December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഇഡിസി ഉച്ചകോടിയുടെ എട്ടാം പതിപ്പ്

1 min read

Person using tablet

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രധാന പരിപാടികളിലൊന്നായ ഐഇഡിസി ഉച്ചകോടിയുടെ എട്ടാം പതിപ്പ് ഒക്ടോബര്‍ 12 ന് രാവിലെ 11.00 ന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ത്ഥികളില്‍ നൂതനാശയ സംരംഭകത്വ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമമായ ഐഇഡിസി ഉച്ചകോടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ആശയ സംവാദത്തിന് അവസരമൊരുക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പദ്ധതിയായ ഇന്നവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ (ഐഇഡിസി ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഐഇഡിസി ഉച്ചകോടിയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും.സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
വിദ്യാര്‍ത്ഥികളുടേയും യുവസംരംഭകരുടേയും നവീന സംരംഭങ്ങള്‍ക്ക് പ്രചോദനമേകാന്‍ ഐഇഡിസി ഉച്ചകോടി സഹായകമാകുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക അറിവ് വര്‍ധിപ്പിക്കുക, നൈപുണ്യ വികസനം സുഗമമാക്കുക, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവ ലക്ഷ്യമിടുന്ന ഉച്ചകോടിയിലൂടെ പുതുസംരംഭകരുടെ കാഴ്ചപ്പാട് വിശാലമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിയുടെ ഭാഗമായുള്ള നേതൃത്വ ചര്‍ച്ചയില്‍ പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും എംപവര്‍മെന്‍റ് സൊസൈറ്റി സി.ഇ.ഒയുമായ പ്രശാന്ത് നായര്‍ ഐഎഎസ് സംസാരിക്കും. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകത്വ  സംസ്കാരം വളര്‍ത്തേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, ശില്‍പശാലകള്‍, ഉല്‍പ്പന്ന പ്രദര്‍ശനം, ഐഡിയത്തോണ്‍, തുടങ്ങി നിരവധി പരിപാടികള്‍ക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സിഇടി പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജെ.എസ്, സിഇടി റിസര്‍ച്ച് ഡീന്‍ ഡോ. സുമേഷ് ദിവാകരന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഒ ഒ ടോം തോമസ് എന്നിവര്‍ സംസാരിക്കും.  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഉച്ചകോടി സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും നൂതന ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുമുള്ള വേദിയാകും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. 
  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3