ഇന്ത്യാ റേറ്റിംഗ്സിന്‍റെ വിലയിരുത്തല്‍ – 2020-21ല്‍ ഇന്ത്യയിലെ ഭവന വില്‍പ്പന അളവ് 34% ഇടിവില്‍
1 min readഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്പത് മാസങ്ങളില്‍ വിറ്റഴിച്ച ഫ്ലോര്‍ സ്പേസ് മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം കുറഞ്ഞു
ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരി കാരണം ഈ സാമ്പത്തിക വര്‍ഷത്തിലെ ഭവന വില്‍പ്പനയുടെ അളവ് 34 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാ റേറ്റിംഗ്സ്& റിസര്‍ച്ചിന്‍റെ വിലയിരുത്തല്‍. നടപ്പു വര്‍ഷത്തെ കുറഞ്ഞ അടിത്തറയുടെ പശ്ചാത്തലത്തില്‍ 2021-22ല്‍ ആവശ്യകത ഉയര്‍ച്ച പ്രകടമാക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖല കെ (ഗ) ആകൃതിയിലുള്ള വീണ്ടെടുപ്പ് രേഖപ്പെടുത്തുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വിറ്റഴിക്കപ്പെടുന്ന സ്പെയ്സ് 30 ശതമാനം വാര്‍ഷിക വര്‍ധന പ്രകടമാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 2019-20ലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-22ലെ വില്‍പ്പനയും 14 ശതമാനം താഴെയാകുമെന്നാണ് റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട മൊത്തം റെസിഡന്‍ഷ്യല്‍ ഫ്ലോര്‍ സ്ഥലം 2019-20ല്‍ 326 ദശലക്ഷം ചതുരശ്ര അടി ആയിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്പത് മാസങ്ങളില്‍ വിറ്റഴിച്ച ഫ്ലോര്‍ സ്പേസ് മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം കുറഞ്ഞു. അവസാന പാദത്തില്‍ ചില മെച്ചപ്പെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഗ്രേഡ് 1 വിഭാഗത്തില്‍ വരുന്ന വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിച്ചുവെന്ന് ഇന്ത്യ റേറ്റിംഗ്സ് വിലയിരുത്തുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്പത് മാസങ്ങളില്‍ അവരുടെ വിപണി വിഹിതം 15.6 ശതമാനത്തിലേക്ക് ഉയര്‍ന്നു. മഹാമാരി കാലത്തും വില്‍പ്പനയില്‍ 4.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്താന്‍ ഈ കമ്പനികള്‍ക്കായി.
മേഖലയുടെ മൊത്തം വീണ്ടെടുപ്പിലും ഗ്രേഡ് 1 കമ്പനികള്‍ ആധിപത്യം സ്ഥാപിക്കുമെന്ന് ഇന്ത്യാ റേറ്റിംഗ്സ് വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 49 ശതമാനം വര്‍ധന ഈ കമ്പനികളുടെ മൊത്തം വില്‍പ്പനയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഭവനവായ്പയുടെ പലിശനിരക്ക് കുറയ്ക്കുന്നത് അഫോഡബിള്‍ വിഭാഗത്തിലെ ഭവന വില്‍പ്പന മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.