Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹീറോ ഇലക്ട്രിക് ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തില്‍ കൂടുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തില്‍ കൂടുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റതായി ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചു. ഈ കണക്കനുസരിച്ച്, രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളില്‍ ഹീറോ ഇലക്ട്രിക് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇതോടൊപ്പം, രാജ്യത്തെ 500 പട്ടണങ്ങളിലും നഗരങ്ങളിലുമായി ടച്ച്‌പോയന്റുകളുടെ എണ്ണം 600 കടന്നതായി കമ്പനി പ്രഖ്യാപിച്ചു. ഈ സെഗ്‌മെന്റിലെ വിവിധ ബ്രാന്‍ഡുകളില്‍ ഏറ്റവും വലിയ സര്‍വീസ് ശൃംഖല ഇതോടെ ഹീറോ ഇലക്ട്രിക്കിന് അവകാശപ്പെടാം.

ഉപയോക്താക്കളെ കണക്കിലെടുത്തും റേഞ്ച് സംബന്ധിച്ച അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി 2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലായി 1,500 പുതിയ ചാര്‍ജിംഗ് പോയന്റുകളാണ് ഹീറോ ഇലക്ട്രിക് ആരംഭിച്ചത്. 2022 ഓടെ രാജ്യമെങ്ങും ഇരുപതിനായിരത്തോളം ചാര്‍ജിംഗ് പോയന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ഈ വര്‍ഷം കഴിയുന്നതോടെ സ്‌കൂട്ടര്‍ ഉല്‍പ്പാദനശേഷി നിലവിലെ 70,000 ല്‍നിന്ന് 2.5 ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കാനും ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നു. ഇതിനായി പ്ലാന്റില്‍ ആവശ്യമായ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ വര്‍ഷം ജനുവരിയില്‍ പാറ്റ്‌നയില്‍ ഒരു കേന്ദ്രം ആരംഭിച്ചിരുന്നു. കിഴക്കേ ഇന്ത്യയില്‍ എളുപ്പത്തിലും സമയബന്ധിതവുമായി വിതരണം ചെയ്യുന്നതിന് 2,500 ഓളം സ്‌കൂട്ടറുകള്‍ ഇവിടെ സൂക്ഷിക്കാന്‍ കഴിയും.

കൊവിഡ് 19 മഹാമാരിക്കിടയിലും 2021 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ എന്ന സങ്കര വില്‍പ്പന രീതിയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.

Maintained By : Studio3