ഐടെല്‍ മാജിക് 2 4ജി അവതരിപ്പിച്ചു
ഐടെല്‍ മൊബീലിന്റെ മാജിക് സീരീസിലെ പുതിയ ഫീച്ചര്‍ ഫോണിന് 2,349 രൂപയാണ് വില
ന്യൂഡെല്‍ഹി: ഐടെല്‍ മാജിക് 2 4ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐടെല്‍ മൊബീലിന്റെ മാജിക് സീരീസിലെ പുതിയ ഫീച്ചര്‍ ഫോണിന് 2,349 രൂപയാണ് വില. 64 എംബി റാം, 128 എംബി സ്റ്റോറേജ് ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ബ്ലാക്ക്, ബ്ലൂ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍.
മാജിക് സീരീസില്‍ എല്‍ടിഇ കണക്റ്റിവിറ്റി സപ്പോര്‍ട്ട് സഹിതം വരുന്ന ആദ്യ മോഡലാണ് മാജിക് 2 4ജി. വൈഫൈ കണക്റ്റിവിറ്റി, ഹോട്ട്‌സ്‌പോട്ട് ടെതറിംഗ് സപ്പോര്‍ട്ട് എന്നിവയാണ് ഐടി9210 എന്ന മോഡല്‍ നമ്പര്‍ ലഭിച്ച ഡിവൈസിന്റെ മറ്റ് ഫീച്ചറുകള്‍. എട്ട് ഡിവൈസുകള്‍ക്ക് വരെ ഇന്റര്‍നെറ്റ് ഡാറ്റ പങ്കുവെയ്ക്കാന്‍ കഴിയുന്ന മോഡമായും ഈ ഡിവൈസ് ഉപയോഗിക്കാന്‍ കഴിയും.
സ്‌പെസിഫിക്കേഷനുകള്‍ പറഞ്ഞുതുടങ്ങിയാല്‍, 2.4 ഇഞ്ച് ക്യുവിജിഎ കര്‍വ്ഡ് ഡിസ്‌പ്ലേ ലഭിച്ചതാണ് ഐടെല്‍ മാജിക് 2 4ജി. ഡിസ്‌പ്ലേയുടെ താഴെ ആല്‍ഫന്യൂമറിക് കീകള്‍, കപ്പാസിറ്റീവ് ബട്ടണ്‍ എന്നിവ നല്‍കി. പിറകിലെ പാനലിന്റെ മുകളിലെ ഇടതു മൂലയില്‍ വൃത്താകൃതിയുള്ള മൊഡ്യൂളില്‍ ഫ്‌ളാഷ് സഹിതം 1.3 മെഗാപിക്‌സല്‍ കാമറ സ്ഥാപിച്ചു.
യൂണിസോക് ടൈഗര്‍ ടി117 ചിപ്‌സെറ്റാണ് ഫീച്ചര്‍ ഫോണിന് കരുത്തേകുന്നത്. ഫീച്ചര്‍ ഫോണുകള്‍ക്ക് 4ജി നല്‍കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ ചിപ്‌സെറ്റ്. ഡുവല്‍ 4ജി വിഒഎല്‍ടിഇ കണക്റ്റിവിറ്റിയാണ് ഫോണിന് ഈ ചിപ്‌സെറ്റ് നല്‍കുന്നത്.
ഐടെല്‍ മൊബീലിന്റെ എക്‌സ്‌ക്ലുസീവ് ടെക്സ്റ്റ് ടു സ്പീച്ച് ഫീച്ചറായ ‘കിംഗ് വോയ്‌സ്’ ഫീച്ചറുമായാണ് മാജിക് 2 4ജി വരുന്നത്. അതായത്, ഇന്‍കമിംഗ് കോളുകള്‍, മെസേജുകള്‍, മെനു, ഫോണ്‍ ബുക്ക് എന്നിവ കേള്‍ക്കാന്‍ കഴിയും. 2000 കോണ്‍ടാക്റ്റുകള്‍ വരെ ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫോണ്‍ ബുക്ക്.
പ്രത്യേക എല്‍ഇഡി ടോര്‍ച്ച്‌ലൈറ്റ്, ‘വണ്‍ ടച്ച്’ മ്യൂട്ട്, റെക്കോര്‍ഡിംഗ് സൗകര്യത്തോടെ വയര്‍ലെസ് എഫ്എം, സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ‘ഓട്ടോകോള്‍’ റെക്കോര്‍ഡര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. വിനോദ ആവശ്യങ്ങള്‍ക്കായി ലളിതമായ എട്ട് ഗെയിമുകള്‍ പ്രീലോഡ് ചെയ്തിരിക്കുന്നു. 1900 എംഎഎച്ച് ബാറ്ററിയാണ് ഐടെല്‍ മാജിക് 2 4ജി ഉപയോഗിക്കുന്നത്. 24 ദിവസം വരെയാണ് സ്റ്റാന്‍ഡ്‌ബൈ സമയം.