February 29, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സമയം അതിക്രമിച്ചു; പരിഷ്കാരിയാകാതെ കോണ്‍ഗ്രസ്

1 min read

ബംഗാളില്‍ നടന്നതുപോലെ ബിജെപിയിലേക്ക് നേതാക്കളുടെ കടന്നുകയറ്റം തുടങ്ങി. എന്നാല്‍ ഇത് പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ല.

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിളര്‍ന്നാല്‍ ബിജെപിയുടെ ശക്തി ക്ഷയിക്കുമോ? അങ്ങനെയും സംഭവിക്കാമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാവവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ നടപടിയിലൂടെ പ്രസാദ സ്വയം രക്ഷിക്കാനായി കോണ്‍ഗ്രസ് വിട്ടുപോരാനുള്ള സന്ദേശമാണ് മറ്റുള്ളവര്‍ക്കുമുന്നില്‍ വെച്ചത്. മുമ്പ് ജ്യോതിരാദിത്യ സിന്ധ്യ സ്വീകരിച്ച വഴിയിലേക്കാണ് പ്രസാദ നടന്നുകയറിയത്. സിന്ധ്യ ഒരുവര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ടത്. ഇരുവരും അപവാദങ്ങളൊന്നുമില്ലാതെ മാന്യരായാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതും ബിജെപിയിലേക്ക് ചേക്കേറിയതും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കുള്ള വഴി അവര്‍ കാണിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹിന്ദുത്വത്തെക്കുറിച്ച് വ്യക്തമായി പറയാന്‍ ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശം അവസരമൊരുക്കും. എന്നാല്‍ അവര്‍ അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് നടപടിയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഹിന്ദു ദേശീയതയുമായി മിന്നിത്തിളങ്ങുന്നത് ബിജെപിയെ ശക്തിപ്പെടുത്താനാകും ഉപകരിക്കുക എന്നൊരു വശംകൂടി ഇതിനുണ്ട്.

ബംഗാളില്‍ ബിജെപിയിലിലേക്ക് തൃണമൂലില്‍നിന്ന് ഒരു കടന്നുകയറ്റം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നിരുന്നു. ഇത് ബിജെപിയുടെ പരാജയത്തിന് പ്രധാനകാരണങ്ങളിലൊന്നായി മാറി. തങ്ങളുടെ എതിരാളികള്‍ സ്വന്തം പാര്‍ട്ടിയില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ നേതാക്കളായി പിന്നെ സ്ഥാനാര്‍ത്ഥികളുമായി. ചുരുക്കംപറഞ്ഞാല്‍ എതിര്‍ക്കപ്പെടേണ്ടവര്‍ സ്വന്തം സ്ഥാനാര്‍ത്ഥികളായി മാറി. ഇത് സാധാരണ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കാം. അങ്ങനെ പടികടന്നുവന്ന നിരവധി നേതാക്കള്‍ യാതൊരു ചലനവും ഉണ്ടാക്കാതെ പരാജയപ്പെട്ടപ്പോള്‍ നഷ്ടം ബിജെപിക്കായിരുന്നു. ഒറിജിനല്‍ നില്‍ക്കുമ്പോള്‍ ഡ്യൂപ്ലിക്കേറ്റ് നേതാക്കള്‍ക്ക് എന്തിന് വോട്ടുചെയ്യണം എന്ന ചിന്തയും ബംഗാളില്‍ ഉണ്ടായിക്കാണും. അതേ തന്ത്രം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബപിജെപിക്കെതിരെ മറ്റു പാര്‍ട്ടികള്‍ പുറത്തെടുക്കാന്‍ സാധ്യതയുണ്ട്.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പിളര്‍ന്നോ,ഉപേക്ഷിച്ചോ നിരവധി നേതാക്കള്‍ ബപിജെപിയിലെത്തിയാല്‍ , അവര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വീണ്ടും പരാജയത്തിന്‍റെ രുചിഅറിയും. ബിജെപിയില്‍നിന്ന് അണികള്‍ പ്രതീക്ഷിക്കുന്നത് ഷര്‍ട്ടുമാറിവന്ന മറ്റുപാര്‍ട്ടിനേതാക്കളെയല്ല് എന്ന യാഥാര്‍ത്ഥ്യം അമിത്ഷായും കൂട്ടരും ഇനിയും മനസിലേക്കണ്ടിയിരിക്കുന്നു. ഇതിന് ചുരുക്കം ചില അപവാദങ്ങള്‍ മാത്രമാണ് രാജ്യത്ത് ഉള്ളത്. ഭുരിപക്ഷവും പരാജയപ്പെട്ടുകഴിഞ്ഞാല്‍ പഴയലാവണത്തിലേക്ക് മടങ്ങിയെത്തുന്നവരുമാണ്. ബംഗാളില്‍ മുകുള്‍ റോയ് ഇതിനുദാഹരണമാണ്. അദ്ദേഹം വിജയിച്ചിട്ടും സ്വന്തം പാര്‍ട്ടിയിലേക്ക് മടങ്ങി.

