ മൂല്യം 275 ബില്യണ്‍ ദിര്‍ഹമാണ്.. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയും നേട്ടമുണ്ടാക്കി. 2020ല്‍ 18.50 ബില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. വെല്ലുവിളി നിറഞ്ഞ ഒരു വര്‍ഷത്തിന് ശേഷം വ്യോമയാന മേഖലയുടെ തിരിച്ചുവരവിനായി ദുബായ് രാജ്യാന്തര വിമാനത്താവളം കാര്യക്ഷമമായ പല നടപടികളും സ്വീകരിച്ചു. 25.9 ദശലക്ഷം യാത്രികരാണ് കഴിഞ്ഞ വര്‍ഷം യുഎഇ വിമാനത്താവളങ്ങളില്‍ എത്തിയത്.

Maintained By : Studio3