കൊച്ചിയില്‍ മാരുതി സുസുകി കാര്‍ ലീസിംഗ്
1 min read24, 36, 48 മാസങ്ങളുടെ പാട്ടക്കാലാവധി ഓപ്ഷനുകളില്‍ ‘മാരുതി സുസുകി സബ്‌സ്‌ക്രൈബ്’ പദ്ധതി കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു
കൊച്ചി: പ്രതിമാസ വാടക വ്യവസ്ഥയില്‍ കാറുകള്‍ ലഭ്യമാക്കുന്ന കാര്‍ ലീസിംഗ് പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി. 24, 36, 48 മാസങ്ങളുടെ പാട്ടക്കാലാവധി ഓപ്ഷനുകളില്‍ ‘മാരുതി സുസുകി സബ്‌സ്‌ക്രൈബ്’ പദ്ധതി കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. കൊച്ചിയില്‍ 48 മാസത്തെ കാലയളവിന് വാഗണ്‍ആര്‍ മോഡലിന് 12,513 രൂപയും ഇഗ്‌നിസ് കാറിന് 13,324 രൂപയുമാണ് മാസ വരിസംഖ്യ (നികുതികള്‍ ഉള്‍പ്പെടെ) നല്‍കേണ്ടത്. മാരുതി സുസുകി തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാമിനായി സോസിറ്റെ ജനറാലെ ഗ്രൂപ്പിന്റെ ഓപ്പറേഷണല്‍ ലീസിംഗ് ആന്‍ഡ് ഫഌറ്റ് മാനേജ്‌മെന്റ് ബിസിനസ് വിഭാഗമായ എഎല്‍ഡി ഓട്ടോമോട്ടിവ് ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
മാരുതി സുസുകി സബ്‌സ്‌ക്രൈബ് പദ്ധതി പ്രകാരം ഡെല്‍ഹിഎന്‍സിആര്‍, ബെംഗളൂരു, ഹൈദരാബാദ്, പുണെ, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലും കാറുകള്‍ ലഭിക്കും. അരീന മോഡലുകളായ വാഗണ്‍ആര്‍, സ്വിഫ്റ്റ് ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ എന്നിവ കൂടാതെ നെക്‌സ മോഡലുകളായ ഇഗ്‌നിസ്, ബലേനോ, സിയാസ്, എക്‌സ്എല്‍ 6, എസ് ക്രോസ് കാറുുകളും തെരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിമീ എന്നീ മൈലേജ് ഓപ്ഷനുകളിലും 12, 24, 36, 48 മാസ കാലാവധികളിലും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ലഭ്യമാണ്.
സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ഇപ്പോള്‍ കൊച്ചിയിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് മാരുതി സുസുകി ഇന്ത്യ വിപണന, വില്‍പ്പനകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഉടമസ്ഥാവകാശം സ്വന്തമാക്കാതെ പുതുപുത്തന്‍ കാര്‍ ഉപയോഗിക്കാനാണ് അവസരം ലഭിക്കുന്നത്. പരിപാലനം, 24 മണിക്കൂര്‍ പാതയോര സഹായം (ആര്‍എസ്എ), ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പ്രതിമാസ ഫീസ്.
സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിക്കു ശേഷം കാലാവധി നീട്ടുക, മറ്റൊരു വാഹനം തിരഞ്ഞെടുക്കുക, വിപണി വിലയില്‍ വാഹനം സ്വന്തമാക്കുക എന്നീ ഓപ്ഷനുകള്‍ ലഭ്യമാണ്.