Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തില്‍ ഇരുമുന്നണികളും ആത്മവിശ്വാസത്തില്‍

തിരുവനന്തപുരം: വോട്ടുകള്‍ എണ്ണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലെ പരമ്പരാഗത എതിരാളികളായ എല്‍ഡിഎഫും യുഡിഎഫും വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് ആത്മവിശ്വാസത്തിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും വോട്ടെടുപ്പ് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുകയുണ്ടായി.

രണ്ടു പാര്‍ട്ടികളും നടത്തിയ വിലയിരുത്തലില്‍ ഇരുവരും 80ല്‍ അധികം സീറ്റുകള്‍ നേടുമെന്ന ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. കേരള നിയമസഭയില്‍ 140 അംഗങ്ങളാണ് ഉള്ളത് . അതിനാല്‍ ഈ കണക്ക് ശരിയാകില്ലെന്ന് അവര്‍ക്കുതന്നെ തിരിച്ചറിവുണ്ട്.എന്നാല്‍ ഇരു കൂട്ടരും വ്യക്തമായ ആത്മവിശ്വാസത്തിലാണ് എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഒരു പടി മുന്നോട്ട് പോയി. ഇടതുപക്ഷം നൂറുസീറ്റ് കടക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

മറുവശത്ത് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടിയുടെ എല്ലാ ജില്ലാ അധ്യക്ഷന്‍മാരുമായും സംസാരിച്ചു. അവര്‍ നല്‍കിയ സൂചനയനുസരിച്ച് യുഡിഎഫ് 80നുമുകളില്‍ സീറ്റുനേടും. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അതിന്‍റെ കണക്കുകളുമായി പുറത്തുവന്നിട്ടില്ല. ചില നേതാക്കള്‍ തങ്ങള്‍ സ്ഥിതി മെച്ചപ്പെടുത്തുമെന്ന പ്രസ്താവന മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഓരോ പാര്‍ട്ടിക്കും തങ്ങളുടെ പ്രവര്‍ത്തകരിലും അനുയായികളിലും ആത്മവിശ്വാസം വളര്‍ത്തുക എന്ന ലക്ഷ്യം കൂടി ഈ കണക്കുകള്‍ക്കു പിന്നിലുണ്ട്. ഏതുമുന്നണി പരാജയപ്പെട്ടാലും അതിനുള്ള മറുപടിയും ഇപ്പോള്‍തന്നെ അവര്‍ തയ്യാറാക്കിയിട്ടുണ്ട്. പരാജയത്തിനുള്ള കാരണങ്ങളുടെ ഒരു പട്ടികതന്നെ അവര്‍ പുറത്തിറക്കും.

“തീര്‍ച്ചയായും, ഭരണകക്ഷിയായ ഇടതുപക്ഷം പരാജയപ്പെടുകയാണെങ്കില്‍, ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ് അവരുടെ പരാജയത്തിന് കാരണമെന്ന് എല്‍ഡിഎഫ് വാദിക്കും.അതുമായി ജനങ്ങള്‍ക്കുമുന്നിലേക്ക് പോകും. കോണ്‍ഗ്രസാണ് പരാജയപ്പെടുന്നതെങ്കില്‍ , കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ബി.ജെ.പി ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയെന്ന് അവരും പറയും. കാരണം ബിജെപിയുടെ ദേശീയ ശത്രു കോണ്‍ഗ്രസ് പാര്‍ട്ടിയാണ്, ഇടതുപക്ഷമല്ല.’ ഒരു മാധ്യമ വിമര്‍ശകന്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പുകാലത്തുതന്നെ ഇരു മുന്നണികളും പരസ്പരം ആരോപിച്ചിരുന്നതാണ്. രണ്ടിടത്തും ബിജെപി തന്നെയായിരുന്നു വില്ലന്‍.

എന്നിരുന്നാലും, കഴിഞ്ഞ കുറച്ചു നാളുകളായി ചില ഉന്നത ഇടതുപക്ഷ നേതാക്കളുടെ പരസ്യമായ വാക്കുകള്‍ വെളിപ്പെടുത്തുന്നത്, അവര്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസം ക്ഷയിച്ചതായാണ്.മറിച്ച് യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം വര്‍ധിക്കുകയും ചെയ്തു.

അതേസമയം, യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ ഒരാളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് 71 സീറ്റില്‍ എത്തുന്നതില്‍ പരാജയപ്പെട്ടാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിശബ്ദത പാലിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിക്കപ്പെട്ടതിനുശേഷം വലിയതോതിലുള്ള വിമര്‍ശനമായിരുന്നു അദ്ദേഹം നേരിട്ടത്. ഇതും യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. വിജയം ഉറപ്പിക്കപ്പെട്ടിരുന്നെങ്കില്‍ മുഖ്യമന്ത്രി കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ആദ്യമായി ഒരു ലക്ഷം കടക്കുമ്പോള്‍, ഏത് മുന്നണി വിജയിച്ചാലും ഫലപ്രഖ്യാപനമുണ്ടാകുന്ന മെയ്2ന് റാലികളോ വിജയാഘോഷങ്ങളോ ഉണ്ടാകരുതെന്ന് പുതിയ നിര്‍ദേശങ്ങളും വന്നിട്ടുണ്ട്. ജനവിധി ഏപ്രില്‍ ആറിന് കഴിഞ്ഞു. എന്നാല്‍ വോട്ടെണ്ണുന്ന അടുത്തമാസം രണ്ടുവരെ മുന്നണികളുടെ സമ്മര്‍ദ്ദം ദിവസം തോറും ഏറുകയാണ്. ഇതിനു കാരണം ഒന്നേയുള്ളു. ആരും ഒരു റണ്ണര്‍അപ്പ് സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്നില്ല.

Maintained By : Studio3