Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള ടൂറിസത്തിന്‍റെ ‘ലോക പൂക്കള മത്സരം’ വെബ്സൈറ്റ്

1 min read

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിക്കുന്ന ‘വിശ്വമാനവികതയുടെ ലോക പൂക്കള മത്സരം’ മൂന്നാം സീസണിന്‍റെ വെബ്സൈറ്റ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വെബ്സൈറ്റിന്‍റെ ഹോം പേജ് ടൂറിസം സെക്രട്ടറി കെ. ബിജുവിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ലോക പൂക്കള മത്സരം-2023 ല്‍ ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും പങ്കെടുക്കാം. സെപ്റ്റംബര്‍ 16 വരെ പൂക്കളങ്ങളുടെ ഫോട്ടോകള്‍ കേരള ടൂറിസം വെബ്സൈറ്റിലെ ലിങ്കില്‍ (https://www.keralatourism.org/contest/pookkalam2023) അപ്‌ലോഡ്‌ ചെയ്യാം. വിവിധ വിഭാഗങ്ങളിലായി വിധിനിര്‍ണയ സമിതി തെരഞ്ഞെടുക്കുന്ന മൂന്ന് എന്‍ട്രികള്‍ക്ക് സമ്മാനം നല്‍കും. മത്സരാര്‍ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. 2021-ല്‍ ആണ് ലോക പൂക്കള മത്സരത്തിന് ടൂറിസം വകുപ്പ് തുടക്കമിട്ടത്.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ

ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന മലയാളികളെ ഒറ്റയിടത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനാണ് ലോക പൂക്കള മത്സരത്തിലൂടെ രണ്ടുവര്‍ഷം മുന്‍പ് ടൂറിസം വകുപ്പ് തുടക്കമിട്ടതെന്ന് മന്ത്രി പറഞ്ഞു. എണ്ണമറ്റ വിദേശി സുഹൃത്തുക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത ഈ മത്സരം വലിയ സൗഹൃദ സംഗമമായി മാറി. പഴമയുടെയും ഐതിഹ്യങ്ങളുടേയും സൗന്ദര്യത്തെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളിക്ക് ഓണം ആഘോഷകാലമാണ്. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ലോകത്തെ ഒരു കുടുംബമായി ഒന്നുചേര്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറവും നന്‍മയും മാനവികതയുടെ സന്ദേശവും കൈമാറുന്നതാകും ലോക പൂക്കള മത്സരമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളുടെ സജീവ പങ്കാളിത്തം മത്സരത്തിനുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡ് കാലത്ത് സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട ഓണ്‍ലൈന്‍ പൂക്കളം എന്ന ആശയം എല്ലാവരും ഒരേ മനസ്സോടെയാണ് ഏറ്റെടുത്തതെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആളുകള്‍ കാത്തിരിക്കുന്ന പരിപാടിയായി ഇത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്
Maintained By : Studio3