Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഡിയ ഫെസ്റ്റ് 2022: കെഎസ് യുഎം ആശയങ്ങള്‍ തേടുന്നു

1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാംപസുകളില്‍ നിന്നും നൂതന ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സംരംഭകത്വത്തിലേക്ക് നയിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഐഡിയ ഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നു. ‘ലെറ്റ് 1000 ഫ്ളവേഴ്സ് ബ്ലൂം’ എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഐഡിയ ഫെസ്റ്റിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അപേക്ഷിക്കാം.

ഐഡിയ ഫെസ്റ്റിലൂടെ 1000 വിദ്യാര്‍ത്ഥികളെ കണ്ടെത്തി അതില്‍ നിന്നും  100 മികച്ച ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സാമ്പത്തിക പിന്തുണയേകാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം മുതലാണ്  അധ്യാപകര്‍ക്ക്  ഐഡിയ ഫെസ്റ്റിലേക്ക് അവസരം നല്‍കുന്നത്.

ആശയഘട്ടം/ രൂപകല്‍പ്പനാഘട്ടം/ പ്രോട്ടോടൈപ്പ് ഇതിലേതെങ്കിലും തലത്തിലുള്ള  പ്രായോഗിക ആശയമുള്ളര്‍ മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുമ്പോള്‍ കമ്പനി രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല. മുന്‍പ് ഐഡിയ ഗ്രാന്‍റ്  ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

തിരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ബൂട്ട്ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന്  കെഎസ് യുഎം അവസരം ഒരുക്കും. കൂടാതെ മാര്‍ഗനിര്‍ദേശവും ലാബ് സൗകര്യവും ഉല്‍പ്പന്നവികസന പിന്തുണയും നല്‍കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകൃത ടെക്നോളജി പ്ലാറ്റ് ഫോമിലൂടെ കെഎസ് യുഎം വിലയിരുത്തും.

2014ല്‍ ആണ് സാങ്കേതികവിദ്യാധിഷ്ഠിത  സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍  കെഎസ് യുഎം ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രൊണര്‍ഷിപ്പ് ഡെവലപ്മെന്‍റ്  സെന്‍റേര്‍സ് (ഐഇഡിസിഎസ്) ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ വാര്‍ഷിക ഗ്രാന്‍റ്  ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പിന്തുണ ഐഇഡിസിഎസുകളിലൂടെ കെഎസ് യുഎം നല്‍കുന്നുണ്ട്.

ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. രജിസ്റ്റര്‍ ചെയ്യാന്‍  https://ideafest.startupmission.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
Maintained By : Studio3