Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൊതു ഇക്വിറ്റി വിപണികളിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത് 1.88 ലക്ഷം കോടി

1 min read

മെയിന്‍ബോര്‍ഡ് ഐപിഒകളോട് പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണം വളരെ മികച്ചതായിരുന്നു

മുംബൈ: 202021 സാമ്പത്തിക വര്‍ഷം മുഴുവനായും കോവിഡ്-19നെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ നേരിട്ടിട്ടും ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ പൊതു ഇക്വിറ്റി മാര്‍ക്കറ്റുകളിലൂടെ 1.88 ലക്ഷം കോടി രൂപ സമാഹരിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന എക്കാലത്തെയും ഉയര്‍ന്ന സമാഹരണമാണിത്. ഇത് 2019-20 ല്‍ സമാഹരിച്ച 91,670 കോടി രൂപയുടെ ഇരട്ടിയിലധികമാണെന്ന്, മൂലധന വിപണികള്‍ സംബന്ധിച്ച ഇന്ത്യയുടെ പ്രമുഖ ഡാറ്റാബേസായ പ്രൈം ഡാറ്റാബേസ് ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്റ്റര്‍ പ്രണവ് ഹാല്‍ദിയ പറഞ്ഞു. 2017-18ല്‍ 1.75 ലക്ഷം കോടി രൂപ സമാഹരിച്ചതായിരുന്നു ഇതിനു മുന്‍പുള്ള റെക്കോഡ്.

പകര്‍ച്ചവ്യാധിയെ അവഗണിച്ച് വിപണിയിലെത്തിയ 30 പ്രധാന ബോര്‍ഡ് ഐപിഒകള്‍ 31,268 കോടി രൂപയുടെ സമാഹരണം നടത്തി. 2019-20ല്‍ 13 ഐപിഒകളിലൂടെ സമാഹരിച്ച 20,350 കോടിയില്‍ നിന്ന് 54 ശതമാനം വര്‍ധനവാണിത്. 2020-21ലെ ഏറ്റവും വലിയ ഐപിഒ ഗ്ലാന്‍റ് ഫാര്‍മയുടേത് ആയിരുന്നു. 6,480 കോടി രൂപയുടെ മൂല്യമാണ് ഇതിനുണ്ടായിരുന്നത്. 1,042 കോടി രൂപയായിരുന്നു 2020-21ലെ ശരാശരി ഇടപാട്.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

പ്രൈംഡാറ്റാബേസ്.കോം ഡാറ്റ അനുസരിച്ച് ഈ വര്‍ഷത്തെ മെയിന്‍ബോര്‍ഡ് ഐപിഒകളോട് പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണം വളരെ മികച്ചതായിരുന്നു. 18 ഐപിഒകള്‍ക്ക് 10മടങ്ങിലധികമുള്ള മെഗാ പ്രതികരണം ലഭിച്ചു, 4 ഐപിഒകള്‍ 3 മടങ്ങില്‍ കൂടുതല്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു, ബാക്കി 8 ഐപിഒകള്‍ 1 മുതല്‍ 3 മടങ്ങ് വരെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

റീട്ടെയ്ല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, അവരില്‍ നിന്ന് മികച്ച പ്രതികരണം ഈ വര്‍ഷം കണ്ടു. ഇന്‍ഡിഗോ പെയിന്‍റ്സ് (25.88 ലക്ഷം), എംടാര്‍ ടെക്നോളജീസ് (25.87 ലക്ഷം), മസഗണ്‍ ഡോക്ക് (23.56 ലക്ഷം) എന്നിവയാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചത്. ഈ വര്‍ഷത്തെ ഐപിഒകളുടെ ശക്തമായ ലിസ്റ്റിംഗ് പ്രകടനം ഐപിഒകളോടുള്ള പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകിയതെന്ന് ഹാല്‍ദിയ പറയുന്നു.

