ഭവന വില വര്‍ധനയില്‍ ഇന്ത്യ 56-ാം സ്ഥാനത്ത്
1 min readനാലാം പാദത്തില്‍ രാജ്യത്തെ വില്‍പ്പനയും പുതിയ പദ്ധതികളുടെ അവതരണവും ഗണ്യമായ പുരോഗതി പ്രകടമാക്കി
ന്യൂഡെല്‍ഹി: ഏറ്റവും പുതിയ ആഗോള ഭവന വില സൂചികയില്‍ ഇന്ത്യ 13 സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയി. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി ആയ ക്നൈറ്റ്ഫ്രാങ്ക് പുറത്തിയ ആഗോള ഭവന വില സൂചിക അനുസരിച്ച് 2020 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 56-ാം സ്ഥാനത്താണ് ഇന്ത്യ. 2019 ലെ നാലാം പാദത്തില്‍ 43-ാം റാങ്കിലായിരുന്നു ഇന്ത്യ. വാര്‍ഷികാടിസ്ഥാനത്തില്‍ 3.6 ശതമാനം ഇടിവ് ഭവന വിലയില്‍ രേഖപ്പെടുത്തിയതാണ് പട്ടികയില്‍ ഇന്ത്യ താഴോട്ടു പോകാന്‍ കാരണം.
ലോകമെമ്പാടുമുള്ള 56 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും മുഖ്യധാരാ റെസിഡന്‍ഷ്യല്‍ വിലകളിലെ ചലനത്തെ ഔദ്യോഗിക ഡാറ്റകളുടെ സഹായത്തോടെ ആഗോള ഭവന വില സൂചിക നിരീക്ഷിക്കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 30.3 ശതമാനം വളര്‍ച്ച ഭവന വിലയില്‍ ഉണ്ടായ തുര്‍ക്കി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂസിലന്‍ഡ് 18.6 ശതമാനവും സ്ലൊവാക്യ 16.0 ശതമാനവും വളര്‍ച്ച ഭവന വിലയില്‍ നേടി.
ഏറ്റവും ദുര്‍ബലമായ പ്രകടനം കാഴ്ചവെച്ച രാജ്യമാണ് ഇന്ത്യ. തൊട്ടുപിന്നിലെത്തിയ മൊറോക്കോയിലെ ഭവന വിലയില്‍ 3.3 ശതമാനം ഇടിവുണ്ടായി. 2020 ല്‍ 89 ശതമാനം രാജ്യങ്ങളും പ്രദേശങ്ങളും ഭവനവിലയില്‍ വര്‍ധനയാണ് പ്രകടമാക്കിയിട്ടുള്ളത്.
‘കുറഞ്ഞ പലിശനിരക്കും ആവശ്യകതയെ ഉത്തേജിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ നടപടികളും റിയല്‍ എസ്റ്റേറ്റ് ആവശ്യകതയ്ക്ക് ആക്കം കൂട്ടി. 2020 ന്‍റെ ആദ്യ മൂന്ന് പാദങ്ങളെ അപേക്ഷിച്ച് 2020 ലെ നാലാം പാദത്തില്‍ രാജ്യത്തെ വില്‍പ്പനയും പുതിയ പദ്ധതികളുടെ അവതരണവും ഗണ്യമായ പുരോഗതി പ്രകടമാക്കി. അന്തിമ ഉപയോക്താക്കള്‍ക്ക് വീടുകളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മഹാമാരി ഫലപ്രദമായി മാറ്റി. ശങ്കിച്ചു നിന്നിരുന്ന നിരവധി പേരേ ഇത് അവരുടെ വാങ്ങല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിച്ചു, “നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷിഷിര്‍ ബൈജാല്‍ പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂസിലാന്‍റ് (19), റഷ്യ (14%), യുഎസ് (10%), കാനഡ, യുകെ (രണ്ടും 9%) തുടങ്ങിയ വിപണികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ റാങ്കിംഗില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തി. മഹാമാരി സൃഷ്ടിച്ച സാഹചര്യങ്ങള്‍ കാരണമാണ് ഇന്ത്യന്‍ വിപണികള്‍ പട്ടികയില്‍ അവസാന സ്ഥാനത്തായതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കുറഞ്ഞ ഭവനവായ്പ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കല്‍, പ്രധാന വിപണികളിലെ റെസിഡന്‍ഷ്യല്‍ വാങ്ങലുകള്‍ക്കുള്ള മറ്റ് ലെവികളിലെ ഇളവ് എന്നിങ്ങനെ 2020ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭവനങ്ങള്‍ക്കായുള്ള ചെലവിടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.