Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ പരിവർത്തനം ചെയ്യുക ലക്‌ഷ്യം: സന്തോഷ് കോശി തോമസ്

1 min read

കേരളത്തിലെ വ്യാവസായിക വികസനത്തിന്റെ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമെടുത്താൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെട്ട നാമമാണ് കിൻഫ്ര (KINFRA : Kerala Industrial Infrastructure Development Corporation) യുടേത്. കിൻഫ്രയുടെ അധീനതയിലുള്ള മുപ്പത്തിയൊന്ന് വ്യവസായ പാർക്കുകളിലായി 1200-ളം എസ്.എം.ഇ. യൂണിറ്റുകളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 6500-ൽ പരം കോടിരൂപയുടെ മൂലധനനിക്ഷേപമാണ് വിവിധ കിൻഫ്രാപാർക്കുകളിലൂടെ കേരളത്തിൽ വന്നത്. എഴുപത്തിനായിരത്തോളം തൊഴിലവസരങ്ങളും കിൻഫ്രാപാർക്കുകളിലൂടെ സൃഷ്ടിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു.

കോവിഡിന് ശേഷമുള്ള 2021-2023 വർഷകാലയളവിൽ ചരിത്രത്തിലെ തന്നെ മികച്ച നേട്ടമാണ് കിൻഫ്ര കൈവരിച്ചതെന്ന് കിൻഫ്രയുടെ മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് ചൂണ്ടികാണിക്കുന്നു. ഈ കാലയളവിൽ മാത്രം 1800 കോടിയിലധികം രൂപയുടെ മൂലധനനിക്ഷേപം കേരളത്തിൽ കൊണ്ടുവരാൻ കിൻഫ്രയ്ക്കു സാധിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. ഇരുപത്തിനാലായിരത്തോളം പുതിയ തൊഴിലവസരങ്ങളും കിൻഫ്ര പാർക്കുകളിലൂടെ സംജാതമായി. ടിസിഎസ്, ടാറ്റ എലക്സി, വിഗാർഡ് അടക്കം നിരവധി പ്രമുഖ ഇൻഡസ്ട്രി ബ്രാൻഡുകളെയും കിൻഫ്ര പാർക്കുകളിൽ കൊണ്ടുവരാനായി.

വരുന്ന വർഷങ്ങളിൽ കേളത്തിലെ വ്യാവസായിക വികസനത്തിന്റെ കാര്യത്തിൽ ഒരു വലിയ പരിവർത്തനം കൊണ്ടുവരാൻതക്ക മികച്ച ചില പദ്ധതികളാണ് സർക്കാരിന്റെ നേതൃത്വത്തിൽ കിൻഫ്ര വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്. കൊച്ചിൻ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായ പാലക്കാട്, കൊച്ചി നോഡുകളുടെ വികസനം; ഇതിന്റെ ഭാഗമായ 20,000 കോടി രൂപയുടെ നിക്ഷേപവും, 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പാലക്കാട് നോഡ്-1ന്റെ പൂർത്തീകരണം, എറണാകുളം നോഡ് -2ന്റെ ഭാഗമായ ഗിഫ്റ്റ്സിറ്റിയുടെ പൂർത്തീകരണം തുടങ്ങിയ, കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കാവുന്ന പദ്ധതികളുടെ പണിപ്പുരയിലാണ് കിൻഫ്രയുടെ ധീഷണാശാലിയായ സാരഥി സന്തോഷ് കോശി തോമസും, അദ്ദേഹത്തിന്റെ ടീമും. കിൻഫ്ര വിഭാവനം ചെയ്യുന്ന ബൃഹദ്പദ്ധതികളെകുറിച്ച് അദ്ദേഹം ഫ്യൂച്ചർ കേരളാ ലേഖകന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ:

— എം.കെ.ആർ

കേരളത്തിന്റെ വ്യാവസായിക വളർച്ചക്കും, സാമൂഹ്യപുരോഗതിക്കും കിൻഫ്രയുടെ സംഭാവനകൾ?