ലിസ്റ്റ് ചെയ്ത 28 ഐപിഒകളില്‍ 19 എണ്ണം ലിസ്റ്റിംഗ് തീയതിയിലെ അവസാന വിലയുമായുള്ള താരതമ്യത്തില്‍ 10 ശതമാനത്തിലധികം വരുമാനം നിക്ഷേപകര്‍ക്ക് നല്‍കി. ബര്‍ഗര്‍ കിംഗ് 131 ശതമാനം മികച്ച വരുമാനം നല്‍കി. ഹാപ്പിസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ് (123 ശതമാനം), ഇന്‍ഡിഗോ പെയിന്‍റ്സ് (109 ശതമാനം) എന്നിവയും വന്‍ നേട്ടം നല്‍കി. മാത്രമല്ല, ലിസ്റ്റ് ചെയ്യപ്പെട്ട 28 ഐപിഒകളില്‍ 18 എണ്ണം മാര്‍ച്ച് 26ലെ കണക്ക് പ്രകാരം ഇഷ്യു വിലയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്.
മൊത്തം 18,000 കോടി രൂപ സമാഹരിക്കാന്‍ 18 കമ്പനികള്‍ സെബിയില്‍ നിന്ന് ഐപിഒയ്ക്ക് അനുമതി സ്വന്തമാക്കിയിട്ടുണ്ട്. 14 കമ്പനികള്‍ മൊത്തം 23,000 കോടി രൂപ സമാഹരിക്കാന്‍ സെബിയുടെ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

പ്രമോട്ടര്‍മാരുടെ വിഹിതം കുറയ്ക്കുന്നതിന് ഓഹരി വിപണികള്‍ വഴിയുള്ള ഓഫര്‍ ഫോര്‍ സെയ്ലുകളില്‍ നിന്നുള്ള സമാഹരണം 2019-20ല 17,326 കോടി രൂപയില്‍ നിന്ന് 2020-21ല്‍ 30,114 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ സര്‍ക്കാരിന്‍റെ പങ്ക് 19,927 കോടി രൂപയാണ് അഥവാ മൊത്തം തുകയുടെ 66 ശതമാനം. ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് (5,386 കോടി രൂപ), ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് (4,961 കോടി രൂപ), ഐആര്‍സിടിസി (4,408 കോടി രൂപ) എന്നിവയാണ് ഈ വിഭാഗത്തില്‍ വലിയ സമാഹരണം നടത്തിയ മറ്റ് കമ്പനികള്‍. മൊത്തം പബ്ലിക് ഇക്വിറ്റി മാര്‍ക്കറ്റ് തുകയുടെ 11 ശതമാനം ഓഫര്‍ ഫോര്‍ സെയിലാണ്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം എഫ്പിഒകള്‍ ഒരു തിരിച്ചുവരവ് നടത്തി. 15,000 കോടി രൂപ സമാഹരിച്ച മെഗാ യെസ് ബാങ്ക് എഫ്പിഒ ആണ് ഇതിന് കാരണമായത്. മൊത്തം 2 കമ്പനികള്‍ 15,029 കോടി രൂപ എഫ്പിഒകളിലൂടെ സമാഹരിച്ചു.
31 കമ്പനികള്‍ ക്യുഐപി വഴി 78,731 കോടി രൂപ സമാഹരിച്ചു, ഇത് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. മുന്‍ വര്‍ഷം സമാഹരിച്ച 51,216 കോടി രൂപയേക്കാള്‍ 54 ശതമാനം വര്‍ധനവാണിത്.

2020-21 ലെ ഏറ്റവും വലിയ ക്യുഐപി ഐസിഐസിഐ ബാങ്കില്‍ നിന്നാണ്. 15,000 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് സമാഹരിച്ചത്, മൊത്തം ക്യുഐപി തുകയുടെ 19 ശതമാനം. ക്യുഐപികളില്‍ ആധിപത്യം പുലര്‍ത്തുന്നത് ബാങ്കുകള്‍, എന്‍ബിഎഫ്സി, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ എന്നിവയാണ്. മൊത്തം തുകയുടെ 84 ശതമാനം (66,141 കോടി രൂപ) ഈ വിഭാഗങ്ങളില്‍ നിന്നാണ്.

Maintained By : Studio3