ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സ് ഇറക്കുമതി മാര്‍ഗം സ്വീകരിച്ചേക്കും
1 min readനേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകുകയാണ്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് കുറച്ചുകാലമായി തയ്യാറെടുക്കുകയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സ്. 2020 ഓട്ടോ എക്‌സ്‌പോയില്‍ വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് വലിയ താമസം നേരിടുകയാണ് കമ്പനി. ഇതോടെ ഇന്ത്യാ സ്ട്രാറ്റജി പൊളിച്ചെഴുതുകയാണ് ജിഡബ്ല്യുഎം. ഇന്ത്യയിലേക്ക് വിവിധ മോഡലുകള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാനാണ് ചൈനയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
പുണെയ്ക്കു സമീപത്തെ ജനറല്‍ മോട്ടോഴ്‌സിന്റെ (ഷെവര്‍ലെ) താലേഗാവ് പ്ലാന്റ് ഏറ്റെടുത്ത് ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിക്കാനാണ് തുടക്കത്തില്‍ ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സ് പദ്ധതിയിട്ടിരുന്നത്. ഉല്‍പ്പാദന പ്ലാന്റിനായി 3,800 കോടി രൂപയുടെ നിക്ഷേപം നടത്താനും മൂവായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടിരുന്നു. കൂടാതെ, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനും തീരുമാനിച്ചു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകുന്നതോടെ, ഇറക്കുമതി മാര്‍ഗം സ്വീകരിക്കാനാണ് ചൈനീസ് കമ്പനി ഇപ്പോള്‍ ആലോചിക്കുന്നത്. തദ്ദേശീയമായി അസംബിള്‍ അല്ലെങ്കില്‍ നിര്‍മിക്കുന്ന എസ്‌യുവികള്‍ അവതരിപ്പിക്കുന്നതിന് പകരം സിബിയു രീതിയില്‍ ഡി സെഗ്‌മെന്റ് എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വില്‍പ്പന ആരംഭിക്കാനാണ് പ്ലാന്‍ ബി. ഇതുപോലെ സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) രീതിയില്‍ ബി സെഗ്‌മെന്റ് ഇലക്ട്രിക് ഹാച്ച്ബാക്ക് കൂടി ഇറക്കുമതി ചെയ്യും. ഇന്ത്യയില്‍ ഹൈബ്രിഡ്, ഇവി മോഡലുകള്‍ അവതരിപ്പിക്കുന്നതിനാണ് ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സ് പ്രാധാന്യം നല്‍കുന്നത്.
ജിഡബ്ല്യുഎം ഇന്ത്യാ പ്രസിഡന്റായി നിയമിക്കപ്പെട്ട ജെയിംസ് യാങ് ചൈനയിലേക്ക് തിരികെപോയിരുന്നു. പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് തന്റെ സംഘവുമായി കൂടിയാലോചന നടത്തുകയാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ വില്‍പ്പന, വിപണന, ഡീലര്‍ഷിപ്പ് വികസന ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ തേടുകയും ചെയ്യുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ തുക പാഴായിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ സികെഡി, സിബിയു രീതികള്‍ അവലംബിക്കുകയാണ് സുരക്ഷിതമെന്ന് അടുത്ത വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.