അടുത്തവര്‍ഷം തുടക്കത്തില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അപ്പോള്‍ ഇത് പാര്‍ട്ടി മാറലിന്‍റെ കാലംകൂടി ആവുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ പരിഗണന ലഭിക്കാത്തവരാകും ഇങ്ങനെ സ്വന്തം പ്രത്യയശാസ്ത്രം ഒറ്റ രാത്രികൊണ്ട് മറന്ന് പുതിയവ പഠിച്ചെടുത്ത് കൂടുമാറ്റം നടത്തുന്നത്. കൂടാതെ വിവിധ പാര്‍ട്ടികളിലെ സ്വാധീനം കുറഞ്ഞ നേതാക്കള്‍ ഒരു പാര്‍ട്ടിക്കുവേണ്ടി കളത്തിലിറങ്ങുമ്പോള്‍ അവരുടെ സ്വത്വ പ്രതിന്ധിക്ക് വരെ അത് കാരണമാകാം. ബിജെ പി ഈ അവസരത്തില്‍ സ്വന്തം നിലപാടുകള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. ഒപ്പം കോണ്‍ഗ്രസും. രാഷ്ട്രീയ നിലപാട് കെട്ടിപ്പടുക്കാനുള്ള പഴയ വഴികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കേണ്ടതുണ്ട്.

ഹിന്ദുത്വവും ദേശീയതയും എല്ലായ്പ്പോഴും യാഥാസ്ഥിതിക സമൂഹത്തില്‍ ഏതൊരു ശക്തിയെക്കാളും മുകളിലാണ്. അതുവഴിയാണ് ബിജെപി കടന്നുവന്നത്. മന്ദിര്‍ പ്രസ്ഥാനത്തിലൂടെ അത് ദേശീയ പാര്‍ട്ടിയുമായി. ഇതൊന്നും ഏതാനും ദിവസങ്ങള്‍കൊണ്ട് സംഭവിച്ചതല്ല. കൃതൃമായ പദ്ധതികളും കഠിനപ്രയത്നങ്ങളും ഇതിനുപിന്നിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ തയ്യാറാവുന്നില്ല. അവര്‍ പ്രസ്താവനകളുടെയും ചര്‍ച്ചകളുടെയും ആരോപണങ്ങളുടെയും ലോകത്തിലൂടെ മാത്രം മുന്നേറുകയാണ്. മികച്ച സമരമോ, സാമൂഹ്യ പ്രസക്തിയുള്ള കാര്യങ്ങളിലുള്ള ശക്തമായ ഇടപെടലുകളോ പാര്‍ട്ടി നടത്തിയിട്ട് കാലങ്ങളായി. എന്തിനേറെ പറയുന്നു, പാര്‍ട്ടി സംവിധാനം ഇന്നും ഒരു കുടുംബത്തിനു കീഴിലാണ്. നിലവിലുള്ള മികച്ച നേതാക്കള്‍ എല്ലാം ഗാന്ധികുടുംബത്തിനു പുറത്തുള്ളവരുമാണ്. അവര്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുകയും പ്രസ്ഥാനത്തെ നയിക്കുകയും ചെയ്താല്‍ അതാകും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുക. ഈ തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ടെങ്കിലും മാറ്റത്തിന് ഇന്നും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മുത്തശ്ശി പാര്‍ട്ടി മുതുമുത്തശ്ശിയാകുന്നതിനുമുമ്പ് ചികിത്സ വേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണ്.

