ഫ്ളിപ്കാര്‍ടില്‍ ഇനി മുതല്‍ മലയാളവും
1 min readകൊച്ചി : ഫ്ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോം ഇനിമുതല്‍ മലയാളത്തിലും. പ്രാദേശിക വില്‍പ്പനക്കാര്‍ക്കും എംഎസ്എംഇകള്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രാദേശികഭാഷ കൂട്ടിച്ചേര്‍ക്കലിലൂടെ ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഡിസ്പ്ലേ ബാനറുകള്‍ മുതല്‍ കാറ്റഗറി പേജുകള്‍, ഉല്‍പ്പന്ന വിവരണങ്ങള്‍ എന്നിവ വരെ, സ്വാഭാവിക ഭാഷാ അനുഭവം നല്‍കുന്നതിനായി പ്ലാറ്റ്ഫോമില്‍ 5.4 ദശലക്ഷത്തിലധികം പദങ്ങളുടെ വിവര്‍ത്തനവും ലിപ്യന്തരണവും സമന്വയിപ്പിച്ചിരിക്കുന്നു.
ലളിതമായ പദങ്ങളിലൂടെയുള്ള വിവര്‍ത്തനത്തിനൊപ്പം പ്രാദേശിക തലത്തിലും പ്രചാരത്തിലുള്ള ഇഎംഐ, ഡെലിവറി, ഫില്‍ട്ടര്‍, കാര്‍ട്ട്, ഒടിപി തുടങ്ങിയ പദങ്ങളുടെ ലിപ്യന്തരണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഇ-കൊമേഴ്സ് പദാവലികളുമായി പരിചയപ്പെടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു.
മലയാളത്തെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് ഫ്ളിപ്കാര്‍ട്ടിലെ സീനിയര്‍ വൈസ് പ്രസിഡന്‍റും ചീഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറുമായ രജനീഷ് കുമാര്‍ പറഞ്ഞു.
അടുത്ത 200 ദശലക്ഷം ഉപഭോക്താക്കളെ ഇ-കൊമേഴ്സുമായി ബന്ധിപ്പിക്കാന്‍ പ്രാദേശികമായി വികസിപ്പിച്ച ഭാഷാ പരിഹാരങ്ങള്‍ ലഭ്യമാക്കുകയെന്ന ഫ്ളിപ്കാര്‍ട്ടിന്‍റെ ലക്ഷ്യത്തിന് അനുസൃതമായാണ് മലയാളം അവതരിപ്പിച്ചിരിക്കുന്നത്. മലയാളം കൂട്ടിച്ചേര്‍ത്തതോടെ 1.5 വര്‍ഷത്തിനിടെ ഫ്ളിപ്കാര്‍ട്ട് ആപ്ലിക്കേഷന്‍ ലഭ്യമാകുന്നത് ഇന്ത്യന്‍ ഭാഷകളുടെ എണ്ണം 11 ആയി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി, ഒഡിയ, ആസാമീസ്, പഞ്ചാബി എന്നിവയാണ് മറ്റുള്ള ഭാഷകള്‍.