2020 നാലാം പാദത്തില്‍ ഇന്ത്യയില്‍ ഒരു കോടി ടിഡബ്ല്യുഎസ് ഷിപ്‌മെന്റ്
1 min readഇന്ത്യയിലെ ടിഡബ്ല്യുഎസ് വിപണിയില്‍ തദ്ദേശീയ ബ്രാന്‍ഡായ ബോട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു
2019 നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയിലെ ടിഡബ്ല്യുഎസ് വിപണി നേടിയത് 641 ശതമാനം വളര്‍ച്ചയാണ്! ഷിപ്‌മെന്റ് അഥവാ ഫാക്റ്ററികളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ കയറ്റിവിടുന്നതിന്റെ എണ്ണം ഒരു കോടി കടക്കുകയും ചെയ്തു.
30 ശതമാനം നേടിയ ബോട്ട് കഴിഞ്ഞാല്‍, 12 ശതമാനം വിപണി വിഹിതം കരസ്ഥമാക്കിയ വണ്‍പ്ലസ് രണ്ടാം സ്ഥാനത്താണ്. നവരാത്രി ആരംഭം മുതല്‍ ദീപാവലി വരെ നീണ്ടുനില്‍ക്കുന്ന രാജ്യത്തെ ഉല്‍സവ സീസണില്‍ അവതരിപ്പിച്ച വണ്‍പ്ലസ് സെഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ ടോപ് സെല്ലിംഗ് മോഡലായി മാറി. ഒമ്പത് ശതമാനം വിപണി വിഹിതമാണ് വണ്‍പ്ലസ് സെഡ് നേടിയത്. ഉല്‍സവ സീസണ്‍ കൂടാതെ പ്രത്യേക പ്രീ-ഓര്‍ഡര്‍ വില പ്രഖ്യാപിച്ചതും വണ്‍പ്ലസ് സെഡ് സ്മാര്‍ട്ട്‌ഫോണിന്റെ വിജയത്തിന് കാരണമായി.
ഇന്ത്യയിലെ ടിഡബ്ല്യുഎസ് വിപണിയില്‍ റിയല്‍മി മൂന്നാം സ്ഥാനത്ത് തുടരുന്നു. പത്ത് ശതമാനമാണ് വിപണി വിഹിതം. റിയല്‍മിയുടെ ബഡ്‌സ് ക്യു വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. 2020 നാലാം പാദത്തിലെ ടോപ് 5 പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റിയല്‍മി ബഡ്‌സ് ക്യു.
ഏഴ് ശതമാനം വിപണി വിഹിതവുമായി ഷവോമി നാലാം സ്ഥാനത്താണ്. ടോപ് 5 ഉല്‍പ്പന്നങ്ങളില്‍ ഇടം നേടാന്‍ ഷവോമിയുടെ റെഡ്മി ഇയര്‍ബഡ്‌സ് 2സി മോഡലിന് കഴിഞ്ഞു. ഷവോമി, വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ സ്വന്തം സ്ഥാനം കണ്ടെത്തുകയാണ്. താങ്ങാവുന്ന വിലയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചും വാട്ടര്‍ റെസിസ്റ്റന്‍സ്, എഎന്‍സി, യുഎസ്ബി ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയുമാണ് ഈ ബ്രാന്‍ഡുകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്.
ആഭ്യന്തര ഇയര്‍വെയര്‍ ഓഡിയോ കമ്പനിയായ പിട്രോണ്‍ അഞ്ചാം സ്ഥാനത്ത് എത്തി. ഉല്‍സവ സീസണില്‍ മല്‍സരാധിഷ്ഠിത വിലയില്‍ നിരവധി പുതിയ ലോഞ്ചുകള്‍ നടത്തിയാണ് പിട്രോണ്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ഹിയറബിള്‍സ്, വെയറബിള്‍സ് ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (സിഐഒടി) സെഗ്‌മെന്റിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഉല്‍പ്പാദന ബന്ധിത പ്രോല്‍സാഹന (പിഎല്‍ഐ) പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഇതോടെ നിലവിലെ ഒറിജിനല്‍ എക്യുപ്‌മെന്റ് നിര്‍മാതാക്കള്‍ (ഒഇഎം) തങ്ങളുടെ മേക്ക് ഇന്‍ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതും കാണാന്‍ കഴിയുമെന്ന് കൗണ്ടര്‍പോയന്റിലെ റിസര്‍ച്ച് അനലിസ്റ്റ് ശില്‍പ്പി ജെയിന്‍ പ്രസ്താവിച്ചു.
ഇതിനിടെ, 2020 നാലാം പാദത്തില്‍ രാജ്യത്തെ ടിഡബ്ല്യുഎസ് ഉല്‍പ്പന്നങ്ങളുടെ ശരാശരി വില്‍പ്പന വില (എഎസ്പി) 18 ശതമാനമായി കുറഞ്ഞു. താങ്ങാവുന്ന വിലയില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയതാണ് കാരണം. 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ല്‍ എഎസ്പിയില്‍ സംഭവിച്ച ഇടിവ് അമ്പത് ശതമാനത്തോളമാണ്.