പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജിസിസി കമ്പനികളുടെ അറ്റാദായം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി
1 min readജിസിസിയിലെ ഏഴ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ മേഖലകളും പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വേഗത്തിലുള്ള തിരിച്ചുവരവ് നടത്തിയെന്നാണ്
ദുബായ് ജിസിസി കമ്പനികള്‍ പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും കരകയറിയതായി സൂചന. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ 2021ലെ ആദ്യപാദത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള തിരിച്ചുവരവാണ് നടത്തിയതെന്ന് മേഖലയിലെ ഏഴ് ഓഹരിവിപണികള്‍ പുറത്തിവിട്ട കോര്‍പ്പറേറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ കോവിഡ്-19 പകര്‍ച്ചവ്യാധി വീണ്ടും ആരംഭിച്ചത് മൂലം പലയിടങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതാണ് ജിസിസി രാജ്യങ്ങളിലെ കമ്പനികള്‍ക്ക് തുണയായത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള വാക്‌സിന്‍ വിതരണമാണ് ജിസിസി രാജ്യങ്ങളില്‍ നടന്നത് എന്നതിനാല്‍ മേഖലയിലെ ബിസിനസ് വികാരങ്ങളും ശക്തമായതായി കാംകോയിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ര്ടാറ്റെജി ആന്‍ഡ് റിസര്‍ച്ച് വിഭാഗം മേധാവി ജുനൈദ് അന്‍സാരി പറഞ്ഞു.
കോര്‍പ്പറേറ്റ് മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ച വീണ്ടെടുപ്പ് എല്ലാ മാസവും കണക്കാക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സിലും (പിഎംഐ) പ്രകടമായി. സൗദി അറേബേയിലെയും യുഎഇയിലെയും നിര്‍മാണമേഖലയുടെ പ്രവര്‍ത്തനങ്ങളിലെ പ്രവണതയുടെ വ്യക്തമായ സൂചികയാണ് പിഎംഐ. ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ സര്‍വ്വേ പ്രകാരം ജനുവരിയില്‍ സൗദി അറേബ്യയുടെ പിഎംഐ 57.1 ആയിരുന്നു. 2019 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പിഎംഐ ആണിത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും സൗദിയുടെ പിഎംഐ വളര്‍ച്ച സൂചിപ്പിക്കുന്ന അമ്പതിന് മുകളിലായിരുന്നു. സമാനമായി, വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലും യുഎഇയുടെ പിഎംഐ അമ്പതിന് മുകളിലായിരുന്നു. അമ്പതിന് മുകളിലുള്ള പിഎംഐ നിര്‍മാണമേഖലയുടെ പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ചയാണ് വ്യക്തമാക്കുന്നത്.
കുത്തനെയുള്ള വളര്‍ച്ച
ജിസിസി കമ്പനികളുടെ സാമ്പത്തിക പ്രകടനം സംബന്ധിച്ച് കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, റിസര്‍ച്ച് കമ്പനിയായ കാംകോ നടത്തിയ വിലയിരുത്തല്‍ പ്രകാരം, ഈ വര്‍ഷം ആദ്യപാദത്തില്‍ കമ്പനികളുടെ പാദാടിസ്ഥാനത്തിലുള്ള അറ്റാദായം 40 ബില്യണ്‍ ഡോളറിലെത്തി. 26.8 ബില്യണ്‍ ഡോളര്‍ അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത 2020ലെ ഒന്നാംപാദത്തെ അപേക്ഷിച്ച് 49.2 ശതമാനം അധികമാണിത്.
മാത്രമല്ല ഒന്നാംപാദത്തിലെ ആദായം 2019 ഒന്നാംപാദത്തെ കടത്തിവെട്ടിയതായും കാംകോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019ലെ ഒന്നാംപാദത്തേക്കാള്‍ 4.4 ശതമാനം അധികാണ് ഈ വര്‍ഷം ഒന്നാംപാദത്തില്‍ കമ്പനികള്‍ നേടിയ ആദായം. കഴിഞ്ഞ വര്‍ഷം നാലാംപാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കമ്പനികള്‍ 59.9 ശതമാനം നേട്ടം കൊയ്തു. കാംകോ വിലയിരുത്തിയ 21 മേഖലകളില്‍ പതിനേഴും ഈ വര്‍ഷം ആദ്യപാദത്തില്‍ വര്‍ഷാടിസ്ഥാനത്തിലും പാദാടിസ്ഥാനത്തിലും നേട്ടമുണ്ടാക്കി. സാമ്പത്തിക വളര്‍ച്ചയില്‍ മുമ്പിലുള്ള അഞ്ച് മേഖലകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം സാമ്പത്തിക വളര്‍ച്ചാണ് ഈ വര്‍ഷം നേടിയത്. ഇതില്‍ത്തന്നെ ഏറ്റവുമധികം വളര്‍ച്ച നേടിയത് മെറ്റീരിയല്‍സ് മേഖലയാണ്.
