ഹാര്‍മന്‍ കാര്‍ഡന്‍ സൗണ്ട്സ്റ്റിക്‌സ് 4 വിപണിയില്‍
വില 25,999 രൂപ. പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഹാര്‍മന്‍ കാര്‍ഡന്‍ വെബ്‌സൈറ്റിലും ലഭിക്കും
ന്യൂഡെല്‍ഹി: ഹാര്‍മന്‍ കാര്‍ഡന്‍ സൗണ്ട്സ്റ്റിക്‌സ് 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്ക് 25,999 രൂപയാണ് വില. വെളുപ്പ്, കറുപ്പ് കളര്‍ ഓപ്ഷനുകളില്‍ സുതാര്യമായ ബോഡിയോടുകൂടിയാണ് ഹാര്‍മന്‍ കാര്‍ഡന്‍ സൗണ്ട്സ്റ്റിക്‌സ് 4 വരുന്നത്. പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഹാര്‍മന്‍ കാര്‍ഡന്‍ വെബ്‌സൈറ്റിലും ലഭിക്കും. യുഎസ് കമ്പനിയുടെ സവിശേഷ സ്പീക്കര്‍ ലൈനപ്പിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് സൗണ്ട്സ്റ്റിക്‌സ് 4. പ്രശസ്തമായ ‘സൗണ്ട്സ്റ്റിക്‌സ്’ ഡിസൈന്‍ കൂടാതെ താഴികക്കുടത്തിന്റെ ആകൃതിയുള്ള സുതാര്യമായ സബ്‌വൂഫര്‍ ലഭിച്ചു.
2000 ജൂലൈയില്‍ മാക്‌വേള്‍ഡ് എക്‌സ്‌പോയിലാണ് സൗണ്ട്സ്റ്റിക്‌സ് സ്പീക്കറുകള്‍ ആദ്യമായി ഹാര്‍മന്‍ കാര്‍ഡന്‍ അവതരിപ്പിച്ചത്. ഈ ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമായി ആപ്പിളുമായി ഹാര്‍മന്‍ കാര്‍ഡന്‍ പങ്കാളിത്തം സ്ഥാപിച്ചിരുന്നു. മുന്‍ ആപ്പിള്‍ സിഡിഒ ജോണി ഐവ് രൂപകല്‍പ്പന ചെയ്ത ‘ഐസബ് 2000’ സബ്‌വൂഫറും സൗണ്ട്സ്റ്റിക്കുകളുമാണ് ഈ സീരീസില്‍ ആദ്യമായി അവതരിപ്പിച്ചത്. ന്യൂയോര്‍ക്ക് നഗരത്തിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ സ്ഥിരമായി ഇടംപിടിച്ച ഉല്‍പ്പന്നമാണ് ഹാര്‍മന്‍ കാര്‍ഡന്‍ സൗണ്ട്സ്റ്റിക്‌സ്.
സുതാര്യമായ സബ്‌വൂഫര്‍ കൂടാതെ, അതേ സുതാര്യമായ വസ്തു ഉപയോഗിച്ച് നിര്‍മിച്ച കുത്തനെ നില്‍ക്കുന്ന രണ്ട് സാറ്റലൈറ്റ് സ്പീക്കറുകളും നല്‍കി. 100 വാട്ട് ഔട്ട്പുട്ട് നല്‍കുന്നതാണ് ഡോം സബ്‌വൂഫര്‍. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 4.2, വൈഫൈ എന്നിവ പ്രീമിയം സ്പീക്കറുകള്‍ സപ്പോര്‍ട്ട് ചെയ്യും. മിനിമല്‍ ഡിസൈന്‍ ആയതിനാല്‍, ബോക്‌സിനകത്ത് പവര്‍ കേബിള്‍ മാത്രമായിരിക്കും ലഭിക്കുന്നത്. നാല് കിലോഗ്രാമില്‍ അല്‍പ്പം കൂടുതലാണ് സ്പീക്കറുകളുടെ ഭാരം.