സമുദ്രസഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും മാലദ്വീപും
1 min readന്യൂഡെല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ മാലദ്വീപിലെത്തി. സമുദ്രസഹകരണം ശക്തിപ്പെടുത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. അയല്‍ക്കാരായ സൗഹൃദ രാജ്യങ്ങളുമായി ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. സന്ദര്‍ശന വേളയില്‍ ജയ്ശങ്കര്‍ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോളിഹുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ വിദേശകാര്യം, പ്രതിരോധം, ധനകാര്യം, സാമ്പത്തിക വികസനം, ആസൂത്രണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീവകുപ്പുമന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന പറയുന്നു.
2018 ല്‍ ഇബ്രാഹിം മുഹമ്മദ് സോളിഹ് സര്‍ക്കാര്‍ മാലദ്വീപില്‍ അധികാരത്തില്‍ എത്തിയതുമുതല്‍ ഇന്ത്യ ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കുകയാണ്. ഏകാധിപത്യ പ്രവണതയോടെ രാജ്യം ഭരിച്ച അബ്ദുല്ല യമീനിനെ പരാജയപ്പെടുത്തിയാണ് സോളിഹ് ഭരണത്തിലെത്തിയത്. യമീന്‍ ഭരണത്തിന്‍ കീഴില്‍ ദ്വീപ് രാഷ്ട്രം 2 ബില്യണ്‍ ഡോളര്‍ ചൈനീസ് കടം വരുത്തിവെച്ചിരുന്നു. ഇത് മാലദ്വീപ് പോലൊരു ചെറു രാജ്യത്തിന് താങ്ങാവുന്നതില്‍ അധികമാണ്. ടൂറിസം മാത്രമാണ് അവിടുത്തെ പ്രധാന വരുമാന മാര്‍ഗം. ക്രമേണ മാലദ്വീപ് ചൈനയുടെ സൈനികത്താവളമാക്കി മാറാനുള്ള വഴികള്‍ തെളിയുന്ന സാഹചര്യത്തിലാണ് അവിടെ ഭരണ മാറ്റം ഉണ്ടായത്.
യമീന്‍ ഒരു കടുത്ത ബെയ്ജിംഗ് പ്രേമികൂടി ആയിരുന്നു. ഇതാണ് അദ്ദേഹത്തിന്‍റെ പരാജയത്തിനു കാരണമായി മാറിയതും. അന്ന് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാനാണ് യമീന്‍ ശ്രമിച്ചിരുന്നത്. ഇന്ത്യക്കാകട്ടെ മാലെയില്‍ ബെയ്ജിംഗ് താവളമുറപ്പിക്കുന്നത് ഭീഷണിയുമാണ്. നിലവിലുള്ള പ്രസിഡന്‍റ് ഇന്ത്യാ അനുകൂലി ആയതിനാല്‍ താല്‍ക്കാലികമായെങ്കിലും ബെയ്ജിംഗിന്‍റെ സ്വാധീനം അവിടെ കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയും മാലദ്വീപും ശ്രീലങ്കയും സമുദ്ര-സുരക്ഷാ സഹകരണത്തെക്കുറിച്ച് യോഗം ചേര്‍ന്നിരുന്നു. കൊളംബോയില്‍നടന്ന യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ആണ്. അതിനു രണ്ടുമാസങ്ങള്‍ക്കുശേഷമാണ് വിദേശകാര്യമന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനം. ‘ഇന്ത്യ ഫസ്റ്റ്’ നയത്തോടുള്ള പ്രതിബദ്ധതയില്‍ സോളിഹ് സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു എന്നത് ന്യൂഡെല്‍ഹിയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. സാമ്പത്തികമായും തന്ത്രപരമായുമുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കുന്നുണ്ട്. ഇന്ത്യ മാലദ്വീപിനെ സമുദ്രമേഖലയിലെ ഒരു പ്രധാന അയല്‍ക്കാരനായാണ് കാണുന്നത്.
കൂടാതെ ഡെല്‍ഹിയുടെ ഇന്തോ-പസഫിക് സംരംഭത്തെ ശക്തിപ്പെടുത്തുന്നതിനായി അവരുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയുമാണ്.
മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ 2020 നവംബറില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ഷ്രിംഗ്ല മാലെ സന്ദര്‍ശിച്ചിരുന്നു. സോളിഹ് സര്‍ക്കാരിനെ ഇന്തോ-പസഫിക് സംരംഭവുമായി അടുപ്പിക്കുന്നതിലൂടെ ദ്വീപില്‍ ചൈനയുടെ സ്വാധീനംകുറയ്ക്കുക എന്നതായിരുന്നു കാരണം. മാലദ്വീപ് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഇന്ത്യ നിരവധി ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. അതിനായി കോവിഡ് മഹാമാരി രൂക്ഷമായിരിക്കുമ്പോള്‍ പോലും ഇന്ത്യ അവിടെ സാമ്പത്തിക സംരംഭങ്ങള്‍ ഏറ്റെടുത്തിരുന്നു. പ്രധാനമായും ടൂറിസം നയിക്കുന്ന ദ്വീപിന്‍റെ വരുമാനത്തില്‍ ഇടിവുണ്ടായപ്പോഴും ഇന്ത്യ അവരുടെയൊപ്പം നിന്നു. ഇന്ത്യയില്‍ നിന്ന് കോവിഡ് -19 വാക്സിനുകള്‍ സ്വീകരിച്ച ആദ്യത്തെ രാജ്യം കൂടിയാണ് മാലിദ്വീപ്. ജനുവരിയില്‍ ന്യൂഡെല്‍ഹി 1,00,000 ഡോസ് വാക്സിനാണ് അവര്‍ക്ക് നല്‍കിയത്.
ശ്രീലങ്കയില്‍ നിന്ന് വ്യത്യസ്തമായി മാലദ്വീപുകള്‍ ഡെല്‍ഹിയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം പുലര്‍ത്തുന്നു. അതിനാല്‍ അവരുമായുള്ള ബന്ധം പരമാവധി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയ്ക്കുചുറ്റും ചൈന അവരുടെ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇക്കാര്യം പരിഗണിക്കുമ്പോള്‍ മാലദ്വീപുകള്‍ ഇന്ത്യക്ക് അതിപ്രധാനമാണ്. കൂടാതെ മറ്റ് അയല്‍ സൗഹൃദരാജ്യങ്ങളിലും ഇന്ത്യകൂടുതല്‍ സ്വാധീനം ഉറപ്പാക്കേണ്ടതുണ്ട്.