അടുത്ത 6 മാസത്തേക്ക് ഇന്ത്യന്‍ കമ്പനികളുടെ നിയമന വികാരം ശക്തം: നൗക്രി സര്‍വെ
1 min readന്യൂഡെല്‍ഹി: കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ശേഷം രാജ്യത്തെ നിയമന അന്തരീക്ഷം വീണ്ടെടുപ്പിലേക്ക് നീങ്ങുന്നുവെന്ന് നൗക്രി ഡോട്ട് കോം പുറത്തിറക്കിയ സര്‍വെ റിപ്പോര്‍ട്ട്. അടുത്ത ആറ് മാസത്തില്‍ ഇന്ത്യയില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമെന്ന മനോഭാവമാണ് റിക്രൂട്ടര്‍മാര്‍ക്കുള്ളതെന്ന് ഏറ്റവും പുതിയ നൗക്രി ഹയറിംഗ് ഔട്ട്ലുക്ക് പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം റിക്രൂട്ടര്‍മാരും തങ്ങളുടെ ഓര്‍ഗനൈസേഷനുകളില്‍ പുതിയതായും പകരം വെക്കുന്നതിനായും ജോലിക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി. 32 ശതമാനം റിക്രൂട്ടര്‍മാര്‍ പുതിയ ജോലികള്‍ക്കായി നിയമിക്കുമെന്ന് സ്ഥിരീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം തുടര്‍ച്ചയായ മാസങ്ങളില്‍ പ്രമുഖ മാനുഫാക്ചറിംഗ്, സേവന ബിസിനസ് മേഖലകളില്‍ തൊഴിലാളികളെ വെട്ടിക്കുറച്ചിരുന്നു. രാജ്യത്തെ നിയമന പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് സര്‍വെയിലെ കണക്കുകള്‍.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നിയമനങ്ങള്‍ വരും മാസങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.