സൗദി ഉല്‍പ്പാദനം കുറച്ചിട്ടും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണക്കയറ്റുമതിയില്‍ വര്‍ധന
1 min readഅറേബ്യന്‍ ഗള്‍ഫ് മേഖലയിലെ നാല് പ്രധാന എണ്ണ ഉല്‍പ്പാദകര്‍ കഴിഞ്ഞ മാസം പ്രതിദിനം 138 ലക്ഷം ബാരല്‍ എണ്ണയാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്
റിയാദ്: പശ്ചിമേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യ ഉല്‍പ്പാദനം ഗണ്യമായി കുറച്ചിട്ടും അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണക്കയറ്റുമതിയില്‍ വന്‍ വര്‍ധന. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള മൊത്തത്തിലുള്ള ഇന്ധനക്കയറ്റുമതിയില്‍ 120,000 ബിപിഡി (ബാരല്‍സ് പെര്‍ ഡേ) വര്‍ധനവാണ് ഫെബ്രുവരിയില്‍ ഉണ്ടായത്. സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള കയറ്റുമതി കുറഞ്ഞെങ്കിലും കുവൈറ്റില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള എണ്ണക്കയറ്റുമതി കൂടിയതാണ് മേഖലയില്‍ നിന്നുമുള്ള മൊത്തത്തിലുള്ള എണ്ണക്കയറ്റുമതി വര്‍ധിക്കാനുള്ള കാരണം.
ക്രൂഡ് ഓയിലും കണ്ടന്‍സേറ്റും- വാതകപ്പാടങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ, ഉള്‍പ്പടെ കഴിഞ്ഞ മാസം നാല് അറേബ്യന്‍ എണ്ണയുല്‍പ്പാദകര്‍ ചേര്‍ന്ന് പ്രതിദിനം 138 ലക്ഷം ബാരല്‍ എണ്ണയാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. അന്തിമ ലക്ഷ്യസ്ഥാനം ഇതുവരെ വ്യക്തമായിട്ടില്ലാത്ത കപ്പലുകളിലുള്ള 23 ദശലക്ഷം ബാരല്‍ കൂടി കണക്കിലെടുത്താല്‍ ഇത് വീണ്ടും കൂടും.
പ്രതിദിനം പത്ത് ലക്ഷം ബാരലോളം എണ്ണയുല്‍പ്പാദനം വെട്ടിക്കുറച്ച സൗദി അറേബ്യയില്‍ നിന്നും ഫെബ്രുവരിയില്‍ കേവലം 350,000 ബാരല്‍ എണ്ണ മാത്രമാണ് കയറ്റുമതി ചെയ്തത്. റിഫൈനറികളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനാല്‍ ഉല്‍പ്പാദന നിയന്ത്രണം മൂലം കയറ്റുമതിയില്‍ സൗദിക്ക് സാരമായ നഷ്ടമുണ്ടായിട്ടില്ല. യുഎഇയില്‍ നിന്നുള്ള എണ്ണക്കയറ്റുമതിയില്‍ അഞ്ച് ശതമാനം ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. പ്രതിദിനം 138,000 ബാരല്‍ എണ്ണയാണ് ഫെബ്രുവരിയില്‍ യുഎഇ കയറ്റുമതി ചെയ്തത്. അതേസമയം കുവൈറ്റ് കഴിഞ്ഞ മാസം എണ്ണക്കയറ്റുമതി 12 ശതമാനം കൂട്ടി. ജനുവരിയില്‍ കയറ്റുമതിയിലുണ്ടായ ഇടിവ് ഇതോടെ നികത്തപ്പെട്ടു. ഇറാഖിന്റെ എണ്ണക്കയറ്റുമതിയിലും ഫെബ്രുവരിയില്‍ 83,000 ബിപിഡി വളര്‍ച്ചയുണ്ടായി. മുന്‍കാലത്തെ അധിക ഉല്‍പ്പാദനം നികത്തുന്നതുനായി അനുവദിച്ചതിലും കുറവ് ഉല്‍പ്പാദനം മാത്രമേ നടത്തുകയുള്ളുവെന്ന് ഇറാഖ് ഇന്ധന മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഒമ്പത് മാസത്തിനിടെയുള്ള ഏറ്റവും വലിയ എണ്ണക്കയറ്റുമതിയാണ് കഴിഞ്ഞ മാസം ഇറാഖില്‍ നിന്നും ഉണ്ടായത്. അമേരിക്കയുടെ ഉപരോധം മൂലം ഇറാന്‍ രഹസ്യമായാണ് എണ്ണക്കയറ്റുമതി നടത്തുന്നത് എന്നതിനാല്‍ ഇറാന്റെ വിവരങ്ങള്‍ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.
നാല് അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയിലേക്കുള്ള എണ്ണക്കയറ്റുമതിയില്‍ പ്രതിദിനം 740,000 ബാരലിന്റെ, ഏകദേശം 18 ശതമാനത്തിന്റെ കുറവുണ്ടായതായാണ് എണ്ണടാങ്കര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യുഎഇയില്‍ നിന്നും ചൈനയിലേക്കുള്ള എണ്ണക്കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏറ്റവും അടുത്തുള്ള എണ്ണ ഉപഭോക്താവായ ഇന്ത്യയിലേക്കുള്ള എണ്ണക്കയറ്റുമതിയില്‍ പ്രതിദിനം ഏതാണ്ട് 500,000 ബാരലിന്റെ, 20 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മാസം ഉണ്ടായത്. ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്കാണിത്. എണ്ണവില വര്‍ധനയ്ക്ക് ഇടയാക്കുന്ന ഒപെക് പ്ലസിന്റെ ഉല്‍പ്പാദന നിയന്ത്രണ നയത്തെ ഇന്ത്യ വിമര്‍ശിച്ചതാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണക്കയറ്റുമതി കുറയാനുള്ള കാരണം. അതേസമയം അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണക്കയറ്റുമതി കഴിഞ്ഞ മാസം കൂടി.