കേരളത്തിൽ വ്യാവസായിക വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സഞ്ജമാക്കി, നിർമ്മിച്ചു ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 1993-ൽ കിൻഫ്ര പിറവിയെടുക്കുന്നത്. സ്റ്റാർട്ട്അപ്പുകൾക്കും, നവസംരഭകർക്കും വ്യവസായങ്ങൾക്കുമാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ച് നൽകുന്നതിലൂടെ സംസ്ഥാനത്തിൻ്റെ വ്യാവസായിക വളർച്ചയ്ക്ക് ആക്കം കൂട്ടുവാൻ പ്രതിജ്ഞാബദ്ധമാണ് കിൻഫ്ര. കേരളത്തിലെ സംരഭകർക്കായി വ്യാവസായികസൗഹാർദ്ദമായ തൊഴിലിടങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, മികച്ച കണക്റ്റിവിറ്റി, വൈദ്യുതി, ജലം എന്നിവയുടെ ലഭ്യതയും കിൻഫ്ര ഉറപ്പാക്കുന്നു.
ഒപ്പം നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നോഡൽ ഏജൻസി എന്ന നിലയിലും കിൻഫ്ര പ്രവർത്തിക്കുന്നു.

സംസ്ഥാനത്തെ വ്യാവസായിക ചരിത്രമെടുത്താൽ കിൻഫ്രയുടെ കഴിഞ്ഞ 30 വർഷത്തെ സേവനങ്ങൾ സ്തുത്യർഹമാണ്. വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന 31 കിൻഫ്രാ പാർക്കുകളിലായി ഏകദേശം 1200 വ്യവസായയൂണിറ്റുകൾ പ്രവർത്തിക്കുന്നു. കിൻഫ്ര ഇതുവരെ ഏറ്റെടുത്ത 3438.23 ഏക്കറിൽ 90% ഭൂമിയും വിവിധ സംരംഭങ്ങൾക്കായി അനുവദിച്ചു കഴിഞ്ഞു. വ്യവസായങ്ങൾ തുടങ്ങാനായി 14,07,707.01 ചതുരശ്ര അടി വ്യവസായിക ഇടവും സജ്ജമാക്കി. അതിൽ 11,21,525.55 ചതുരശ്ര അടി (78%) വ്യവസായങ്ങൾക്കായി ലഭ്യമാക്കുകയും ചെയ്തു. ഇതിലൂടെ 70,000ത്തോളം തൊഴിലവസരങ്ങളും, 6500 കോടി രൂപയുടെ നിക്ഷേപവും കേരളത്തിൽ കൊണ്ടുവരാൻ കിൻഫ്രയ്ക്കു കഴിഞ്ഞു. കേരളത്തിലെ വ്യാവസായിക നിക്ഷേപം സുഗമമാക്കുന്നതിനായി കിൻഫ്ര നിരവധി നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, അനുബന്ധ സേവനങ്ങളും, നിയമാനുസൃത ക്ലിയറൻസുകളും ഏകജാലക സംവിധാനം വഴി കിൻഫ്ര ലഭ്യമാക്കുന്നുണ്ട്. ഇത് വേഗതയേറിയതും സുതാര്യവുമാക്കാൻ (SWIFT) ഓൺലൈൻ ഏകജാലക ഇന്റർഫേസ് നടപ്പാക്കിയിട്ടുണ്ട്.

വരുന്ന വർഷങ്ങളിൽ കേളത്തിലെ വ്യാവസായിക വികസനത്തിന്റെ കാര്യത്തിൽ ഒരു വലിയ പരിവർത്തനം തന്നെ കൊണ്ടുവരാൻതക്ക മികച്ച ചില പദ്ധതികളാണ് സർക്കാരിന്റെ നേതൃത്വത്തിൽ കിൻഫ്ര വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്. കൊച്ചിൻ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായ പാലക്കാട്, കൊച്ചി നോഡുകളുടെ വികസനം; ഇതിന്റെ ഭാഗമായ 20,000 കോടി രൂപയുടെ നിക്ഷേപവും, 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പാലക്കാട് നോഡ്-1ന്റെ പൂർത്തീകരണം, എറണാകുളം നോഡ് -2ന്റെ ഭാഗമായ ഗിഫ്റ്റ്സിറ്റിയുടെ പൂർത്തീകരണം തുടങ്ങിയവ കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കാവുന്ന പദ്ധതികളാണ്.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ

ഒരു വ്യാവസായിക സൗഹൃദ ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളത്തിന്റെ പ്രത്യേകതതകളെ, മത്സരക്ഷമതയെ താങ്കൾ എങ്ങിനെ വിലയിരുത്തുന്നു?

ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം ഇതാണ് കേരളത്തിന്റെ നയം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ ഇരുപതിൽപരം മേഖലകളെ മുന്‍ഗണനാ അടിസ്ഥാനത്തിൽ വ്യാവസായിക വകുപ്പ് തരംതിരിച്ചിട്ടുണ്ട്. ഈ മേഖലകളിലെ നിക്ഷേപത്തിനാണ് നമ്മൾ പ്രഥമ പരിഗണന നൽകുന്നത്. എല്ലാ വ്യവസായവും എല്ലാ സംസ്ഥാങ്ങൾക്കും ഒരുപോലെ ഉൾകൊള്ളാൻ കഴിയണമെന്നില്ല. നമ്മുടെ പരിസ്ഥിതിക്കിണങ്ങുന്നതും അനുയോജ്യവുമായ വ്യവസായങ്ങളാണ് നമുക്കാവശ്യം.

കേരളം മികച്ച വ്യവസായസൗഹൃദ അന്തരീക്ഷമുള്ള ഒരു സംസ്ഥാനമാണ്. അതിനുദാഹരണം കിൻഫ്ര പാർക്കുകളുടെ ഉയർന്ന സ്വീകാര്യത തന്നെയാണ്. ടിസിഎസ്, ടാറ്റ എലക്സി, വിഗാർഡ് അടക്കം നിരവധി പ്രമുഖ ഇൻഡസ്ട്രി ബ്രാൻഡുകളും, ആയിരത്തിൽപരം മറ്റു കമ്പനികളും കിൻഫ്ര പാർക്കുകളിൽ പ്രവർത്തിക്കുന്നു. കിൻഫ്രയുടെ കീഴിലുള്ള പാർക്കുകളിലെ 90 ശതമാനം സ്ഥലത്തും വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ബാക്കി ശേഷിക്കുന്ന 10 ശതമാനം സ്ഥലം അടിസ്ഥാനസൗകര്യവികസനം പൂർത്തിയായിവരുന്ന പെട്രോകെമിക്കൽ പാർക്കിലാണ്. വികസനം പൂർത്തിയാകുന്നതോടെ അവിടേയും സ്ഥാപനങ്ങൾ വരും. കിൻഫ്രയ്ക്കു കിട്ടിയ മറ്റൊരു പ്രധാന അംഗീകാരം, ഇന്ത്യാ ഗവൺമെന്റിൻ്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് അവതരിപ്പിച്ച ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിംഗ് സിസ്റ്റം (IPRS 2.0) അനുസരിച്ച്, രാജ്യത്തെ ഏറ്റവും മികച്ച റേറ്റിംഗുള്ള (മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന) 15 പാർക്കുകളിൽ 5 എണ്ണവും കിൻഫ്രയുടേതാണ് എന്നതാണ്.

കിൻഫ്രയുടെ സ്ഥലലഭ്യതയുള്ള ഒരു പാർക്കിൽ നിങ്ങൾക്കൊരു വ്യവസായം തുടങ്ങണമെങ്കിൽ ആവശ്യമായ എല്ലാ അനുമതിയും, ക്ലീയറൻസും, സ്ഥലസൗകര്യവുമടക്കം മുഴുവൻ സംഗതികളും മുപ്പതു-നാൽപ്പതു ദിവസത്തെ കാലയളവിൽ നിങ്ങൾക്കു ലഭ്യമാവും. ഇത് കേരളത്തിലെ പ്രമുഖ സംരംഭകർ തന്നെ സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്.

കേരളത്തിലെ വ്യവസായരംഗം 2030-കളിൽ എങ്ങനെയാവണം എന്നുള്ളതിനെ കുറിച്ച് താങ്കളുടെ ഉള്‍ക്കാഴ്‌ച എന്താണ്?

