ഐബിഎം കൊച്ചിയിലേക്ക്; ഡെവലപ്മെന്‍റ് സെന്‍ററിലേക്ക് ആളെ വേണം
നിലവില്‍ വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലാകും പ്രവര്‍ത്തനങ്ങള്‍ നടക്കുക
കൊച്ചി: പ്രമുഖ ടെക്നോളജി കമ്പനിയായ ഐബിഎം കൊച്ചിയില്‍ പുതുതായി ആരംഭിക്കുന്ന ഡെവലപ്മെന്‍റ് സെന്‍ററിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് വര്‍ക്ക് ഫ്രം ഹോം രീതിയിലായിരിക്കും പ്രവര്‍ത്തിക്കേണ്ടത്. ഐബിഎം കേരളത്തിലേക്ക് ചുവടുവെക്കുന്നു എന്ന് രണ്ട് വര്‍ഷങ്ങളായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരവും ഐബിഎം ഡെവലപ്മെന്‍റ് സെന്‍ററിനായി പരിഗണിച്ചിരുന്നു. എന്നാല്‍ കൊച്ചിയാണ് കൂടുതല്‍ ഉചിതമെന്ന തീരുമാനത്തില്‍ കമ്പനി എത്തുകയായിരുന്നു.
സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ഫ്രണ്ട് എന്‍ഡ് ഡെവലപ്പര്‍, ഓട്ടോമേഷന്‍ മാനേജന്‍, ഡാറ്റാബേസ് മാനേജര്‍, ക്ലൗഡ് ഡാറ്റാബേസ് എന്‍ജിനീയര്‍, ഇന്‍ഫൊര്‍മേഷന്‍ ഡെവലപ്പര്‍ എന്നിങ്ങനെ നിരവധി തസ്തികകളിലേക്കാണ് കൊച്ചി കേന്ദ്രത്തിനു വേണ്ടി കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ വഴിയും ഐബിഎമ്മിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കൊച്ചിയില്‍ എവിടെയാണ് ഐബിഎമ്മിന്‍റെ ഡെവലപ്മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുക എന്ന് ഇനിയും വ്യക്തമായിട്ടില്ല. കോവിഡ് സാഹചര്യം കെട്ടടങ്ങുന്നതിന് അനുസരിച്ചാകും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുക. 2018ല്‍ സംസ്ഥാനം മഹാപ്രളയത്തെ നേരിട്ട ഘട്ടത്തില്‍ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള ടെക്നോളജി സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിനായി കോള്‍ ഫോര്‍കോഡ് ചലഞ്ച് എന്ന പേരില്‍ ഒരു പരിപാടി ഐബിഎം സംഘടിപ്പിച്ചിരുന്നു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയായ ഐബിഎമ്മിന് 170ഓളം രാഷ്ട്രങ്ങളിലാണ് സാന്നിധ്യമുള്ളത്. ലോകത്തിലെ സാങ്കേതിക വിപ്ലവ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കമ്പനി കേരളത്തിലെത്തുന്നത് സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിലും പ്രധാന മുന്നേറ്റമാണ്. ലോകവ്യാപകമായി മൂന്നരലക്ഷത്താളം തൊഴിലാളികളുള്ള കമ്പനി സംസ്ഥാനത്തിലേക്ക് കൂടുതല്‍ കമ്പനികളുടെ ശ്രദ്ധ തിരിക്കുന്നതിനും വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ കണ്‍സള്‍ട്ടേഷന്‍, ഐടി സര്‍വീസുകള്‍ എന്നിവയാണ് ഐബിഎം ഇന്ത്യയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനിയുടെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍.