Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായ്പ; സ്ത്രീകളുടേത് മികച്ച തിരിച്ചടവ് ചരിത്രം

1 min read

റീട്ടെയില്‍ വായ്പയില്‍ 28 ശതമാനം സ്ത്രീകളുടേത്

വായ്പ എടുക്കുന്ന വനിതകളുടെ എണ്ണത്തില്‍ 21% വളര്‍ച്ച

മുംബൈ: ചെറുകിട വായ്പ എടുത്തിട്ടുള്ള സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ 47 ദശലക്ഷത്തിനു മുകളിലെത്തി. രാജ്യത്തെ റീട്ടെയില്‍ വായ്പയുടെ 28 ശതമാനത്തോളം വരുമിതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 2014 ലെ 23 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, വനിതാ വായ്പക്കാരുടെ വിഹിതം സെപ്റ്റംബര്‍ 2020ല്‍ 28 ശതമാനമായി ഉയര്‍ന്നു.

വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം കഴിഞ്ഞ ആറു വര്‍ഷക്കാലത്ത് 21 ശതമാനം വാര്‍ഷികവളര്‍ച്ച നേടിയിട്ടുണ്ടെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹര്‍ഷല ചന്ദ്രോര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ഇതേ കാലയളവില്‍ പുരുഷന്മാരായ വായ്പക്കാരുടെ പ്രതിവര്‍ഷ വളര്‍ച്ച 16 തമാനത്തോളമാണ്. സ്ത്രീകളുടെ ശരാശരി സിബില്‍ സ്കോര്‍ (719) പുരുഷന്മാരുടേതിനേക്കാള്‍ (709)മെച്ചപ്പെട്ട താണെന്നു മാത്രമല്ല, മികച്ച തിരിച്ചടവു ചരിത്രവുമാണ് അവര്‍ക്കുള്ളതെന്നുംചന്ദ്രോര്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളില്‍ 61 ശതമാനത്തിലധികം പേരുടെ ക്രെഡിറ്റ് സ്കോര്‍ 720-ന് മുകളിലാണ്. പുരുഷന്മാരുടെ കാര്യത്തിലിത് 56 ശതമാനമാണ്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

വനിതകള്‍ക്ക് അനുവദിച്ചിട്ടുള്ള വായ്പത്തുക 15.1 ലക്ഷം കോടി രൂപയാണ്. ആറുവര്‍ഷക്കാലത്ത് വായ്പത്തുകയിലുണ്ടായ പ്രതിവര്‍ഷ വളര്‍ച്ച 12 ശതമാനമാണെന്ന് സിബില്‍ റിപ്പോര്‍ട്ട് പറയുന്നു.

വ്യക്തിഗത വായ്പയകളും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളുമാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ എടുക്കുന്നത്. വായ്പകളെക്കുറിച്ചുള്ള വനിതകളുടെ അവബോധവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് ചന്ദ്രോര്‍ക്കര്‍ പറഞ്ഞു.

Maintained By : Studio3