2030-കളോടെ, ഒരുപക്ഷെ അതിനും മുൻപേ തന്നെ, ഇന്ത്യയിലെ മികച്ച അഞ്ചു വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ പരിവർത്തനം ചെയ്യുക എന്നതാണ് കിൻഫ്രയുടെ സാരഥി എന്ന നിലയിൽ എന്റെ സ്വപ്നവും പരിശ്രമവും. കേരളാ സർക്കാരിന്റെയും, വ്യവസായവകുപ്പിന്റെയും മറ്റു അനുബന്ധസ്ഥാപനങ്ങളുടെയും കൂട്ടായപരിശ്രമത്തിലൂടെ ഇതു സാധ്യമാക്കാനാവും. കേരളത്തിലെ സംരംഭകർക്കും, കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറായി വരുന്നവർക്കുമുള്ള ഒരു സമ്പൂർണ ആശ്രയ-പരിഹാര കേന്ദ്രം എന്ന നിലയിൽ കിൻഫ്രയെ സ്വീകാര്യമാക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. കിൻഫ്ര പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ കേരളാ ഇൻഡസ്ട്രിയുടെ ബ്രാൻഡ് വക്താക്കളാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറണം. ഇവിടെ വരുന്ന നിക്ഷേപകർക്ക് വളരെ വേഗതയിൽ, കാര്യക്ഷമതയോടെ അടിസ്ഥാനസൗകര്യങ്ങളും, അനുമതികളും ലഭ്യമാക്കണം.

അടുത്തുവരുന്ന വർഷങ്ങളിൽ കിൻഫ്ര പ്രധാനമായി ലക്ഷ്യമിടുന്ന പദ്ധതികൾ?

കോവിഡിന് ശേഷമുള്ള 2021-2023 വർഷകാലയളവിൽ ചരിത്രത്തിലെ തന്നെ മികച്ച നേട്ടമാണ് കിൻഫ്ര കൈവരിച്ചത്. ഈ കാലയളവിൽ മാത്രം 1800 കോടിയിലധികം രൂപയുടെ മൂലധനനിക്ഷേപം കേരളത്തിൽ കൊണ്ടുവരാൻ കിൻഫ്രയ്ക്കു സാധിച്ചു. ഇതുവഴി ഇരുപത്തിനായിരത്തിൽപരം പുതിയ തൊഴിലവസരങ്ങളാണ് കേരളത്തിൽ സൃഷ്ടിക്കപ്പെടുക. ഇതു കിൻഫ്രയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ്. 2016-2021 കാലയളവിലും മികച്ച നേട്ടങ്ങളാണ് കിൻഫ്ര സ്വന്തമാക്കിയത്. ഈ കാലയളവിൽ 1531 കോടിയുടെ നിക്ഷേപവും, ഇരുപത്തിനാലായിരത്തിലധികം തൊഴിൽ അവസരങ്ങളും കിൻഫ്രവഴി കേരളത്തിൽ സാദ്ധ്യമായി. അടുത്തു വരാൻ പോകുന്ന വർഷങ്ങളിലും ഇതുപോലുള്ള ഒരു വൻമുന്നേറ്റമാണ് കിൻഫ്ര ലക്ഷ്യമിടുന്നത്. താഴെ പറയുന്ന പദ്ധതികളാണ് കിൻഫ്ര താമസിയാതെ പൂർത്തീകരണത്തിന് ലക്ഷ്യമിടുന്നത്:

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

1. പെട്രോകെമിക്കൽ പാർക്ക്, കൊച്ചി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റിയിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിൽ പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. ബി.പി.സി.എൽ ആണ് പെട്രോകെമിക്കൽപാർക്കിലെ പ്രധാന നിക്ഷേപകർ. ബി.പി.സി.എല്ലിൻ്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഒരു ക്ലസ്റ്റർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ 35 വ്യവസായ സംരംഭകർക്ക് ഭൂമി അലോട്ട് ചെയ്തുകഴിഞ്ഞു. പെട്രോകെമിക്കൽ പാർക്ക് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ 10,000 കോടി രൂപയുടെ നിക്ഷേപവും, 10,000 ത്തോളം പേർക്ക് തൊഴിലവസരവും സൃഷ്ടിക്കാനും കഴിയുമെന്നാണ് കിൻഫ്ര പ്രതീക്ഷിക്കുന്നത്. ജൂലൈ 2024 ഓടുകൂടി പാർക്ക് പുർണ്ണതോതിൽ പ്രവർത്തനസജ്ജമാകും.

