ഓര്‍ഡറുകള്‍ പെട്ടന്ന് കൈകാര്യം ചെയ്യാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എഐ സംവിധാനമൊരുക്കി മജീദ് അല്‍ ഫുട്ടൈം
1 min readഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ സമയം പകുതിയാക്കി കുറയ്ക്കുന്ന മൈക്രോ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കാരിഫോര്‍ സ്‌റ്റോറുകളില്‍ അവതരിപ്പിക്കും
ദുബായ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മാള്‍ നടത്തിപ്പുകാരായ മജീദ് അല്‍ ഫുട്ടൈം സൂപ്പര്‍മാര്‍ക്കറ്റുകളുടെ സാങ്കേതിക നിലവാരം ഉയര്‍ത്തുന്നു. വില്‍പ്പന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ വളരെ പെട്ടന്ന് കൈകാര്യം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും മറ്റ് ആധുനിക സാങ്കേതിക വിദ്യകളും വ്യാപകമായി ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഇബിന്‍ ബാട്ടൂട്ട മാളിലെ കാരിഫോര്‍ സ്‌റ്റോറില്‍ മജീദ് അല്‍ ഫുട്ടൈം ഈ ആഴ്ച പുതിയ മൈക്രോ ഫുള്‍ഫില്‍മെന്റ് സെന്റര്‍ അവതരിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്ന സമയം പകുതയാക്കി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഫുള്‍ഫില്‍മെന്റ് സെന്റര്‍ ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വര്‍ഷം ആദ്യ പകുതിയോടെ മറ്റ് സ്‌റ്റോറുകളിലും ഇത്തരം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
ടെയ്ക്ഓഫുമായുള്ള പങ്കാളിത്തത്തിലൂടെ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ ഏറ്റവും പെട്ടന്ന്, പിശകുകള്‍ ഇല്ലാതെ സാധ്യമാക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ സ്റ്റോര്‍ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളെ സേവിക്കുന്നതിനായി കൂടുതല്‍ സമയം ലഭിക്കുമെന്നും മജീദ് അല്‍ ഫുട്ടൈം റീറ്റെയ്ല്‍ ചീഫ് എക്‌സിക്യുട്ടീവ് ഹനി വീസ് പറഞ്ഞു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സഞ്ചാര വിലക്കുകള്‍ ആരംഭിച്ചതിന് ശേഷം മാജിദ് അല്‍ ഫുട്ടൈം സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2020ല്‍ കാരിഫോറിലെ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ 200 ശതമാനം വര്‍ധനയാണ് ഉണ്ടായത്. അതേസമയം പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം കഴിഞ്ഞ വര്‍ഷം 19 ശതമാനം ഇടിഞ്ഞിരുന്നു.പതിനേഴ് രാജ്യങ്ങളിലായി 350 കാരിഫോര്‍ സ്‌റ്റോറുകളാണ് മജീദ് അല്‍ ഫുട്ടൈമിനുള്ളത്.