എല്ലാ ആശുപത്രികളേയും ഡിജിറ്റലായി ബന്ധിപ്പിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം: ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും ഉപഭോക്തൃ സൗഹൃദ സോഫ്റ്റ് വെയറിലൂടെ ബന്ധിപ്പിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുജനാരോഗ്യ സംവിധാനത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) സഹകരണത്തോടെ ഇ-ഹെല്‍ത്ത് കേരളയും കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലും (കെ-ഡിസ്ക്) സംഘടിപ്പിച്ച ‘ഹാക്ക് 4 ഹെല്‍ത്ത് ബൈ ഇ-ഹെല്‍ത്ത്’ ജേതാക്കളെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ടു പതിറ്റാണ്ടായുള്ള കൂട്ടായ ശ്രമങ്ങളുടെ ഫലമായി ആഗോള ആരോഗ്യമേഖലയില്‍ കേരളം ബ്രാന്‍റഡാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ നൂതന സാങ്കേതികാധിഷ്ഠിത പ്രതിവിധികള്‍ ലക്ഷ്യമിട്ട് നടത്തിയ ഹാക്കത്തോണ്‍ മികച്ച വിജയമായിരുന്നതായി അറിയിച്ച മന്ത്രി ജേതാക്കളെ അഭിനന്ദിച്ചു.
ആരോഗ്യ വകുപ്പ് മുന്നോട്ടുവച്ച എട്ട് ആവശ്യങ്ങള്‍ക്കനുസൃതമായ പ്രതിവിധികള്‍ തേടിയാണ് നാല്‍പ്പത്തിയെട്ടു മണിക്കൂറത്തെ ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. സാങ്കേതികവിദ്യകളെ കരുത്താര്‍ജ്ജിപ്പിച്ച് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണിത്. സംസ്ഥാത്ത് ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി മുന്നോട്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഹാക്കത്തോണ്‍ ഉത്തേജനമാകുമെന്നും മന്ത്രി പറഞ്ഞു.
അറുപത്തിയെട്ട് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത ഹാക്കത്തോണില്‍ എട്ട് സ്റ്റാര്‍ട്ടപ്പുകള്‍ ജേതാക്കളായി. അക്യുട്രോ ടെക്നോളജീസ്, എക്സ്പ്രസ്ബേസ് സിസ്റ്റംസ്, ക്യുകോപ്പി, ലയറീസ്.എഐ, വാഗിള്‍ ലാബ് സ്റ്റാര്‍ട്ടപ്പുകള്‍ സ്കോറുകളുടെ അടിസ്ഥാനത്തില്‍ യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടി. ഇവയ്ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.
യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തിയ ലിന്‍സിസ് ഇന്നൊവേഷന്‍സ്, ബാഗ്മോ, ആംഡ് സൊലൂഷന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള എട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കും കെ-ഡിസ്ക്, ഇ-ഹെല്‍ത്ത്, കെഎസ് യുഎം എന്നിവയുടെ വിവിധ പരിപാടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹകരണത്തോടെ നൂതന സാങ്കേതികാധിഷ്ഠിത ദൗത്യങ്ങള്‍ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിലൂടെ നടപ്പിലാക്കുന്നതിന് കെ-ഡിസ്ക് മുന്‍തൂക്കം നല്‍കും.
ഹെല്‍ത്ത് ഇലക്ട്രോണിക്സ്, ഹെല്‍ത്ത് ആപ്ലിക്കേഷന്‍ പ്ലാറ്റ് ഫോമുകളില്‍ മുഖ്യധാരയിലെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് ജേതാക്കളെ പ്രഖ്യാപിച്ച കെ-ഡിസ്ക് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. എബ്രഹാം പറഞ്ഞു.
നിര്‍മ്മിതബുദ്ധി (എഐ) ഉപയോഗിച്ച് തത്സമയ ചിത്രങ്ങളെ നിലനിര്‍ത്തിക്കൊണ്ടുള്ള ഗുണമേന്‍മ വിലയിരുത്തലും പ്രതികരണം തേടലും, ജനറല്‍ ആശുപത്രിയിലും അനുബന്ധ രക്ത ശേഖരണ കേന്ദ്രങ്ങളിലുമുള്ള ബ്ലഡ് ബാങ്ക് സൗകര്യം, ബ്ലോക്ചെയിന്‍ അധിഷ്ഠിത വാക്സിന്‍ കവറേജ് അനാലിസിസ് എന്നീ പദ്ധതികള്‍ക്കായി നിലവില്‍ കെ-ഡിസ്ക്കും ഇ-ഹെല്‍ത്തും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സഹകരണത്തിന്‍റെ തുടര്‍ച്ചയാണ് ഈ ഹാക്കത്തോണെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യ പരിരക്ഷാ മേഖലയില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആരോഗ്യ വകുപ്പ് മഹാമാരിയെ നേരിടുന്നതിന് നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ബ്ലോക്ചെയ്ന്‍ എന്നിവയെ ആശ്രയിച്ചിരുന്നതായി വകുപ്പിന്‍റെ സാങ്കേതിക ഇടപെടലുകളെക്കുറിച്ച് നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ഇ-ഹെല്‍ത്ത് കേരള ചെയര്‍മാനും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.രാജന്‍ എന്‍ ഖോബ്രഗഡേ ചൂണ്ടിക്കാട്ടി.
പൊതുജനോപകാരത്തിനുള്ള നൂതന പ്രതിവിധികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ഈ കാലയളവില്‍ ആരോഗ്യ മേഖലയ്ക്ക് ഹാക്കത്തോണ്‍ ഏറെ പ്രയോജനകരമാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.