ഗാല്‍വാന്‍ ഏറ്റുമുട്ടല്‍ – നാവികസേനാവിന്യാസം വ്യക്തമാക്കിയത് ഇന്ത്യയുടെ ദൃഢനിശ്ചയം: രാജ്നാഥ്
1 min readകൊച്ചി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നാവികസേന നടത്തിയ വിന്യാസം രാജ്യത്തിന്‍റെ ഉദ്ദേശ്യവും ദൃഢനിശ്ചയത്തെയും വ്യക്തമാക്കുന്നതായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ സജീവമായ വിന്യാസത്തെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക വെളിപ്പെടുത്തലാണിത്. കൊച്ചിയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്‍റെ പ്രവര്‍ത്തനം പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാല്‍വാന്‍ സംഘര്‍ഷസമയത്ത് നാവികസേനയുടെ വിന്യാസം നാം സമാധാനമാണ് ആഗ്രഹിക്കുന്നത്; എന്നാല്‍ ഏതൊരു സ്ഥിതിവിശേഷത്തെയും നേരിടാനും തയ്യാറാണ് എന്ന നമ്മുടെ ഉദ്ദേശ്യത്തെയാണ് സൂചിപ്പിച്ചത് .നാവികസേന ഏത് വെല്ലുവിളിയെയും നേരിടാനും പോരാട്ടത്തിന് തയ്യാറുമാണ്’ അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയ വിമാനവാഹിനിക്കപ്പലില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആദ്യം അവലോകനം ചെയ്യുന്നത് സന്തോഷകരമാണെന്ന് സിംഗ് പറഞ്ഞു. ഇത് ഇന്ത്യയുടെ അഭിമാനവും ആത്മനിര്‍ഭാരത് ഭാരതത്തിന്‍റെ തിളക്കമാര്‍ന്ന ഉദാഹരണവുമാണ്.
കാര്‍വാറിലേക്കും കൊച്ചിയിലേക്കും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലാണ് പ്രതിരോധ മന്ത്രിഭാവിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ നാവിക താവളമായി മാറുന്ന കാര്‍വാറിലെ പ്രോജക്ട് സീബേര്‍ഡ് വ്യാഴാഴ്ച അദ്ദേഹം അവലോകനം ചെയ്തിരുന്നു. കൂടാതെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും അതിനപ്പുറത്തും സ്വന്തം പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുള്ള സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നാവികസേനയ്ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാവികസേനയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് ഒരു വിമാനവാഹിനിക്കപ്പല്‍ മാത്രമാണ്. അടുത്ത വര്‍ഷം വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നത് സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികത്തിന് അര്‍ഹമായ ബഹുമതിയായിരിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.വിമാനവാഹിനിക്കപ്പലിന്‍റെ പോരാട്ട ശേഷി, എത്തിച്ചേരല്‍, വൈദഗ്ദ്ധ്യം എന്നിവ നമ്മുടെ രാജ്യത്തിന്‍റെ പ്രതിരോധത്തില്‍ ശക്തമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും സമുദ്രമേഖലയില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിയുടെ നിര്‍മ്മാണം 2009 ല്‍ ആരംഭിച്ചതിനുശേഷം നിരവധി കാലതാമസങ്ങള്‍ പദ്ധതിക്ക് നേരിടേണ്ടിവന്നു.ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റം നടക്കുന്ന സാഹചര്യത്തില്‍ ഒരു അധിക വിമാനവാഹിനിക്കപ്പല്‍ പ്രധാനമാണ്. പണി ആരംഭിച്ച് 11 വര്‍ഷത്തിനുശേഷവും ഐഎന്‍എസ് വിക്രാന്ത് പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുമ്പോള്‍, നിര്‍മ്മാണം ആരംഭിച്ച് 3 വര്‍ഷത്തിനുള്ളില്‍ ചൈനയിലെ ആദ്യത്തെ തദ്ദേശീയ കപ്പല്‍ 2018 ല്‍ കമ്മീഷന്‍ ചെയ്തിരുന്നു. ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിലിരിക്കെ, ഇന്ത്യന്‍ നാവികസേന മൂന്നാമതൊരു വിമാനവാഹിനിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍റെയും സൈനിക ആസൂത്രകരുടെയും എതിര്‍പ്പ് നേരിടുകയാണ്. വിക്രാന്ത് ഒരു വിപുലമായ ഘട്ടത്തിലാണ്, ഉടന്‍ തന്നെ കടല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും 2022 അവസാനത്തോടെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണമായും തയ്യാറാകുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ ആധുനീകവല്‍ക്കരണത്തിലേക്കുള്ള പാതയിലാണ്. നാവികസേന തദ്ദേശീയമായ ഓപ്ഷനുകള്‍ നോക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, 44 യുദ്ധക്കപ്പലുകളില്‍ 42 എണ്ണം ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ നിര്‍മിക്കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. രൂപകല്‍പ്പന, നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഉരുക്ക്, പ്രധാന ആയുധങ്ങള്‍, സെന്‍സറുകള്‍ തുടങ്ങി 75 ശതമാനം തദ്ദേശീയ ഉള്ളടക്കവും വിക്രാന്തില്‍ ഉണ്ട്.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ നാവികസേനയുടെ സുപ്രധാന സംഭാവനകളെക്കുറിച്ചും സിംഗ് തന്‍റെ പ്രസംഗത്തില്‍ സംസാരിച്ചു, ഓപ്പറേഷന്‍ സമുദ്ര സേതു -1 സമയത്ത് വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവന്നു, കൂടാതെ കോവിഡ് കപ്പലില്‍ വ്യാപിച്ച അപകടങ്ങള്‍ക്കിടയിലും സമുദ്ര സേതു -2 ല്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ യുദ്ധക്കപ്പലുകള്‍ എത്തിച്ചതായി പ്രതിരോധ മന്ത്രി പറഞ്ഞു.