2. കൊച്ചി-ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി), പാലക്കാട് & കൊച്ചി
ബാംഗ്ലൂർ വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നോഡും, കൊച്ചി നോഡുമാണ് കിൻഫ്രയുടെ മേൽനോട്ടത്തിൽ വികസിപ്പിക്കുന്നത്. ഇതിൽ പ്രധാനമായുള്ളത് പാലക്കാട് നോഡ് -1ലെ വ്യവസായ ഉല്പാദന ക്ലസ്റ്റർ വികസനമാണ്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജിൽ 313 ഏക്കറും, പാലക്കാട് പുതുശ്ശേരി സെൻട്രൽ I & II ൽ 1137 ഏക്കറും, പുതുശ്ശേരി വെസ്റ്റ്ൽ 240 ഏക്കറും, പുതുശ്ശേരി വെസ്റ്റിലേക്കുള്ള പ്രവേശന പാത 20.37 ഏക്കറും ചേർത്ത് മൊത്തം 1710.37 ഏക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 80% ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തീകരിച്ചു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കലിൻ്റെ 80% ലക്ഷ്യവും ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിച്ചു എന്ന പ്രശംസനീയമായ നേട്ടം ഇതുവഴി കിൻഫ്ര സ്വന്തമാക്കി. പദ്ധതി പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ 20,000 കോടി രൂപയുടെ നിക്ഷേപവും, 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷവുമായ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാമതായി എറണാകുളം നോഡ് -2 (ഗിഫ്റ്റ്സിറ്റി, അയ്യമ്പുഴ) ന്റെ പൂർത്തീകരണമാണ്. എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഗിഫ്റ്റ്സിറ്റി സ്ഥാപിക്കുന്നതിനായി 358 ഏക്കർ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. തുടർ നടപടികൾ എന്ന നിലയിൽ 19(1) ഡിക്ലറേഷൻ നടത്തുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

3. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (ഘട്ടം-II), KFVP, തിരുവനന്തപുരം
ഐടി, ഐടിഇഎസ് വ്യവസായങ്ങളിൽ നിന്നുള്ള വർധിച്ച ആവശ്യകത പരിഗണിച്ചുകൊണ്ടാണ് ‘പ്രഗതി’യുടെ മാതൃകയിൽ ഒരു പുതിയ സമുച്ചയം വികസിപ്പിക്കുക എന്ന ആശയം ഉയർന്നുവന്നത്. 1.78 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഏഴ് നിലകളുള്ള ഓഫീസ് സമുച്ചയവും, വിനോദ സ്ഥലങ്ങളുമുള്ള ഒരു ബിൽറ്റ്-അപ്പ് ഏരിയയാണ് ഈ പദ്ധതികൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്. 78.476 കോടി രൂപയാണ് നിർദ്ദിഷ്ട പദ്ധതിയുടെ പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്. 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും ഈ പദ്ധതിയിലുടെ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 600 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി 3 വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

4. ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചി
ഇന്ത്യയിലെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ, കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെയാണ് കിൻഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ കൊച്ചിയിൽ സ്ഥാപിതമാവുന്നത്. 66.87 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന ഈ ഇലക്ട്രോണിക് ആൻഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്അനുബന്ധ യൂണിറ്റുകൾക്കു മാത്രമായി നീക്കിവെച്ചിരിക്കുന്നു. ഇവിടെ ടി.സി.എസ്, അഗാപ്പെ തുടങ്ങിയ കമ്പനികൾക്ക് അലോട്ട്മെന്റ് കൊടുത്തു കഴിഞ്ഞു. 700 കോടിയോളം രൂപ മുതൽമുടക്കിൽ ഇവിടെ 36.84 ഏക്കർ സ്ഥലത്ത് ഇലക്ട്രോണിക് ഹാർഡ്വെയർ നിർമ്മാണത്തിനും, ഐടി/ഐടിഇഎസ് പ്രവർത്തനങ്ങൾക്കും വേണ്ടി ടിസിഎസ് ഇന്നൊവേഷൻ പാർക്ക് നിർമ്മിക്കാൻ ടിസിഎസ് പദ്ധതിയിടുന്നു. ഇവിടെ ഏകദേശം 10,000 ആളുകൾക്ക് തൊഴിലെടുക്കുവാനാകും. ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ പദ്ധതിയുടെ ഏകദേശ നിർമ്മാണ ചെലവ് 25 കോടി രൂപയാണ്. 2023 സെപ്റ്റംബറിൽ പൂർത്തിയാകുന്ന ഈ പദ്ധതിയിലൂടെ ഏതാണ്ട് 11,230 തൊഴിലവസരങ്ങളും 850 കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കപ്പെടുന്നു.

5. സ്പൈസസ് പാർക്ക്, തൊടുപുഴ, ഇടുക്കി
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ 15.43 ഏക്കർ സ്ഥലത്ത് കിൻഫ്ര സ്പൈസസ്സ് പാർക്കിന്റെ ഒന്നാം ഘട്ട നിർമ്മാണം പുരോഗമിച്ചുവരുന്നു. സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവർദ്ധന ലക്ഷ്യമാക്കി കിൻഫ്ര വികസിപ്പിക്കുന്ന ഈ പാർക്ക് ഇടുക്കി മേഖലയിലെ സുഗന്ധവ്യജ്ഞന കർഷകർക്കും, സംരംഭകർക്കും
സുഗന്ധവ്യജ്ഞന വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരം ഒരുക്കും. ജലം, വൈദ്യുതി, റോഡ്, ഡ്രൈനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് അടുക്കുന്നു.

6. ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്റർ, (ഐഇസിസി) കാക്കനാട്, കൊച്ചി
എറണാകുളം ജില്ലയിലെ കാക്കനാട് 7 ഏക്കറിൽ ഒരു അന്താരാഷ്ട്ര നിലവാരമുള്ള എക്സിബിഷൻ കം കൺവെൻഷൻ സെന്റർ സ്ഥാപിക്കാൻ കിൻഫ്ര പദ്ധതിയിടുന്നു. സംസ്ഥാനത്ത് ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് അവരുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും, വിവിധ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും അതുവഴി ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ഇതു സഹായമാവും. 90 കോടി രൂപയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്. 2023 ഡിസംബറിൽ എക്സിബിഷൻ സെന്ററും 2024 ജൂലൈയിൽ കൺവെൻഷൻ സെന്ററും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

7 . കണ്ണൂരിലെ ലാൻഡ് ബാങ്ക്
അടിസ്ഥാന സൌകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ 4,896 ഏക്കർ ഭൂമി കണ്ടെത്തുകയും അവ ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിച്ചുവരികയും ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി പിണറായി വില്ലേജിൽ 13 ഏക്കർ ഭൂമി ഏറ്റെടുക്കുകയും അത് വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. കൂടാതെ 3 പാഴ്സലുകളിലായി 1,054 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. മട്ടന്നൂർ വ്യവസായ പാർക്ക് വിപുലീകരിക്കുന്നതിനായി 76.37 കോടി രൂപ ചെലവിൽ കിൻഫ്ര 45.96 ഏക്കർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ഇതുകൂടാതെ കീഴല്ലൂർ, പട്ടന്നൂർ വില്ലേജുകളിലായി 500 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 1114 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറിക്കഴിഞ്ഞു. അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിലായി 500 ഏക്കർ ഏറ്റെടുക്കുന്ന നടപടികളും അന്തിമഘട്ടത്തിലാണ്.

കൊച്ചി, പാലക്കാട് ജില്ലകളിലെ വ്യാവസായിക ജലവിതരണ പദ്ധതി; അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്, രാമനാട്ടുകര, കോഴിക്കോട്; കിൻഫ്ര മെഗാ ഫുഡ് പാർക്ക് (ഘട്ടം-II), പാലക്കാട്; വിവിധ സ്ഥലങ്ങളിലായി 10 ഫുഡ് പാർക്കുകൾ തുടങ്ങിയ പദ്ധതികളാണ് കിൻഫ്ര അടുത്തു വരുന്ന വർഷങ്ങളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത്.

Maintained By : Studio3