Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹ്യുണ്ടായ് അല്‍ക്കസര്‍ രേഖാചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായ് ക്രെറ്റയുടെ 7 സീറ്റര്‍ വകഭേദമാണ് ഹ്യുണ്ടായ് അല്‍ക്കസര്‍  

ന്യൂഡെല്‍ഹി: വരാനിരിക്കുന്ന അല്‍ക്കസര്‍ എസ്‌യുവിയുടെ ഡിസൈന്‍ സംബന്ധിച്ച രേഖാചിത്രങ്ങള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ഹ്യുണ്ടായ് ക്രെറ്റയുടെ 7 സീറ്റര്‍ വകഭേദമാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ ലുക്ക് സംബന്ധിച്ച സൂചന തരുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ട രേഖാചിത്രങ്ങള്‍. മുന്‍ഭാഗം മുതല്‍ സി പില്ലര്‍ വരെ ക്രെറ്റയുമായി വളരെ സാമ്യമുള്ളതാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. എന്നാല്‍ പിന്‍വശം, റിയര്‍ ക്വാര്‍ട്ടര്‍ ഭാഗം എന്നിവിടങ്ങള്‍ ക്രെറ്റയുമായി വളരെ വ്യത്യാസമുള്ളതായി കാണാം.

വീല്‍ബേസിന് തീര്‍ച്ചയായും നീളം കൂടുതലായിരിക്കും. പിറകിലെ ഓവര്‍ഹാംഗ് ചെറുതായി. ബൂട്ട് ഗേറ്റിന് പുതിയ ഡിസൈന്‍, പുതുതായി റാപ്പ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍ എന്നിവ നല്‍കിയതോടെ പിന്‍ഭാഗം പൂര്‍ണമായും പുതിയതാണ്. അതായത്, ക്രെറ്റയുമായി പിന്‍ഭാഗം താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. പിറകിലെ ബംപറില്‍ തടിച്ച സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്നു. ഇതോടെ, ഡിസൈന്‍ ഭാഷ അനുസരിച്ച് കൂടുതല്‍ കായബലമുള്ളവനാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ അല്‍പ്പം നിവര്‍ന്നതായി കാണാം. ഹ്യുണ്ടായ് വെന്യൂവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അലോയ് വീലുകളുടെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ഉപയോഗിക്കുന്നത് 17 ഇഞ്ച് അലോയ് വീലുകളായിരിക്കുമെന്നാണ് പ്രതീക്ഷ. അളവുകളുടെ കണക്കെടുത്താല്‍, ഹ്യുണ്ടായ് ക്രെറ്റയേക്കാള്‍ 30 എംഎം നീളം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീല്‍ബേസിന് 20 എംഎം നീളം വര്‍ധിക്കും.

ആറ്, ഏഴ് സീറ്റിംഗ് ഓപ്ഷനുകളില്‍ മൂന്നുനിര സീറ്റുകളോടുകൂടിയ എസ്‌യുവി വിപണിയിലെത്തും. 6 സീറ്റര്‍ വേര്‍ഷനിലെ രണ്ടാമത്തെ നിരയില്‍ നടുവില്‍ ആംറെസ്റ്റ് സഹിതം ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും. 7 സീറ്റര്‍ വേര്‍ഷനിലെ മധ്യ നിരയില്‍ 60:40 സ്പ്ലിറ്റ് അനുപാതത്തോടെ ബെഞ്ച് സീറ്റ് നല്‍കും. വാഹനത്തികത്തെ അവശേഷിക്കുന്ന രൂപകല്‍പ്പന ക്രെറ്റയില്‍ കണ്ടതുതന്നെയായിരിക്കും. ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ ടെക് സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, 360 ഡിഗ്രി കാമറ, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ ഫീച്ചറുകളായിരിക്കും.

ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവിയുടെ അതേ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളോടെ പുതിയ വല്യേട്ടനായ ഹ്യുണ്ടായ് അല്‍ക്കസര്‍ വിപണിയിലെത്തും. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ജിഡിഐ ടര്‍ബോ പെട്രോള്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി എന്നിവയായിരിക്കും എതിരാളികള്‍.

Maintained By : Studio3