ഓണ്‍ലൈന്‍ ബസ് ബുക്കിംഗ് സര്‍വീസുമായി ഐആര്‍സിടിസി
ഇതുവരെ ഓണ്‍ലൈനായി ട്രെയ്ന്‍ ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഐആര്‍സിടിസി ലഭ്യമാക്കിയിരുന്നത്
ന്യൂഡെല്‍ഹി: ഓണ്‍ലൈനായി ബസ്സുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) ആരംഭിച്ചു. ജനുവരി 29ന് പുതിയ സേവനം പ്രാബല്യത്തില്‍ വന്നു. ഇതുവരെ ഓണ്‍ലൈനായി ട്രെയ്ന്‍ ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഐആര്‍സിടിസി ലഭ്യമാക്കിയിരുന്നത്. റെയില്‍വേ, വാണിജ്യവ്യവസായ, ഉപഭോക്തൃകാര്യഭക്ഷ്യപൊതുവിതരണ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ‘വണ്‍ സ്റ്റോപ്പ് ഷോപ്പ് ട്രാവല്‍ പോര്‍ട്ടലായി’ മാറുകയാണെന്ന് ഐആര്‍സിടിസി അറിയിച്ചു.
ഐആര്‍സിടിസിയുടെ മൊബീല്‍ ആപ്പില്‍ പുതിയ സേവനം ഉള്‍പ്പെടുത്തുന്ന ജോലികള്‍ മാര്‍ച്ച് ആദ്യ വാരത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മൊബീല്‍ഫോണ്‍ വഴി പൊതുജനങ്ങള്‍ക്ക് ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെ അമ്പതിനായിരത്തോളം ഓപ്പറേറ്റര്‍മാരുമായി ഐആര്‍സിടിസി പങ്കാളിത്തം സ്ഥാപിച്ചുകഴിഞ്ഞു. 22 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബസ് ഓപ്പറേറ്റര്‍മാരാണ് സഹകരിക്കുന്നത്.
ബസ്സുകളുടെ റൂട്ട്, സൗകര്യങ്ങള്‍, റിവ്യൂ, റേറ്റിംഗ്, ചിത്രങ്ങള്‍ എന്നിവ നോക്കി ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. എവിടെനിന്ന് ബസ്സില്‍ കയറാന്‍ കഴിയും, എവിടെ ഇറങ്ങാം, സമയം എന്നിവയെല്ലാം തെരഞ്ഞെടുക്കാം. ബുക്കിംഗ് നടത്തുമ്പോള്‍ യാത്രാക്കൂലിയില്‍ ഇളവുകളും പ്രതീക്ഷിക്കാം.