November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനുവരി റിപ്പോര്‍ട്ട് മുഖ്യ വ്യവസായങ്ങളുടെ സൂചികയില്‍ 0.1% വളര്‍ച്ച

1 min read

വളം, ഉരുക്ക്, വൈദ്യുതി മേഖലകളിലെ പ്രകടനമാണ് മുഖ്യ വ്യവസായ സൂചികയില്‍ നേട്ടമുണ്ടാക്കിയത്.

ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് അടിസ്ഥാന സൗകര്യ വ്യവസായങ്ങളുടെ ഉല്‍പ്പാദനം അളക്കുന്ന മുഖ്യ വ്യവസായ സൂചിക ജനുവരിയില്‍ 0.1 ശതമാനത്തിന്‍റെ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. കൊറോണ മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ വ്യവസായ ലോകം കരകയറുന്നതിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിര്‍ണായകമായ എട്ട് മേഖലകളില്‍ അഞ്ചെണ്ണത്തിന്‍റെ വരുമാനം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് കുറഞ്ഞുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മുഖ്യ വ്യവസായ മേഖലകളിലെ ഉല്‍പ്പാദന വളര്‍ച്ച ഡിസംബറില്‍ കണ്ട 0.2 ശതമാനത്തേക്കാള്‍ കുറവാണ്. ഡിസംബറില്‍ 0.3 ശതമാനം സങ്കോചമാണ് ഉണ്ടായതെന്ന പ്രാഥമിക നിഗമനം പിന്നീട് തിരുത്തി വളര്‍ച്ചയാണ് ഉണ്ടായതെന്ന് രേഖപ്പെടുത്തിയിരുന്നു. വ്യാവസായിക ഉല്‍പാദന സൂചികയില്‍ (ഐഐപി) 40.27 ശതമാനം വെയ്റ്റേജാണ് മുഖ്യവ്യവസായങ്ങള്‍ക്കുള്ളത്. കല്‍ക്കരി, വൈദ്യുതി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, ഉരുക്ക്, സിമന്‍റ്, രാസവളങ്ങള്‍, ശുദ്ധീകരണ ഉല്‍പന്നങ്ങള്‍ എന്നിവയെയാണ് മുഖ്യ വ്യവസായങ്ങളായി പരിഗണിക്കുന്നത്.
“മുഖ്യ വ്യവസായങ്ങള്‍, ചരക്ക് കയറ്റുമതി, ഉല്‍പ്പാദനം എന്നിവ സംബന്ധിച്ച് ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍, 2021 ജനുവരിയില്‍ ഐഐപിയുടെ വളര്‍ച്ച 0.5-1.5 ശതമാനം എന്ന കുറഞ്ഞ തലത്തിലായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ഐസിആര്‍എ റേറ്റിംഗിലെ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

വളം, ഉരുക്ക്, വൈദ്യുതി മേഖലകളിലെ പ്രകടനമാണ് മുഖ്യ വ്യവസായ സൂചികയില്‍ നേട്ടമുണ്ടാക്കിയത്. ഇവ യഥാക്രമം 2.7 ശതമാനം, 2.6 ശതമാനം, 5.1 ശതമാനം എന്നിങ്ങനെ ഉല്‍പ്പാദനത്തില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കല്‍ക്കരി മേഖലയില്‍ ഉല്‍പ്പാദനം 1.8 ശതമാനവും അസംസ്കൃത എണ്ണയില്‍ 4.6 ശതമാനവും പ്രകൃതിവാതകത്തില്‍ 2 ശതമാനവും ഇടിവുണ്ടായി. റിഫൈനറി ഉല്‍പ്പന്നങ്ങളില്‍ 2.6 ശതമാനവും സിമന്‍റില്‍ 5.9 ശതമാനവും ഉല്‍പ്പാദനം ഇടിഞ്ഞു. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ഉയര്‍ന്ന ഉല്‍പ്പാദനത്തിന്‍റെ കൂടി ഫലമാണ്. 2020 ജനുവരിയില്‍ 8 ശതമാനം ഉല്‍പ്പാദന വളര്‍ച്ചയാണ് കല്‍ക്കരി മേഖലയില്‍ ഉണ്ടായത്. വൈദ്യുതി ഉല്‍പ്പാദന വളര്‍ച്ച സ്ഥിരത പ്രകടമാക്കി. ഡിസംബറിലെ അഞ്ച് ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ ഡിമാന്‍ഡ് വളര്‍ച്ച 4.8 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ എട്ട് കോര്‍ സെക്ടറുകളുടെ സൂചിക 8.8 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 0.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അടിസ്ഥാന ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായങ്ങളിലെ ബലഹീനത മൊത്തത്തിലുള്ള വ്യാവസായിക ഉല്‍പ്പാദനത്തെയും ബാധിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രമാണ് മുഖ്യ വ്യവസായങ്ങളുടെ സൂചിക വളര്‍ച്ച കൈവരിച്ചത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3