November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെന്‍ റോബോട്ടിക്സിന് സോഷ്യല്‍ ഇംപാക്ടര്‍ പുരസ്കാരം

1 min read

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ റോബോട്ടിക് കമ്പനിയായ ജെന്‍ റോബോട്ടിക്സിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ് സി) സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവ്-2024 ലെ സോഷ്യല്‍ ഇംപാക്ടര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാന്‍ സഹായിക്കുന്നതിനായി ജെന്‍ റോബോട്ടിക്സ് വികസിപ്പിച്ച എഐ പവര്‍ഡ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി-ഗെയ്റ്റര്‍ ആരോഗ്യ, സാമൂഹിക മേഖലയില്‍ ഉണ്ടാക്കിയ സ്വാധീനം പരിഗണിച്ചാണ് അവാര്‍ഡ്. കോണ്‍ക്ലേവില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലില്‍ നിന്ന് ജെന്‍ റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ് എം.കെ പുരസ്കാരം ഏറ്റുവാങ്ങി. റോബോട്ടിക് പുനരധിവാസം സമൂഹത്തിന് പ്രാപ്യമാക്കുന്നതിനുള്ള കാഴ്ചപ്പാടിന്‍റെ സാക്ഷ്യമെന്ന് സമിതി അവാര്‍ഡിനെ വിലയിരുത്തി.

ഇന്ത്യയിലെ ആദ്യത്തെ മാന്‍ഹോള്‍ ക്ലീനിങ് റോബോട്ടായ ബാന്‍ഡികൂട്ടിന്‍റെ നിര്‍മ്മാതാക്കളാണ് ജെന്‍ റോബോട്ടിക്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പ്രശംസ നേടിയിട്ടുള്ള ജെന്‍ റോബോട്ടിക്സ് രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് സംരംഭമാണ്. മസ്തിഷ്കാഘാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയാല്‍ ചലനശേഷി നഷ്ടപ്പെട്ട രോഗികള്‍ക്ക് നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണ് ജി-ഗെയ്റ്റര്‍.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

സമൂഹത്തില്‍ അര്‍ഥവത്തായ സ്വാധീനം ചെലുത്തുന്ന പരിഹാരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ജെന്‍ റോബോട്ടിക്സിന്‍റെ ദൗത്യമെന്ന് വിമല്‍ ഗോവിന്ദ് പറഞ്ഞു. ഈ ലക്ഷ്യത്തില്‍ നിന്നാണ് നടത്ത വൈകല്യമുള്ള ആളുകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ജി-ഗെയ്റ്ററിന്‍റെ പിറവി. ആഗോളതലത്തില്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതിലാണ് ജെന്‍ റോബോട്ടിക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പല ആശുപത്രികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ജി-ഗെയ്റ്റര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ജെന്‍ റോബോട്ടിക് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജിയണല്‍ ഡയറക്ടര്‍ അഫ്സല്‍ മുട്ടിക്കല്‍ പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ നടത്ത വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധി പേരുടെ ആരോഗ്യാവസ്ഥ ഗണ്യമായി മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ജി-ഗെയ്റ്ററിന്‍റെ സേവനം നിലവില്‍ കൊച്ചി അമൃത, അരീക്കോട് ആസ്റ്റര്‍ മദര്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം എസ്പി വെല്‍ഫോര്‍ട്ട്, തിരുവനന്തപുരം കിംസ്ഹെല്‍ത്ത്, കണ്ണൂര്‍ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി എന്നീ ആശുപത്രികളില്‍ ലഭ്യമാണ്. 100 ലേറെ രോഗികളിലായി 20 ലക്ഷത്തിലേറെ റോബോട്ടിക് ചുവടുകളും 2400 ല്‍പരം തെറാപ്പി സെഷനുകളും ജിഗെയിറ്റര്‍ ഇതിനോടകം പൂര്‍ത്തിയാക്കി. പരമ്പരാഗത ഫിസിയോതെറാപ്പി രീതികളെ അപേക്ഷിച്ച് ജി-ഗെയ്റ്ററിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജിന്‍സ്, ജി സ്പോട്ട് എക്സോ സ്കെലട്ടണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രോഗിക്ക് ചികിത്സ നല്‍കാനും കാര്യക്ഷമമായ രീതിയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ജിഗെയിറ്ററിനു സാധിക്കും. ഓരോ രോഗിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പുനരധിവാസ നടപടി ക്രമങ്ങള്‍ ക്രിയാത്മകമായി ക്രമീകരിക്കാന്‍ ഡോക്ടര്‍മാരെ ജി-ഗെയ്റ്റര്‍ സഹായിക്കുന്നു. രോഗികളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതോടൊപ്പം വീണ്ടും നടക്കാനുള്ള ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായകമാണ്. ജി-ഗെയ്റ്ററിന്‍റെ പ്രവര്‍ത്തനം ഗെയ്റ്റ് പരിശീലനത്തിന്‍റെ അടിസ്ഥാന സിദ്ധാന്തമായ മോട്ടോര്‍ റി-ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. റിഹാബിലിറ്റേഷന്‍ ഘട്ടത്തിലെ നടത്ത പരിശീലനം നേരത്തെ ആരംഭിക്കാനും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും ഇത് സഹായകമാകും. റോബോട്ടുകളുടെ എഐ പവര്‍ഡ് നാച്ചുറല്‍ ഗെയ്റ്റ് പാറ്റേണ്‍ രോഗികളെ 20 മുതല്‍ 45 മിനുട്ടിനുള്ളില്‍ 900 മുതല്‍ 1000 വരെ ചുവടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.

  ടെറൈന്‍റെ ഷോറൂം കണ്ണൂരില്‍

സാമൂഹ്യപ്രതിബദ്ധതയുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സ് എഴ് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജി-ഗെയ്റ്റര്‍ റോബോട്ടിനെ വികസിപ്പിച്ചത്. റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ ആരോഗ്യപരിചരണ പുനരധിവാസ മേഖലയില്‍ ഗുണകരമായ മാറ്റം വരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ജെന്‍ റോബോട്ടിക്സിനെ വ്യത്യസ്തമാക്കുന്നത്. മാന്‍ഹോളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന ‘ബാന്‍ഡികൂട്ട്’ റോബോട്ടിനെ വികസിപ്പിച്ചതിലൂടെയാണ് ജെന്‍ റോബോട്ടിക്സ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ശ്രദ്ധ നേടിയത്.

Maintained By : Studio3