വൈറസ് വ്യാപനം തടയുന്നതിനുള്ള പരിഹാരം ലോക്ക്ഡൗണ്‍: സ്റ്റാലിന്‍
ചെന്നൈ: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള ഏകപരിഹാരം ലോക്ക്ഡൗണാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുത്തുന്നത് മുമ്പ് സംസ്ഥാനത്ത് നല്ല ഫലങ്ങള്‍ നല്‍കിയിരുന്നു. എന്നിരുന്നാലും, കോവിഡ് നിയന്ത്രണങ്ങള്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ സാമ്പത്തികമായി സ്വാധീനിച്ചു. അതിനാല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള തീരുമാനം നാട്ടിലെ പൗരന്മാരുടെ കൈകളിലാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഫലം കണ്ടുതുടങ്ങിയതായും ചെന്നൈ കോര്‍പ്പറേഷന്‍റെയും കോയമ്പത്തൂരിലെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്റ്റാലിന്‍ വ്യക്തമാക്കി.
ലോക്ക്ഡൗണിനുമുമ്പ് ചെന്നൈയില്‍ ഒരിദിവസം ഏഴായിരം കോവിഡ് പുതിയകേസുകള്‍ കണ്ടെത്തിയിരുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയതുമുതല്‍ അത് രണ്ടായിരമായി താഴ്ന്നിട്ടുണ്ട്. കോയമ്പത്തൂരിലെയും ഈറോഡ്, തിരുപ്പൂര്‍ ജില്ലകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്‍റെ മറ്റ് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെയും കേസുകള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ സര്‍ക്കാരുമായി സഹകരിക്കേണ്ടതുണ്ട്. പലചരക്ക്, പച്ചക്കറി, പാല്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വാതില്‍പ്പടിയില്‍ നല്‍കാനുള്ള എല്ലാ ക്രമീകരണങ്ങളും അധികൃതര്‍ നടത്തിയിട്ടുണ്ട്. റേഷന്‍ ഷോപ്പുകളും തുറക്കുന്നു,സംസ്ഥാനത്തെ കാര്‍ഡ് ഉടമകള്‍ക്കായി കോവിഡ് ലൈഫ് കിറ്റുകളും നല്‍കും’ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പെട്ടെന്നുള്ള നടപടികളാണ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തുന്നത്. സംസ്ഥാനത്ത് പ്രതിദിനം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് ലഭിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഞങ്ങള്‍ ദിവസവും 1.75 ലക്ഷം ടെസ്റ്റുകളും നടത്തുന്നുണ്ട്. കോയമ്പത്തൂരിലെ ഇ.എസ്.ഐ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്കുള്ള സന്ദര്‍ശനം സമ്മിള്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ഒരു വിഭാഗം അതിനെ സ്വാഗതം ചെയ്തപ്പോള്‍ ഏതാനും വിഭാഗം ആളുകള്‍ വിമര്‍ശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഈ പകര്‍ച്ചവ്യാധി അവസാനിച്ചതിനുശേഷം തമിഴ്നാട്ടിലെ ജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.