ബിജെപി വന്നവഴി തീവ്രഹിന്ദുത്വമായിരുന്നുവെങ്കിലും ഇന്ന് നിലപാടുകള്‍ നേര്‍പ്പിച്ചുകഴിഞ്ഞു. മോദിയുടെ കീഴിലുള്ള പാര്‍ട്ടി ഇപ്പോള്‍ ജനകീയമായി. വികസന നിലപാടുകള്‍, വിദേശ ബന്ധങ്ങള്‍, ഏതുപ്രതിസന്ധിയിലും തീരുമാനമെടുക്കാനുള്ള കഴിവ്, പരിഷ്ക്കാരങ്ങള്‍, ജനങ്ങളുമായി സംവദിക്കാനുള്ള അസാമാന്യ പാടവം ഇതെല്ലാം മോദിയെ വ്യത്യസ്തനാക്കുന്നു. ഇവിടെ ഇതിനെതിരെ പോരാടിനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ഉടച്ചുവാര്‍ക്കപ്പെടണം. എങ്കിലും പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍, ബിജെപിയുടെ ഹിന്ദുത്വ പ്രേരിത അജണ്ടയില്‍ ഒരു സിന്ധ്യയോ പ്രസാദയോ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ല.

ഹിന്ദുത്വവുമായി പൂര്‍ണമായും ബന്ധപ്പെട്ടിരിക്കുന്ന ഒരു കക്ഷി മാത്രമേയുള്ളൂ, അതായത് ബിജെപി. ഇപ്പോള്‍ ശിവസേനപോലും അധികാരത്തോടുള്ള പ്രായോഗിക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനു വിപരീതമായി, ഹിന്ദുത്വവുമായി സൈന്‍ അപ്പ് ചെയ്യാത്ത 50-ഓളം പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസിന് വിരലിലെണ്ണാവുന്ന എംപിമാര്‍ മാത്രമേ ഉണ്ടാകൂവെങ്കിലും ബിജെപിയെ മാറ്റിനിര്‍ത്തിയാല്‍, പല സംസ്ഥാനങ്ങളിലും ഗണ്യമായ വോട്ടര്‍മാരുള്ള ഒരേയൊരു പാര്‍ട്ടിയാണിത്.
ഇന്ന് കോണ്‍ഗ്രസ് രാജ്യമെമ്പാടും വ്യാപിച്ചിട്ടുണ്ടെങ്കിലും അധികാരത്തിന്‍റെ വലിയൊരു കൂടാരമല്ല. കാരണം കോണ്‍ഗ്രസിന്‍റെ വിലപേശലിന് വ്യക്തതയില്ല, അല്ലെങ്കില്‍ വ്യാപ്തി കുറവാണ്.പ്രധാനമായും തീവ്ര ഹിന്ദുത്വത്തിന്‍റെ വശം മോഡറേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയാറുമില്ല. രാജീവ് ഗാന്ധി കാലഘട്ടത്തില്‍ അംഗീകരിക്കപ്പെട്ടതും നരസിംഹറാവുവിന്‍റെ കാലത്ത് ശക്തിയാര്‍ജിച്ചതുമായ ശീലങ്ങള്‍ ആദ്യം ഉപേക്ഷിക്കേണ്ടതുണ്ട്.രണ്ടാമതായി, പുതിയ ശക്തമായ പദാവലിയിലും പ്രചാരണത്തിലും ഇന്ത്യയുടെ ബഹു-സാംസ്കാരികതയെ കോണ്‍ഗ്രസ് ആക്രമണാത്മകമായി അവതരിപ്പിക്കേണ്ടതുണ്ട്. മതേതരത്വം ‘രോഗാവസ്ഥ’ ആയിത്തീര്‍ന്നിരിക്കാം, എന്നാല്‍ മതങ്ങളിലുടനീളമുള്ള സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും പാഠങ്ങള്‍ വ്യത്യസ്തമായ ഒരു ഭാഷയില്‍ അവതരിപ്പിക്കുകയും അത് ഇന്ത്യയുടെ നിലനില്‍പ്പിന് ആവശ്യമായ ശക്തിയായി ഉയര്‍ത്തുകയും വേണം. അവസാനമായി, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഗ്രൂപ്പിസം മനസ്സിനെ തളര്‍ത്തുന്ന ശ്രദ്ധയായി അംഗീകരിക്കണം.

