കെഎസ്ഡിപി പുതിയ പ്ലാന്റ് പൂര്‍ത്തീകരണത്തിലേക്ക്
1 min readഇപ്പോള്‍ കമ്പനി 8കോടിയോളം രൂപ ലാഭത്തിലെത്തിയിട്ടുണ്ട്
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസമായി കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള കേരളാ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കലിന്റെ (കെഎസ്ഡിപി) പുതിയ പ്ലാന്റ് പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണ്. മരുന്ന് നിര്‍മ്മാണത്തിനുള്ള അസപ്റ്റിക്ക് ബ്ലോ ഫില്‍ സീല്‍ യന്ത്രങ്ങള്‍ എത്തി. മണിക്കൂറില്‍ 2000 കുപ്പി മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ യന്ത്രം സംസ്ഥാനത്തെ ഏക പൊതുമേഖലാ മരുന്ന് നിര്‍മ്മാണ സ്ഥാപനമായ കെഎസ്ഡിപിയുടെ കുതിപ്പിന് വേഗം പകരും. ആലപ്പുഴ കലവൂര്‍ ആസ്ഥാനമായാണ് കെഎസ്ഡിപി പ്രവര്‍ത്തിക്കുന്നത്.
15 കോടി ചെലവിലാണ് യന്ത്രം എത്തിച്ചിരിക്കുന്നത്. ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ മരുന്നുകളും ഗ്ലൂക്കോസും നിര്‍മ്മിക്കാനുള്ള റൊമലാഗ് യന്ത്രമാണിത്. മരുന്നുകളും ബോട്ടിലുകളും (പൊളിത്തീന്‍ കുപ്പി) നിര്‍മിക്കുന്നതും മരുന്ന് നിറച്ച് ലേബല്‍ പതിക്കുന്നതും ഉള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തനവും യന്ത്രം നിര്‍വഹിക്കും. ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. പ്രധാന ഫോര്‍മുലേഷന്‍ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പുതുക്കിപ്പണിതാണ് ഇഞ്ചക്ഷന്‍ മരുന്ന് നിര്‍മാണത്തിന് പ്ലാന്റ് സജ്ജമാക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് കെഎസ്ഡിപിയിലെ നവീകരണത്തിന് തുടക്കം കുറിച്ചത്. മൂന്ന് ഘട്ടമായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി അന്ന് ബീറ്റാലാക്ടം പ്ലാന്റ് നിര്‍മ്മിച്ചു. എന്നാല്‍ നിലവിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ കമ്പനിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
ഈ സര്‍ക്കാര്‍ വന്ന ഉടനെതന്നെ രണ്ടാംഘട്ട പ്രവര്‍ത്തനമായി നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് സ്ഥാപിച്ചു. വൈവിധ്യവല്‍ക്കരണവും സാധ്യമാക്കി. കമ്പനി നഷ്ടത്തില്‍ നിന്ന് കരകയറി ലാഭത്തിലേക്ക് ചുവടുവെച്ചു. ഇപ്പോള്‍ 8കോടിയോളം രൂപ ലാഭത്തിലെത്തി.
ചരിത്രത്തിലാദ്യമായി 100 കോടിക്ക് മുകളില്‍ വിറ്റുവരവ് നേടി. മൂന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ കുത്തിവെപ്പ് മരുന്ന് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. കഴിഞ്ഞ നവംബറില്‍ യന്ത്രങ്ങള്‍ സ്ഥാപനത്തിലെത്തി പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ വൈകി. ഉടന്‍ തന്നെ പ്ലാന്റ് കമ്മീഷന്‍ ചെയ്ത് മരുന്ന് ഉല്‍പാദനം ആരംഭിക്കും.