ദക്ഷിണാഫ്രിക്ക : ‘ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്യപ്പെട്ടത് ‘
1 min readകൊല്‍ക്കത്ത: കഴിഞ്ഞ ഒരാഴ്ചയായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പ്രസിഡന്‍റ് സിറില്‍ റമാഫോസ കൊള്ളയും ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് ആരോപിച്ചു. അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ച ക്വാസുലു- നടാല്‍ പ്രവിശ്യയിലേക്ക് പ്രസിഡന്‍റ് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രതികരണം. ദക്ഷിണാഫ്രിക്കയില്‍ നടന്ന വര്‍ണ്ണവിവേചനാനന്തര കാലഘട്ടത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 121 പേരാണ് മരിച്ചത്. ‘ഈ ആക്രമണവും കൊള്ളയുമെല്ലാം പ്രചോദിക്കപ്പെട്ട സംഭവങ്ങളാണ്. ഇതെല്ലാം ആസൂത്രണം ചെയ്ത ഏകോപിപ്പിച്ചവരുണ്ട് ‘റാംഫോസ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഒരു പാര്‍ട്ടിയെയോ ഗ്രൂപ്പിനെയോ പ്രത്യേകമായി കുറ്റപ്പെടുത്തിയിട്ടില്ല. അധികൃതര്‍ 2,200 ല്‍ അധികം അക്രമികളെ അറസ്റ്റ്ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ അക്രമികളെയും പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അധികൃതര്‍ അവരെ പിടികൂടാനുള്ള ശ്രമത്തിലാണ്. അരാജകത്വം സൃഷ്ടിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ നോക്കിനില്‍ക്കില്ലെന്ന് പ്രസിഡന്‍റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ വംശജരായ ആളുകള്‍ രാജ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും വളരെ പ്രധാനമാണ്. അവര്‍ സുരക്ഷിതരായിയിരിക്കും. അവര്‍ ദുഃഖിക്കേണ്ട ഒരു നടപടിയും രാജ്യത്ത് ഉണ്ടാകില്ലെന്നും റാംഫോസ പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിച്ചവരില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.11 പേര്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്. അക്രമത്തിനിടെ അറസ്റ്റു ചെയ്യപ്പെട്ട 2,203 പേര്‍ക്കെതിരെ മോഷണം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നിരുന്നാലും, അക്രമങ്ങള്‍ തടയാന്‍ തന്‍റെ സര്‍ക്കാരിന് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന് റമാഫോസ സമ്മതിക്കുകയും ക്വാസുലു-നടാലില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ സംഘര്‍ഷത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
റമാഫോസയുടെ മുന്‍ഗാമിയായ ജേക്കബ് സുമ അഴിമതി അന്വേഷണത്തിന് സഹകരിക്കാതിരിക്കുകയും തുടര്‍ന്ന് ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിക്കുകയും ചെയ്തതിനുശേഷമാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഷോപ്പിംഗ് മാളുകളും ഗോഡൗണുകളും കൊള്ളയടിക്കപ്പെട്ടു. പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രക്ഷോഭകരുടെ അതിക്രമങ്ങള്‍. അക്രമം ശമിപ്പിക്കാന്‍ പോലീസിനെ സഹായിക്കാന്‍ 20,000 ത്തിലധികം സൈനികരെ ദക്ഷിണാഫ്രിക്ക പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 1994 ല്‍ വെള്ള ന്യൂനപക്ഷ ഭരണം അവസാനിച്ചതിനുശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസത്തില്‍, വ്യാഴാഴ്ച രാവിലെയോടെ 10,000 സൈനികരാണ് തെരുവിലിറങ്ങിയത്. 12,000 സൈനികരുടെ കരുതല്‍ സേനയെയും ദക്ഷിണാഫ്രിക്ക തയ്യാറാക്കി. കൊള്ളയും കലാപവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം ഇപ്പോള്‍ സര്‍ക്കാരിനാണെന്ന് വിദേശകാര്യ മന്ത്രി നളേദി പണ്ടോര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ വംശജരായ ആളുകള്‍ രണ്ട് പ്രവിശ്യകളില്‍ ആയുധം എടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു.