ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍
1 min readന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 18 ന് ചെന്നൈയില്‍ നടക്കുമെന്ന് ലീഗ് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് മേള ഇത്തവണ ഇന്ത്യയില്‍ തന്നെയായിരിക്കുമോ നടക്കുക എന്നതു സംബന്ധിച്ച് ബിസിസിഐ തീരുമാനമെടുത്തിട്ടില്ല. കൊറോണ സാഹചര്യം പരിഗണിച്ച് കഴിഞ്ഞ വര്‍ഷം യുഎഇ-യില്‍ വെച്ചാണ് നടന്നത്. മല്‍സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുള്ളത്.
ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്തുന്നതിനുള്ള സമയപരിധി ജനുവരി 20-ന് അവസാനിച്ചിരുന്നു. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ യഥാക്രമം രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ വിടുകയാണ്. ക്രിസ് മോറിസ്, ഹര്‍ഭജന്‍ സിംഗ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ടീമുകളില്‍ നിന്ന് പുറത്തേക്കിറങ്ങിയ മറ്റ് ശ്രദ്ധേയരായ കളിക്കാര്‍.
മൊത്തം 139 കളിക്കാരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി 57 കളിക്കാരെ വിട്ടയച്ചു.
ലേലത്തില്‍ 53.20 കോടി രൂപയുമായാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ലേലത്തില്‍ പ്രവേശിക്കുക. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 35.90 കോടി രൂപയും രാജസ്ഥാന്‍ റോയല്‍സ് 34.85 കോടി രൂപയും മുടക്കുന്നതിനാണ് ശ്രമിക്കുന്നത്.