ഗാര്‍ട്‌നര്‍ റിപ്പോര്‍ട്ട് : ആഗോള ഐടി ചെലവിടല്‍ 6.2 % ഉയരും
1 min readഎന്റര്‍പ്രൈസ് സോഫ്റ്റ്‌വെയറില്‍ ഏറ്റവും ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു
സാന്‍ഫ്രാന്‍സിസ്‌കോ: 2020-ല്‍ മഹാമാരി സൃഷ്ടിച്ച ഇടിവിന് ശേഷം ആഗോള തലത്തിലെ ഐടി ചെലവിടല്‍ 2021-ല്‍ മൊത്തം 3.9 ട്രില്യണ്‍ ഡോളറിലേക്ക് തിരിച്ചെത്തുമെന്ന് ഗാര്‍ട്‌നര്‍ തയാറാക്കിയ റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തേക്കാള്‍ 6.2 ശതമാനം വര്‍ധനയാണിത്. കോവിഡ് 19-ന്റെ പ്രാരംഭ ഘട്ടത്തില്‍ സാങ്കേതികവിദ്യയും സേവനങ്ങളുമാണ് ഏറെ ഗുരുതരാവസ്ഥയിലാണെന്ന് കണക്കാക്കിയത്. അതിനാല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ (സിഐഒകള്‍) ഇവയ്ക്ക് ചെലവിടലില്‍ മുന്‍ഗണന നല്‍കി. ലോകവ്യാപകമായി ഐടി ചെലവിടല്‍ 2020-ല്‍ 3.2 ശതമാനം ഇടിവാണ് പ്രകടമാക്കിയത്.
വിദൂര ജോലി, വിദ്യാഭ്യാസം, പുതിയ സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവ നിറവേറ്റുന്നതിനായി 2020 ല്‍ അഭൂതപൂര്‍വമായ വളര്‍ച്ച ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഉണ്ടായി. ഇത്തരത്തില്‍ സാമൂഹിക അകലവും ലോക്ക്ഡൗണും ഇരുതലയുള്ള വാള്‍ പോലെയായിരുന്നു. ഈ വര്‍ഷത്തെ ചെലവിടല്‍ ഉയരുന്നതിനും ഇത് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ”സിഐഒമാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനത്തിനായി ബാലന്‍സിംഗ് ആക്റ്റ് ഉണ്ട് – പണം ലാഭിക്കുകയും ഐടി വിപുലീകരിക്കുകയും ചെയ്യുക,” ഗാര്‍ട്‌നറിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് ജോണ്‍-ഡേവിഡ് ലൗലോക്ക് പ്രസ്താവനയില്‍ പറഞ്ഞു.
‘സമ്പദ്വ്യവസ്ഥ വീണ്ടെടുപ്പ് നടത്തുന്നതോടെ, കമ്പനികള്‍ അവരുടെ നിലവിലെ വരുമാന നിലവാരത്തെ കണക്കാക്കിയല്ല, വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് അനുസൃതമായ രീതിയിലാണ് ഐടിയില്‍ നിക്ഷേപം നടത്തുന്നത്. ഹ്രസ്വകാലയളവില്‍ കൂടുതല്‍ മൂല്യത്തിലേക്ക് നയിക്കുന്ന ഡിജിറ്റല്‍ ബിസിനസ്സിന് കൂടുതല്‍ ചെലവിടല്‍ ഉണ്ടാകും. എല്ലാ ഐടി ചെലവിടല്‍ വിഭാഗങ്ങളും 2021-ല്‍ വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് ഗാര്‍ട്‌നര്‍ പ്രവചിക്കുന്നു.
എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയറില്‍ ഏറ്റവും ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു – വര്‍ക്ക് ഫ്രം ഹോം സാഹചര്യങ്ങള്‍ വികസിക്കുന്നതിനാല്‍ 8.8 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഡിവൈസ് വിഭാഗത്തില്‍ 8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷവും പല രാജ്യങ്ങളും വിദൂര വിദ്യാഭ്യാസ നയം തുടരുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലെറ്റുകളും ലാപ്ടോപ്പുകളും കൂടുതലായി വേണ്ടിവരുന്നതും ഈ പ്രവണതയെ വളര്‍ത്തും.
ഗാര്‍ട്ട്‌നര്‍ പ്രവചിച്ചതനുസരിച്ച് വിദൂര ജോലികളുമായി ബന്ധപ്പെട്ട ആഗോള ഐടി ചെലവ് 2021-ല്‍ മൊത്തം 332.9 ബില്യണ്‍ ഡോളറാകും. ഇത് 2020 നെ അപേക്ഷിച്ച് 4.9 ശതമാനം വര്‍ധനവാണ്. ആഗോള തലത്തില്‍ 2019ലെ ചെലവിടല്‍ തലത്തിലേക്ക് തിരികെയെത്തുന്നത്് 2022 വരെ സംഭവിക്കില്ല. എന്നിരുന്നാലും പല രാജ്യങ്ങളും നേരത്തെ വീണ്ടെടുക്കല്‍ സാധ്യമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.