അതേസമയം, ഉപഭോക്തൃ സേവനങ്ങള്‍, ഭക്ഷ്യ വസ്തുക്കളുടെ റീട്ടെയ്‌ലിംഗ്, സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വ്വീസസ് എന്നീ മൂന്ന് മേഖലകളിലെ കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ പിന്നോട്ട് പോയി. 2020 ആദ്യപാദത്തില്‍ അറ്റാദായം വളരെയധികം ഉയര്‍ന്നത് മൂലമാണ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ റീട്ടെയ്‌ലിംഗ്, സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വ്വീസസ് എന്നീ രണ്ട് മേഖലകളില്‍ ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ ലാഭം കുറയാന്‍ ഇടയാക്കിയത്. എന്നാല്‍, വിമാനക്കമ്പനികളും അനുബന്ധ വ്യവസായ മേഖലകളും ഉള്‍പ്പെടുന്ന ഉപഭോക്തൃ സേവന മേഖലയിലെ അറ്റാദായം കുറയാനുള്ള പ്രധാന കാരണം കോവിഡ്-19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക ആഘാതം മൂലം കമ്പനികള്‍ക്കുണ്ടായ നഷ്ടമാണ്.
മുമ്പില്‍ കുവൈറ്റ് കമ്പനികള്‍
ജിസിസിയിലെ ഏഴ് ഓഹരിവിപണികളും കോര്‍പ്പറേറ്റ് അറ്റാദായത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുവൈറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ കൂട്ടത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 2020 നാലാംപാദത്തേക്കാള്‍ അറ്റാദായത്തില്‍ ഏതാണ്ട് രണ്ടിരട്ടി വളര്‍ച്ചയാണ് ഈ വര്‍ഷം ആദ്യപാദത്തില്‍ കുവൈറ്റ് കമ്പനികള്‍ നേടിയത്. ബഹ്‌റൈന്‍, അബുദാബി ഓഹരിവിപണികളിലെ കമ്പനികളാണ് പിന്നീട് ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ച നേടിയത്. ഇവയുടെ പാദാടിസ്ഥാനത്തിലുള്ള അറ്റാദായത്തില്‍ 102.5 ശതമാനം, 82.2 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ദുബായില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആദായത്തില്‍ 23.1 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
ആദ്യപാദത്തില്‍ മേഖലയില്‍ ഏറ്റവുമധികം സാമ്പത്തികനേട്ടമുണ്ടാക്കിയത് ഊര്‍ജ മേഖലയിലെ കമ്പനികളാണ്. ഏതാണ്ട് 21.4 ബില്യണ്‍ ഡോളര്‍ ലാഭമാണ് ജിസിസിയിലെ ഊര്‍ജ കമ്പനികള്‍ ആദ്യപാദത്തില്‍ കൊയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 27.5 ശതമാനവും കഴിഞ്ഞ വര്‍ഷം നാലാംപാദത്തേക്കാള്‍ 53.8 ശതമാനവും അധികമാണിത്. സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ അറ്റാദായം ആദ്യപാദത്തില്‍ 23.7 ശതമാനം ഉയര്‍ന്ന് 21 ബില്യണ്‍ ഡോളറിലെത്തി. ജിസിസിയിലെ ബാങ്കിംഗ് മേഖലയിലുടനീളം ഉയര്‍ന്ന അറ്റാദായമാണ് ആദ്യപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തത്തില്‍ 8.4 ബില്യണ്‍ ഡോളറാണ് ജിസിസി ബാങ്കുകള്‍ കഴിഞ്ഞ പാദത്തില്‍ അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 16.2 ശതമാനവും മുന്‍പാദത്തേക്കാള്‍ 66 ശതമാനവും അധികമാണിത്.
[perfectpullquote align=”full” bordertop=”false” cite=”” link=”” color=”” class=”” size=””]ജിസിസി കമ്പനികളുടെ സാമ്പത്തിക പ്രകടനം സംബന്ധിച്ച് കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, റിസര്‍ച്ച് കമ്പനിയായ കാംകോ നടത്തിയ വിലയിരുത്തല്‍ പ്രകാരം, ഈ വര്‍ഷം ആദ്യപാദത്തില്‍ കമ്പനികളുടെ ഒന്നാംപാദത്തിലെ അറ്റാദായം 40 ബില്യണ്‍ ഡോളറിലെത്തി. 26.8 ബില്യണ്‍ ഡോളര്‍ അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത 2020ലെ ഒന്നാംപാദത്തെ അപേക്ഷിച്ച് 49.2 ശതമാനം അധികമാണിത്. മാത്രമല്ല ഈ വര്‍ഷം ഒന്നാംപാദത്തിലെ ആദായം 2019 ഒന്നാംപാദത്തെ കടത്തിവെട്ടിയതായും കാംകോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019ലെ ഒന്നാംപാദത്തേക്കാള്‍ 4.4 ശതമാനം അധികാണ് ഈ വര്‍ഷം ഒന്നാംപാദത്തില്‍ കമ്പനികള്‍ നേടിയ ആദായം.[/perfectpullquote]