സമയം കഴിഞ്ഞു. ഒരു പുതിയ ദേശീയത സജീവമായി രൂപകല്‍പ്പന ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ദന്തഗോപുരങ്ങള്‍ ഉപേക്ഷിച്ച് സമൂഹമനസില്‍ ഇടം കണ്ടെത്താനായില്ലെങ്കില്‍ പാര്‍ട്ടിയുടെ പതനം മൂന്നാഘട്ടം ഇവിടെ ആരംഭിക്കും. കഴിവുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരവും അതിനനുസരിച്ചുള്ള സ്ഥാനവും നല്‍കി പാര്‍ട്ടി മുന്നോട്ടുപോകേണ്ട കാലം അതിക്രമിച്ചു. എല്ലാവരെയും തൃപ്തിപ്പെടുത്തി തെരഞ്ഞെടുപ്പ് കാലത്ത് മണ്ണില്‍ കാലുകുത്തിയാല്‍ ജനം ഒരുപക്ഷെ പാര്‍ട്ടിയെ തിരിച്ചറിഞ്ഞില്ലെന്നുവരും.

അടുത്തവര്‍ഷം തുടക്കത്തില്‍ത്തന്നെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍ കൂടാതെ വര്‍ഷാവസാനം ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഈ സാഹചര്യത്തിലെങ്കിലും കോണ്‍ഗ്രസ് സ്വയം തിരിച്ചറിയുകയും ആവശ്യമായ മാറ്റങ്ങള്‍ സ്വീകരിക്കുകയും വേണം. മികച്ച നേതൃത്വം ഉണ്ടാകണം. മറിച്ചായാല്‍ പാര്‍ട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകാനെ വഴിയുള്ളു. പാര്‍ട്ടിവിട്ടുപോകുന്ന സടകൊഴിഞ്ഞ നേതാക്കളെ ഓര്‍ത്ത് കാലം കഴിക്കുകയോ മറുപക്ഷത്തുനുന്നും ആരെയെങ്കിലും സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാനോ പാര്‍ട്ടി ശ്രമിക്കേണ്ടതില്ല. നിലവില്‍ നിരവധി കഴിവുറ്റ നേതാക്കള്‍ പാര്‍ട്ടിക്കുണ്ട്. എന്നാല്‍ എല്ലാവരെയും ഒരുമയോടെ കൊണ്ടുപോകുന്നിടത്ത് പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. ഇതെല്ലാം മറികടക്കാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി കോണ്‍ഗ്രസിനുമുന്നിലുള്ളത്. എല്ലാ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കരുത്തിനോടാണ് ഏറ്റുമുട്ടേണ്ടത്. രണ്ടുലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കിപ്പുറം വീണ്ടും പരാജയങ്ങളുടെ നിര പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്താന്‍ മാത്രമാകും ഉപകരിക്കുക.

Maintained By : Studio3