ജിയോ കേരളത്തിലുടനീളം 20 മെഗാഹെര്‍ട്സ് സ്പെക്ട്രം വിന്യസിച്ചു
കേരളത്തില്‍ 10.3 ദശലക്ഷം വരിക്കാരാണ് ജിയോക്കുള്ളത്
കൊച്ചി: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ രാജ്യത്തെ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയിരുന്നു. കേരളത്തില്‍ 800 മെഗാഹെര്‍ട്സ് വിഭാഗത്തില്‍ 10 മെഗാഹെര്‍ട്സ്; 1800 മെഗാഹെര്‍ട്സ് വിഭാഗത്തില്‍ 5 മെഗാഹെര്‍ട്സ്; 2300 മെഗാഹെര്‍ട്സ് വിഭാഗത്തില്‍ 10 മെഗാഹെര്‍ട്സ് എന്നിങ്ങനെയാണ് കമ്പനി സ്പെക്ട്രം സ്വന്തമാക്കിയത്.
ഇപ്പോള്‍ കേരളത്തിലെ തങ്ങളുടെ 12000ല്‍ അധികം സൈറ്റുകളില്‍ ഈ മൂന്ന് സ്പെക്ട്രങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവന്‍ ജിയോ ഉപയോക്താക്കള്‍ക്കും ഈ നെറ്റ്വര്‍ക്ക് വര്‍ധനയുടെ പ്രയോജനം ലഭിക്കുമെന്നും നെറ്റ്വര്‍ക്ക് അനുഭവം 2 മടങ്ങ് മെച്ചപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു.
നിലവിലുള്ള ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍, മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ആരോഗ്യ വിഭാഗത്തിനും മുന്‍നിര പ്രവര്‍ത്തകര്‍ക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി സഹായകരമാകും. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്കും സുരക്ഷിതമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ ചെയ്യാന്‍ സഹായിക്കും. ഈ സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് അതിവേഗം പുതിയ സ്പെക്ട്രം വിന്യാസം സാധ്യമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ 426 ദശലക്ഷം ജിയോ വരിക്കാറുണ്ട്, കേരളത്തില്‍ 10.3 ദശലക്ഷവും. 4ജി ടവറുകളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ ജിയോ ഈ വര്‍ഷം സംസ്ഥാനത്തെ 4ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ്. 57,123 കോടി രൂപയാണ് മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ ജിയോ ചെലവിട്ടത്. ഈ വര്‍ഷം അവസാനത്തോടെ 5ജിയിലേക്ക് കടക്കാനാകും എന്ന പ്രതീക്ഷയിലാണ് കമ്പനി.