പോകുന്നതല്ല കേരളം ആട്ടിയോടിച്ചെന്ന് കിറ്റെക്സ് എംഡി
1 min read- കേരളത്തില്‍ നിന്ന് തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് സാബു ജേക്കബ്
- തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച് യാത്ര തിരിക്കും മുമ്പായിരുന്നു പ്രതികരണം
- ഒരു വ്യവസായിക്കും ഈ അനുഭവമുണ്ടാകരുതെന്നും കിറ്റെക്സ് എംഡി
കൊച്ചി: കേരളത്തെ താന്‍ ഉപേക്ഷിക്കുകയല്ല, മറിച്ച് കേരളം തന്നെ ചവിട്ടി പുറത്താക്കുക ആയിരുന്നുവെന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്റ്റര്‍ സാബു ജേക്കബ്. കേരളത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് തെലങ്കാനയിലേക്ക് പ്രത്യേക ക്ഷണം കിട്ടിയിരുന്നു കിറ്റെക്സിന്. തെലങ്കാന അയച്ച സര്‍ക്കാരിന്‍റെ പ്രത്യേക സ്വകാര്യ ജെറ്റില്‍ യാത്ര തിരിക്കും മുമ്പായിരുന്നു സാബു ജേക്കബിന്‍റെ പ്രതികരണം.
സ്വയം കേരളത്തില്‍ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. തെലങ്കാനയിലേക്ക് പോകും മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.
ഇന്നും 50 വര്‍ഷം പിന്നിലാണ് നമ്മള്‍. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്-സാബു ജേക്കബ് പറഞ്ഞു.
ഒരു മൃഗത്തെ പോലെ തന്നെ വേട്ടയാടിയതായും അദ്ദേഹം പറഞ്ഞു. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്‍റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ-സാബു ജേക്കബ് പറഞ്ഞു.
53 വര്‍ഷമായി കേരളത്തിന്‍റെ വ്യവസായ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് സാബു ജേക്കബ് ചോദിച്ചു.
ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുകയെന്നും തനിക്കൊന്നും സംഭവിക്കാനില്ല, കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി തനിക്ക് ബിസിനസ് ചെയ്യാമെന്നും സാബു പറഞ്ഞു. കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കുമെന്നും അദ്ദേഹം.
3500 കോടിയുടെ നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തെലങ്കാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് കിറ്റെക്സ് മേധാവി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഹൈദരാബാദിലേക്ക് പോകുന്നത്. 10,000ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കിറ്റെക്സ് കേരളം വിട്ട് പോകുന്നതിനെ ആശങ്കയോടെയാണ് വ്യവസായികള്‍ കാണുന്നത്. കേരളത്തില്‍ നിന്ന് തൊഴില്‍ തേടി 53 ലക്ഷം ആളുകളണ് പുറംരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്നത്. ഈ കണക്കുകള്‍ ഉയര്‍ത്താന്‍ ഉപകരിക്കുന്നത് മാത്രമാണ് നിലവിലെ സംഭവ വികാസങ്ങള്‍. ഒരു മാസത്തിനിടെ 11 പരിശോധനകള്‍ തങ്ങളുടെ ഫാക്റ്ററിയില്‍ സര്‍ക്കാര്‍ നടത്തിയതെന്ന സാബു ജേക്കബിന്‍റെ പ്രസ്താവന വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു